'കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നു'; സാമുവേല്‍ ഫിലിപ്പ് മാത്യു എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 25, 2019, 01:06 PM | 0 min read

കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയില്‍ അംഗമായിരിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

അതില്‍ ഇത്ര അഭിമാനിക്കാന്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും. ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ വളരെയധികം ഉണ്ട് എന്ന് ഞാന്‍ മറുപടി പറയും.

ഞാന്‍ വളര്‍ന്നു വന്ന സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത്; ഒരു പള്ളീലച്ചന്റെ മകനായി, കൃത്യമായ ക്രൈസ്തവ ശിക്ഷണത്തില്‍ - വൈദീക സെമിനാരികളില്‍ വളര്‍ന്നും, സണ്‍ഡേ സ്‌കൂള്‍ പരീക്ഷകളില്‍ ഒന്നാമതെത്തിയും, അതിലെ മത്സരങ്ങളില്‍ തിളങ്ങിയും, ഒരു കാലത്ത് യുവജന പ്രസ്ഥാനങ്ങളില്‍ നേതാവായിരുന്നും - ഞാന്‍ ഒരു പള്ളീലച്ചന്‍ ആകുമെന്നായിരുന്നു പലരും കരുതിയത്. ഞാനും അങ്ങനെ കരുതാതിരുന്നിട്ടില്ല. പള്ളികളില്‍ ഇടതുപക്ഷ സ്വഭാവമുള്ള നിരവധിയാളുകള്‍ ഉണ്ട്, സ്ഥിതിസമത്വവാദക്കാരും, പുരോഗമന ചിന്താഗതിക്കാരും, മതനിരപേക്ഷ സ്വഭാവമുള്ളവരും ഒക്കെയുണ്ട്. എന്നാല്‍, കമ്മ്യൂണിസ്‌ററ് പാര്‍ട്ടി അംഗങ്ങള്‍ വിരളമാണ്. ഏതായാലും ഞാന്‍ വളര്‍ന്നു വന്ന സഭയില്‍ പള്ളീലച്ചന്റെ മകനായിരുന്ന ഞാനല്ലാതെ വേറെ ആരെങ്കിലും ഈ വഴിയിലേക്ക് തിരിഞ്ഞതായി എനിക്കറിവില്ല. അതുകൊണ്ടുതന്നെ, സ്വാഭാവികമായും, ഞാനൊരു കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയില്‍ അംഗമായി എന്നത് പലരെയും ആശ്ചര്യപ്പെടുത്തി.

'ദൈവ വിശ്വാസമില്ലാത്ത ഒരു സംഘടനയുടെ ഭാഗമായിരിക്കാന്‍ നിനക്ക് എങ്ങനെ കഴിയും' എന്നതായിരുന്നു പലരും പലപ്പോഴും എന്നോട് ചോദിക്കുന്നത്. അവരോട് ഞാന്‍ പറയുന്നത് ഇതായിരുന്നു. 'നിങ്ങളുടെ ദൈവ സങ്കല്‍പം എന്താണ് എന്നതല്ല പാര്‍ട്ടിക്ക് വിഷയം, പാര്‍ട്ടി പരിപാടി അംഗീകരിക്കുന്നുണ്ടോ എന്നതാണ്.' എന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തിട്ടുള്ള പലരോടും ഞാന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, 'സംഘ പരിവാരത്തിന് സ്വാധീനമുള്ള ഇടങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്തോറും, കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അവരെ കാര്യക്ഷമമായി ചെറുക്കാന്‍ കഴിയൂ എന്ന് ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നു'. എന്റെ പേര് ഒരു മതത്തിന്റെതെന്ന് അടയാളപ്പെടുത്താവുന്ന ഒന്നായതിനാല്‍, അത് കാരണം എന്റെ വ്യകതിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ, വ്യക്തിയുടെ മത വിശ്വാസം പ്രധാന വിഷയം ആകാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായി. ഈ രാജ്യത്തെ കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും അതിനെക്കുറിച്ചു വ്യക്തത ഉണ്ടായിരുന്നവരാണ്.

കേരളത്തിലേക്കു നോക്കിയാല്‍ മത ന്യൂനപക്ഷങ്ങള്‍ എല്ലായ്‌പ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് എക്കാലവും അകല്‍ച്ച പുലര്‍ത്തിയിരുന്നു. എന്നാല്‍ മത രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ അവിടെ മുമ്പില്‍ നിന്ന് ചെറുക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. ഞാന്‍ മുമ്പ് പഠിച്ചിട്ടുള്ള ജാമിയയില്‍ ബട്‌ലാ ഹൗസ് വെടിവെപ്പുകള്‍ നടന്ന ഘട്ടത്തില്‍, ആളുകള്‍ സ്വതം വീടുകള്‍ക്ക് വെളിയില്‍ പോലും മടിച്ചിരുന്നപ്പോള്‍, കമ്മ്യൂണിസ്റ്റുകളാണ് വീടുവീടാന്തരം - തങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടങ്ങളില്‍ - കയറി ഇറങ്ങി ആളുകള്‍ക്ക് ശക്തി പകര്‍ന്നത്. ഇപ്പോഴാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തന്നെ ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ എത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുമ്പോള്‍, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ആദ്യം അറസ്റ്റിലാവുന്നത്. അറസ്റ്റില്‍ നിന്നിറങ്ങിയപാടെ അവര്‍ സമര മുഖത്തേക്ക് തന്നെ തിരികെ എത്തുകയാണ്.

സ്വത്വവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയെ പിന്തുണക്കുന്നവരും കമ്മ്യൂണിസ്റ്റുകളെ പലപ്പോഴും ആക്രമിക്കുന്നത് അവര്‍ വിവിധ സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍, ഇടതുപക്ഷം ഇതുവരെ ചെയ്തതൊക്കെ നോക്കൂ. ദളിത് മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പട്ടിക ജാതി സംരക്ഷണം നല്‍കണം എന്ന ആവശ്യത്തെ എന്നും അവര്‍ അനുകൂലിച്ചിട്ടുണ്ട്. ആദിവാസികളെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളില്‍ - ഉദ്ദാഹരണത്തിന് വനാവകാശ നിയമം - ആദിവാസി അംഗങ്ങളെക്കാള്‍ ഉപരി പാര്‍ലമെന്റില്‍ ഇടപെട്ടിട്ടുള്ളത് ഇടതുപക്ഷ എംപിമാരാണ്. ദളിതരെ ആദ്യമായി അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിച്ചതും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്.

ആസൂത്രിതമായ അക്രമ സമരങ്ങള്‍ ഉണ്ടായിട്ടുപോലും സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിലും അവര്‍ ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. ഇപ്പോള്‍ ചില നേതാക്കള്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ഘോരം ഘോരം വാദിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടാവും. സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ എവിടെയായിരുന്നു? അതോ, സമത്വം എന്ന ആശയം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പെടുന്നില്ല എന്നാണോ? ഒരു കാര്യത്തില്‍ നമുക്ക് വ്യക്തത ഉണ്ടായിരിക്കണം. ഭരണഘടനയോടൊപ്പം എന്ന് പറയുന്നത് ചില ഘട്ടങ്ങളില്‍ മാത്രം ഉയര്‍ത്താനുള്ള മുദ്രാവാക്യം അല്ല. അങ്ങനെ ചെയ്താല്‍ അത് നമ്മുടെ സമൂഹത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുകയേ ഉള്ളു.

എപ്പോഴൊക്കെ ഇന്ത്യന്‍ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റുകള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായി നിലകൊണ്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ലെഫ്റ്റ് ഫ്രണ്ട് സര്‍ക്കാര്‍ അതിന് ഉത്തമ ഉദാഹരണമാണ്. അങ്ങനെ നിലനില്‍ക്കുന്നത് ഈ രാജ്യം കെട്ടിപ്പടുക്കപ്പെട്ട അടിസ്ഥാന ആശയങ്ങളോടുള്ള കൂറു കൊണ്ടാണ്. നിങ്ങള്‍ക്ക് അവരെ വെറുക്കാം, അവര്‍ക്കെതിരെ ഗൂഡാലോചന ചെയ്യാം, അവരെ തള്ളിപ്പറയാം, എന്നാല്‍ അവര്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കു വേണ്ടി നിലകൊള്ളും. മംഗലാപുരത്ത് തടങ്കലില്‍ കഴിയേണ്ടി വന്ന മാധ്യമപ്രവര്‍ത്തകരെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെയാണ് പ്രതിരോധിച്ചത് എന്ന് നോക്കൂ. അതിന് നേതൃത്വം നല്‍കിയ ആളെ മാധ്യമങ്ങള്‍ എക്കാലവും എങ്ങനെയാണ് ചിത്രീകരിച്ചിട്ടുള്ളത് എന്ന് നമുക്കറിയാം.

ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇതാണ്, ഇതാദ്യമായല്ല നമ്മുടെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തിട്ടുള്ളത്. അത്തരം ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും അതിന്റെ ഗുണഭോക്താക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവര്‍ പോലുമാകണമെന്നില്ല. ഇപ്പോള്‍ പോലും, ഇന്ത്യന്‍ സമൂഹവും രാഷ്ട്രീയവും എത്തിനില്‍ക്കുന്ന സന്ദിഗ്ധ ഘട്ടത്തില്‍ ന്യൂനപക്ഷങ്ങളുടെ മിശിഹാ എന്ന് അവകാശപ്പെടുന്നവരെ എങ്ങും കാണാന്‍ കഴിയുന്നില്ല. എന്നാല്‍, കമ്മ്യൂണിസ്റ്റുകളെ എല്ലായിടത്തും കാണാം.

അതുകൊണ്ട് ഞാന്‍ അവര്‍ത്തിക്കുക്കയാണ്, കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയില്‍ അംഗമായിരിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു

 



deshabhimani section

Related News

View More
0 comments
Sort by

Home