'ജന്മാവകാശത്തെ തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കണം'; പൗരത്വ നിയമത്തിനെതിരെ ദുല്‍ഖര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2019, 12:35 PM | 0 min read

കൊച്ചി < മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശവാണെന്നും അതിനെ തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും നാം ചെറുക്കണമെന്നും ദുല്‍ഖര്‍ ഫെയ്‌‌സ്‌‌ബുക്ക പോസ്റ്റില്‍ കുറിച്ചു. നമ്മുടെ പാരമ്പര്യം അഹിംസയുടേതാണ്. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും നല്ലൊരു ഇന്ത്യക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കണമെന്നും ദുല്‍ഖര്‍ കുറിച്ചു. അതിര്‍വരമ്പുകള്‍ക്കപ്പുറം നമ്മളെ ഇന്ത്യനെന്നാണ് വിളിക്കുന്നത് എന്നെഴുതിയ ചിത്രവും ദുല്‍ഖര്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പൗരത്വ നിയമത്തെ എതിര്‍ത്തും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അമല പോള്‍, പാര്‍വതി തിരുവോത്ത്, രജിഷ വിജയന്‍, നിമിഷ സജയന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ  തോമസ്, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ്, സന്‍ജാനോ ഖാലിദ്,  നടി അനാര്‍ക്കലി, കന്നട നടന്‍ തന്‍ഡവ് റാം,  സംവിധായകരായ അനുരാഗ് കാശ്യപ്, ആഷിഖ് അബു തുടങ്ങി സിനിമാ മേഖലയിലുള്ള നിരവധി പേരാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.

'ഇന്ത്യ തന്റെ തന്തയുടെ വകയല്ല' എന്ന് എഴുതിയ ചിത്രം അമല പോളും ആഷിഖ് അബുവും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് നടന്‍ ടൊവിനോ ഇന്‍സ്റ്റാഗ്രാമിലിട്ട പ്രതിഷേധചിത്രങ്ങളില്‍ കുറിച്ചു.  ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്-- ടൊവിനോ തുടര്‍ന്നു. ഇതേ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ പൃഥ്വിരാജും പ്രതിഷേധം കുറിച്ചു. വിപ്ലവം വീട്ടുമുറ്റത്തെത്തി എന്നും പൃഥ്വിരാജ് എഴുതി. ജാമിയ മിലിയയിലെ പ്രതിഷേധചിത്രത്തിനടിയില്‍ മതേതരത്വം നീണാല്‍ വാഴട്ടെ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. മന്ത്രിമാര്‍ വിദ്യാഭ്യാസരേഖ കാണിക്കാന്‍ മടിക്കുന്ന നാട്ടിലാണ് പാവങ്ങളെ സര്‍ട്ടിഫിക്കറ്റിനായി നിര്‍ബന്ധിക്കുന്നത് എന്ന പോസ്റ്ററാണ് നടി രജിഷ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടത്. 

'ജാമിയക്കൊപ്പം നില്‍ക്കുക' എന്ന ഹാഷ് ടാഗോടെ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വീറ്റ് പാര്‍വതി റീട്വീറ്റ് ചെയ്തു. പൗരത്വഭേദഗതി നിയമം വന്നപ്പോള്‍ത്തന്നെ നടന്‍ സണ്ണി വെയ്ന്‍ പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. അമിത് ഷായെ 'ഹോം മോണ്‍സ്റ്റര്‍' എന്ന് വിശേഷിപ്പിച്ചാണ് നടന്‍ സിദ്ധാര്‍ഥ് വീണ്ടും ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും പൗരത്വ ഭേദഗതി നിയമത്തിനെതിരെ  ശക്തമായി രംഗത്ത് വന്നു. കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണ്. ഈ നിയമം  കുറച്ച് അധികമായി; ഇനി നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.  



deshabhimani section

Related News

View More
0 comments
Sort by

Home