'കോവിഡ് കാലം കേരളത്തിലായത് അനുഗ്രഹമായി'; വിദേശ ഫുട്‌ബോൾ പരിശീലകന്റെ കുറിപ്പ് വൈറൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 12, 2020, 04:20 PM | 0 min read

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള മാതൃകയെ പ്രശംസിച്ച്  വിദേശ ഫുട്‌ബോൾ പരിശീലകൻ. പട്ടാമ്പിയിൽ ഫുട്‌ബോൾ പരിശീലകനായി എത്തിയ ദിമിതർ പന്തേവ് ആണ് തന്റെ അനുഭവം ഫെയ്‌‌സ്‌ബുക്ക് കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പേരെടുത്ത് പരാമർശിച്ചാണ് ദിമിതർ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഏറ്റവും മികച്ച കാര്യക്ഷമതയോടെ ഈ ദുരന്തത്തിനെ സർക്കാർ നേരിട്ട് കൊണ്ടിരിക്കുന്നതിന് സാക്ഷിയാവാൻ സാധിച്ചതിലും, കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതക്കും അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിനും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ഫെയ്‌‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

ദിമിതർ പന്തേവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്- പൂർണ്ണ മലയാള രൂപം

പലസ്തീനിലെ ഹെബ്രൂണിലെ അൽ ജമായ ക്ലബ്ബുമായുള്ള എന്റെ കോച്ചിംഗ് കരാർ പൂർത്തിയാക്കി ഞാൻ എന്റെ ജന്മനാടായ ബൾഗേറിയയിലെ വർണയിൽ 2019ലെ ക്രിസ്തുമസ്-പുതുവത്സര ദിനങ്ങൾ ആഘോഷിക്കുകയായിരുന്നു.
അപ്പോഴാണ് മുൻ യു എ ഇ അന്താരാഷ്ട്ര ഫുട്‌ബോൾ കളിക്കാരനായ ബഹു:ഹസ്സൻ അലി ഇബ്രാഹിം അൽ ബലൂഷിയുടെ നേതൃത്വത്തിൽ, വിവിധ ഫുട്‌ബോൾ ടൂർണമെന്റുകളും പ്രവർത്തനങ്ങളും നടത്തുന്ന, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  H 16 Sports Services നെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി ദുബായിലുള്ള എന്റെ സുഹൃത്തുക്കളുടെ (റിയാസ് കാസിം, യൂസഫ് അലി ) ഫോൺ കാൾ ലഭിക്കുന്നത്. ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരതയും അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ, ഫുട്‌ബോൾ കോച്ചിംഗിന്റെ സേവന നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഫുട്‌ബോൾ ട്രെയിനിങ് സെന്റർ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു അവർ വിളിച്ചത്.

കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് വേണ്ടി മികച്ച രീതിയിലുള്ള പ്രൊഫഷണൽ പരിശീലന കേന്ദ്രവും, അതോടൊപ്പം നൈപുണ്യം വികസിപ്പിക്കാനുള്ള പ്രചോദനവും നൽകുന്നതിന് അവർ എന്റെ വൈദഗ്ദ്ധ്യം അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് വേണ്ടി ഏറെ അഭിമാനത്തോടെ തന്നെ H16 Sports Services ഉം ആയി ഈ സദുദ്ദേശത്തിന് വേണ്ടി ഞാൻ എന്റെ ചുമതല ഏറ്റെടുത്തു.

അങ്ങനെ, 2020 മാർച്ച് 4ന് ഞാൻ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുകയും, എന്റെ പുതിയ സുഹൃത്തുക്കളായ വാവ യുടെയും, കുഞ്ഞാനുവിന്റെയും കൂടെ താമസ സ്ഥലത്തേക്ക് പോകുകയും അടുത്തുള്ള ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

എനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ആതിഥ്യമര്യാദയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകളില്ല. അതിലുപരി, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു കേരളത്തിന്റെ പ്രകൃതി ഭംഗി.

അങ്ങനെ ഇരിക്കെ ആണ്, കൊറോണ വൈറസ് ഒരു പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുകയും, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും മറ്റ് ലോകരാഷ്ട്രങ്ങളോടൊപ്പം ഈ വൈറസ് പടരുന്നത് നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുന്നത്. എന്നാൽ ഈ അവസ്ഥയിൽ ഒരു ഘട്ടത്തിൽ പോലും ഞാൻ നാട്ടിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ച് ആശങ്കപ്പെട്ടിട്ടില്ല. കാരണം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മുന്നിൽ നിന്നുകൊണ്ട് ദുരന്തനിവാരണത്തിന് വേണ്ടി പ്രവർത്തിക്കുന്നത് എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഏറ്റവും മികച്ച കാര്യക്ഷമതയോടെ ഈ ദുരന്തത്തിനെ അവർ നേരിട്ട് കൊണ്ടിരിക്കുന്നതിന് സാക്ഷിയാവാൻ സാധിച്ചതിലും അവരുടെ കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതക്കും അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിനും എനിക്ക് അതിയായ സന്തോഷമുണ്ട്.

പട്ടാമ്പിയിൽ ക്വാറന്റൈൻ പ്രാബല്യത്തിൽ വന്നത് മുതൽ മുതുതല ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ ദാസും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും എല്ലാ ദിവസവും എന്നെ ഫോണിലൂടെ ബന്ധപ്പെടുകയും സുരക്ഷ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു. ഒരു വിദേശി എന്ന നിലയ്ക്ക് എന്റെ ക്ഷേമത്തിന് വേണ്ടി സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രത്യേക താല്പര്യം എടുത്തിരുന്ന മറ്റൊരു വ്യക്തിയാണ് പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഓഫീസർ ആയ മോഹനകൃഷ്ണൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, കേരള പോലീസ്, സ്‌പെഷ്യൽ ബ്രാഞ്ച്).

ഈ കൊറോണ വൈറസ് എന്ന മഹാമാരി യൂറോപ്പിൽ സൃഷ്ടിച്ച ദുരന്തത്തിനെ പറ്റി ആലോചിക്കുമ്പോൾ ഈ അവസരത്തിൽ കേരളത്തിൽ ആയതിൽ ഞാൻ ശരിക്കും ഭാഗ്യവാൻ ആണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവരെ നേരിൽ കണ്ട് എന്റെയും കുടുംബത്തിന്റെയും നന്ദിയും ആശംസകളും അറിയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെയും പ്രാദേശിക ഫുട്ബാൾ ഗ്രൂപ്പുകളുടെയും ദയയ്ക്കും നല്ല മനസ്സിനും ഞാനെന്നും കടപ്പെട്ടിരിക്കും.


 



deshabhimani section

Related News

View More
0 comments
Sort by

Home