"ഭീകരന്‍ കപ്പലില്‍ തന്നെ?'; ദവീന്ദര്‍സിങ്ങിന്റെ അറസ്റ്റില്‍ ബിജെപിയുടെ മൗനത്തിനെതിരെ ഏഴ് ചോദ്യങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 14, 2020, 03:23 PM | 0 min read

കൊച്ചി > ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്‌പി പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ എം നേതാവ് എം ബി രാജേഷ്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ പരാമര്‍ശിച്ചിരുന്ന ദവീന്ദര്‍സിങ്ങിനെയാണ് ഭീകരര്‍ക്കൊപ്പം പിടികൂടിയത്. എന്നാല്‍ ഈ സംഭവത്തെ 'രാജ്യസ്‌നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലെന്ന് എം ബി രാജേഷ് ആരോപിച്ചു. ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്ത് ഭീകരര്‍ അവരുടെ നിതാന്ത ശത്രുക്കളായ 'രാജ്യസ്‌നേഹി'കളുടെ രക്ഷക്കെത്തുന്നത് എങ്ങിനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.  തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന ഡല്‍ഹിയിലെ ചാണക്യനും കര്‍ട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഈ സംഭവത്തില്‍ മറുപടി പറയണം. ദവീന്ദര്‍സിങ്ങിനെ കുറിച്ച് മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും ഏഴ് ചോദ്യങ്ങളും എം ബി രാജേഷ് ഫെയ്‌‌‌സ്‌‌ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്‌‌സ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു യഥാര്‍ത്ഥ ' രാജ്യസ്‌നേഹി' കാശ്മീരില്‍ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്‌നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദര്‍ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി മെഡല്‍ മാറിലണിയിച്ച് ആദരിച്ചവനാണ്. കൊടുംഭീകരരെ ആര്‍മി കന്റോണ്‍മെന്റിനോട് അതിര്‍ത്തി പങ്കിടുന്ന സ്വന്തം വീട്ടില്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച്, അതിനു ശേഷം അവരേയും കൂട്ടി ഡല്‍ഹിക്ക് കാറില്‍ സഞ്ചരിക്കുന്ന 'വിശിഷ്ട സേവന 'ത്തിനിടയിലാണ് യാദൃഛികമായി പിടിയിലാവുന്നത്.

ലക്ഷ്യം റിപ്പബ്ലിക്ക് ദിനമായിരുന്നിരിക്കണം. 'വിശിഷ്ട സേവന 'ത്തില്‍ മുന്‍പരിചയമുണ്ട് ഈ വമ്പന്‍ സ്രാവിന്. പാര്‍ലിമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടത് അന്ന് DySP യായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു.

കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍ നടന്ന പാര്‍ലിമെന്റ് ആക്രമണം ആര്‍ക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തിലുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ ബമ്പര്‍ ലോട്ടറിയടിച്ചവാരെന്നും ആര്‍ക്കാണറിയാത്തത്? ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്ത് ഭീകരര്‍ അവരുടെ നിതാന്ത ശത്രുക്കളായ 'രാജ്യസ്‌നേഹി' കളുടെ രക്ഷക്കെത്തുന്നത് എങ്ങിനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ അത്ഭുതത്തിനു പകരം ചില ചോദ്യങ്ങളാണുയരുന്നത്. ഉത്തരം പറയാന്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡല്‍ഹിയിലെ ചാണക്യനും കര്‍ട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം. വായും പൂട്ടി ഇരിക്കാതെ സമാധാനം പറയാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. സിപിഐ എം ഈ ആവശ്യം ഉയര്‍ത്തിയിട്ടുമുണ്ട്.

1. പാര്‍ലിമെന്റ് ആക്രമണ കേസില്‍ ആരോപണ വിധേയനായിട്ടും സംരക്ഷണവും പിന്നെ പ്രൊമോഷനും അതും പോരാതെ രാഷ്ട്രപതിയുടെ മെഡലും കിട്ടിയത് എങ്ങിനെ? ഇതെല്ലാം എന്തിനുളള ഉപകാരസ്മരണയായിരുന്നു?
2. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പങ്കിനെക്കുറിച്ച് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം വാജ്‌പേയ് സര്‍ക്കാര്‍ അന്വേഷിക്കാതിരുന്ന അസാധാരണ നടപടിക്ക് എന്തുണ്ട് വിശദീകരണം?
3. ഭീകരരെ ആര്‍മി കന്റോണ്‍മെന്റിനോട് ചേര്‍ന്ന അതീവ സുരക്ഷാ മേഖലയിലെ തന്റെ ഔദ്യോഗിക വസതിയില്‍ താമസിപ്പിക്കാന്‍ ധൈര്യം കിട്ടിയതെങ്ങിനെ?ഏത് ഉന്നതന്റെ പിന്‍ബലമാണയാള്‍ക്കുള്ളത്?
4. കൊടുംഭീകരര്‍ അതീവ സുരക്ഷാ മേഖലയില്‍ ഒരു ദിവസം താമസിച്ചിട്ടും അറിയാത്ത ഇന്റലിജന്‍സ് വീഴ്ചയും സുരക്ഷാവീഴ്ചയും യാദൃഛികമെന്ന് വിശ്വസിക്കണോ?
5. പുല്‍വാമ യിലും അതിനു മുമ്പു നടന്ന ഭീകരാക്രമണഞളിലുമെല്ലാം ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ സുരക്ഷിതമായി സൗകര്യം ഒരുക്കി കൊടുത്തതിലും ദേവീന്ദറിന് പങ്കുണ്ടോ?
6. പാര്‍ലിമെന്റ് ആക്രമണത്തിലെ പോലെ പത്താന്‍ കോട്ട് ,പുല്‍വാമ ഭീകരാക്രമണങ്ങളിലും ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാതെ പോയത് എന്തുകൊണ്ട്?
7. ഉറിയിലെ സൈനിക ക്യാമ്പിലേക്കും പുല്‍വാമ യിലെ ജവാന്‍മാരുടെ കോണ്‍വോയിലേക്കും എല്ലാ സുരക്ഷയും മറികടന്ന് ഭീകരര്‍ക്ക് എത്താനായത് ആരുടെ സഹായത്തിലാണെന്നറിയാന്‍ 'രാജ്യസ്‌നേഹി' സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാണിക്കാത്തത് എന്തുകൊണ്ടാവും?

ഭീകരാക്രമണങ്ങള്‍ രാഷ്ട്രീയ മൂലധനമാക്കുന്നതില്‍ വ്യഗ്രത കാണിക്കുന്ന ചിലരുടെ ഇപ്പോഴത്തെ നിസ്സംഗത കാണുമ്പോള്‍ കള്ളന്‍/ഭീകരന്‍ കപ്പലില്‍ തന്നെ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ.

 



deshabhimani section

Related News

View More
0 comments
Sort by

Home