ഫയാസിന്റെ വരികൾ മില്‍മയ്ക്ക് 'ശര്യായ'തില്‍ ആഹ്ലാദം പങ്കിട്ട് 'കണികണ്ടുണരുന്ന നന്മ'യുടെ എഴുത്തുകാരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2020, 11:56 PM | 0 min read

കൊച്ചി> ഫയാസിന്റെ വരികൾ നിഷ്‌പ്രഭമാക്കിയത് താൻ വർഷങ്ങൾക്ക് മുൻപ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണെന്നും, എന്നാലും സന്തോഷമെന്നും മലയാളിയായ പ്രശസ്ത ഇന്തോ- ഇംഗ്ലീഷ് എഴുത്തുകാരന്‍ അനീസ് സലീം.

“ഫയാസിന്റെ വരികൾ നിഷ്‌പ്രഭമാക്കിയത് ഞാൻ വർഷങ്ങൾക്ക് മുൻപ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം.”- അനീസ് സലീം ഫേസ്ബുക്കിൽ കുറിച്ചു.

‘മില്‍മ, കേരളം കണികണ്ടുണരുന്ന നന്മ’ എന്ന ഏറെ പ്രചാരം നേടിയ പരസ്യ വാചകം അനീസ് സലിമിന്റെയാണ്. പരസ്യകമ്പനിയില്‍ കോപ്പി റൈറ്റര്‍ കൂടിയാണ് അനീസ്‌ സലിം. 2013ലെ മികച്ച നോവലിനുള്ള 'ദ് ഹിന്ദു' പുരസ്ക്കാരം നേടിയ 'വാനിറ്റി ബാഗിന്റെ രചയിതാവായ അനീസിന്റെ ''ദി ബ്ലൈൻഡ് ലേഡീസ് ഡിസിഡെന്റ്‌സ്' എന്ന കൃതിക്ക് ഇംഗ്ലീഷ് ഭാഷയിലെ മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും  ലഭിച്ചു.

നിഷ്‌കളങ്കമായ വാക്കുകൾ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസിന്റെ 'ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല... ' എന്ന മാസ് ഡയലോഗ് മിൽമ അതിന്റെ പരസ്യ വാചകമായി കടമെടുത്തിത്. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!’; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം.ഇതിന് പ്രതിഫലമായി ആൻഡ്രോയിഡ് ടിവിയും 10,000 രൂപയും മിൽമ ഉൽപ്പന്നങ്ങളുമായി അധികൃതർ ഫയാസിന്റെ വീട്ടിലെത്തിയിരുന്നു.

സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീടിന്‌ സമീപത്തെ നിർധന യുവതിയുടെ നിക്കാഹിനും നൽകുമെന്ന് അറിയിച്ചു.




ഓൺലൈൻ പഠന ക്ലാസുകളെ പിന്തുടർന്ന് കടലാസിൽ പൂക്കൾ നിർമിക്കുന്ന ഫയാസിന്റെ വീഡിയോയാണ് വൈറലായത്. മലപ്പുറം ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. പേപ്പർ മടക്കി പെൻസിൽകൊണ്ട് വരച്ച് കത്രികകൊണ്ട് പൂവ് വെട്ടിയുണ്ടാക്കുന്നതാണ് വീഡിയോ. എന്നാൽ, അവസാനം പേപ്പർ നിവർത്തുമ്പോൾ പൂവിന്റെ രൂപം കിട്ടുന്നില്ല. ഒട്ടും പതറാതെ ''ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ'' എന്ന് പറഞ്ഞ് തടിയൂരുകയാണ് ഫയാസ്. ഒട്ടും പതറാത്ത ഈ രംഗമാണ് വൈറലായത്. ഇതിൽ നിന്നുള്ള വാക്കുകൾ കടമെടുത്താണ് മിൽമ പരസ്യ വാചകമാക്കിയത്. സംഗതി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഫയാസിന് പ്രതിഫലം നൽകണമെന്ന ആവശ്യവും ഉയർന്നു. തുടർന്നാണ് മിൽമ അധികൃതർ ഫയാസിന്റെ വീട്ടിൽ നേരിട്ടെത്തി സമ്മാനങ്ങൾ കൈമാറിയത്. 

 



deshabhimani section

Related News

View More
0 comments
Sort by

Home