'എണ്ണത്തിൽ അമ്പരക്കേണ്ട: പക്ഷേ ശ്രദ്ധ ഒട്ടും കുറയരുത്'...ഡോ ജിനേഷ് പി എസ് എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2020, 06:54 PM | 0 min read

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വര്‍ധനവില്‍ പരിഭ്രമിക്കേണ്ടതില്ലെന്നു ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മയുടെ ഭാഗമായ ഡോ. ജിനേഷ് പി എസ് എഴുതുന്നു. ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്:

എണ്ണത്തിൽ അമ്പരക്കേണ്ട കാര്യമില്ല. ആയിരക്കണക്കിന് പേർ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇനി പതിനായിരക്കണക്കിന് പേർ വരാനുമുണ്ട്.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വരുമ്പോൾ ഇനിയും കേസുകൾ കൂടും എന്നു തന്നെ മനസ്സിൽ കരുതണം. ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് കരുതി തന്നെയാണ് നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കണമെന്ന നിർദേശമുണ്ടായത്.

അതുകൊണ്ട് ഓരോ ദിവസവും വരുന്ന കേസുകളുടെ എണ്ണത്തിൽ പരിഭ്രമിക്കേണ്ട കാര്യമില്ല.

പക്ഷേ, ശ്രദ്ധിക്കാനുള്ളത് നമ്മൾ ശ്രദ്ധിക്കണം.

വന്നവർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്വാറന്റൈൻ തന്നെയാണ്. ഏതെങ്കിലും സാഹചര്യവശാൽ എനിക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ അത് മറ്റൊരാൾക്ക് പകർന്നുനൽകരുത് എന്നതാണ് ഞാൻ ശ്രദ്ധിക്കേണ്ടത്. അതായത് ഞാൻ നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കണം.

രണ്ടാമത് ശ്രദ്ധിക്കേണ്ടത് ജനങ്ങൾ ഒരോരുത്തരുമാണ്. ശാരീരിക അകലമാണ് പ്രധാനം, ഒന്നര മീറ്ററിൽ കൂടുതൽ അകലം. കൈകൾ കഴുകുകയും പ്രധാനം. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുകയും പ്രധാനം. മാസ്ക് ധരിക്കാം. പക്ഷേ, കഴുത്തിൽ ധരിച്ചിട്ട് കാര്യമില്ല. മാസ്ക് ധരിച്ചു എന്നതുകൊണ്ട് ശാരീരിക അകലവും കൈകൾ കഴുകുന്നതും മറക്കാൻ പാടില്ല. കാരണം മറ്റു രണ്ടുമാണ് കൂടുതൽ പ്രധാനം.

ജനുവരിയിൽ കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മിക്കതിലും ആയിരക്കണക്കിന് കേസുകൾ കഴിഞ്ഞിരിക്കുന്നു, ചില സ്ഥലങ്ങളിൽ പതിനായിരങ്ങൾ കടന്നിരിക്കുന്നു. പക്ഷേ നമ്മൾ അന്ന് 500 ൽ ഒതുക്കി. ഇപ്പോൾ അടുത്ത ഘട്ടമായി. കൂടുതൽ ആൾക്കാർ എത്തുന്നത് അനുസരിച്ച് സ്വാഭാവികമായും കേസുകൾ കൂടും. അതിൽ ആശങ്ക വേണ്ട. കാരണം മുൻപ് പിടിച്ചുനിന്ന നമ്മൾ ഇനിയും പിടിച്ചുനിന്നിരിക്കും. നമുക്ക് അതിനു സാധിക്കും.

ഈ വരുന്നവരോട് അകൽച്ചയും വിരോധവും വേണ്ട. അവരും നമ്മൾ തന്നെയാണ്. ഒരുമിച്ചു തന്നെ നമ്മൾ നേരിടും, കരകയറും.



deshabhimani section

Related News

View More
0 comments
Sort by

Home