വാക്‌സിനുകളുടെ കച്ചവടവത്കരണത്തിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കുന്ന തീരുമാനം; മോഡി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നു: മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2021, 02:58 PM | 0 min read

കൊച്ചി > കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍ നിന്നും നേരിട്ട് വാങ്ങുവാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം കരിഞ്ചന്തയ്ക്കും വാക്‌സിനുകളുടെ കച്ചവടവത്കരണത്തിനും വഴിവെക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ പോലും നിര്‍ബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുകയാണ് പ്രധാനമന്ത്രിയെന്നും റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

' നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വേണ്ടി ആരാണ്?
നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍, നിങ്ങള്‍ പിന്നെ എന്തിനാണ്?
ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? '

മഹാമാരിയുടെ സമയത്ത് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളോട് റാബിഹില്ലലിന്റെ പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.

കോവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുമ്പോള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈയൊഴിയുകയാണ് കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാര്‍. ഓക്‌സിജന്‍ പോലും ലഭിക്കാതെ ആയിരക്കണക്കായ മനുഷ്യര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചു വീഴുകയാണ്. ഗുജാറത്തിലും ഉത്തര്‍പ്രദേശിലും ശ്മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞതു കാരണം ഫുട്പാത്തുകളില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥിതിയാണ്.

ഇപ്പോള്‍ വാക്‌സിനുകള്‍ വിപണിയില്‍ നിന്നും നേരിട്ട് വാങ്ങുവാനാണ് സംസ്ഥാനങ്ങളോട് ശ്രീ മോദി ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവന്‍രക്ഷാ വാക്‌സിനുകളുടെ കച്ചവടവത്ക്കരണത്തിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കുന്ന തീരുമാനമാണിത്. കൂടാതെ താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ പോലും നിര്‍ബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുകയാണ്
ശ്രീ നരേന്ദ്ര മോദി.

സാര്‍വ്വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ പരിപാടി രാജ്യം മുഴുവന്‍ നടപ്പില്‍ വരുത്താന്‍ മുന്‍ കൈയ്യെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്.

 

" നിങ്ങൾ നിങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ആരാണ്? നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രമാണെങ്കിൽ, നിങ്ങൾ...

Posted by P A Muhammad Riyas on Wednesday, 21 April 2021


deshabhimani section

Related News

View More
0 comments
Sort by

Home