ശ്രീ രമേശ് ചെന്നിത്തല, നിങ്ങൾ എന്തിനാണ് സമരം ചെയ്യുന്നത്?; ആർക്കെങ്കിലും അറിയാമോ?

കലാപം നടത്താനായി കെഎസ്‌യുക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ തുറന്ന കത്ത്. കാരണം പോലും പറയാതെയാണ് തലസ്ഥാനത്ത് സെക്രട്ടറിയറ്റിന് മുന്നിൽ കെഎസ്‌യു കുറച്ച് ദിവസമായി സത്യഗ്രഹസമരം നടത്തുന്നത്. ഇതിനിടെ സത്യഗ്രഹത്തിൽ സഹപ്രവർത്തകരെ കുത്തിയ കെഎസ്‌യു നേതാവ് വരെ പങ്കെടുത്തത് വിവാദമായി.
എ എ റഹീം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്:
ശ്രീ രമേശ് ചെന്നിത്തല,
അധികാരമോഹത്താൽ അന്ധനായത് താങ്കളാണ്. അന്ധരെയും ബധിരരെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടന മാഫിയയുടെ തലവനാണ് താങ്കൾ.
കുറേ കെഎസ്‌യു ക്കാർ, കുറേ യൂത്ത്കോൺഗ്രസുകാർ എന്തിനാണ് സമരം ചെയ്യുന്നത്?എന്തിന് വേണ്ടിയാണ് കലാപം ഉണ്ടാക്കുന്നത്? അവർക്കതറിയില്ല. താങ്കൾക്കും അതറിയില്ല.
ഒരു മുദ്രാവാക്യവും, പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ ലോക ചരിത്രത്തിൽ ആദ്യമായി നിരാഹാര സമരം നടത്തുന്നത് താങ്കളും ഈ നിരാഹാരക്കാരുമാണ്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെതിരായ ക്രിയാത്മകമായ ഒരു വിമർശനവും ഇന്നോളം താങ്കളുയർത്തിയിട്ടില്ല. എങ്ങനെയെങ്കിലും അധികാരത്തിൽ മടങ്ങിയെത്താൻ കഴിയുമോ എന്ന് മാത്രമാണ് താങ്കളുടെ സ്വപ്‍നം. അതിനുള്ള വിഫല ശ്രമമാണ് ഇക്കാണുന്നതൊക്കെ.
അതിനായി, നാലിടത്തു അടിയുണ്ടാക്കണം,നിരാഹാര നാടകം നടത്തണം,എന്നും രാവിലെ നിരാഹാര പന്തലിൽ വന്നിരുന്നു പത്രക്കാരെ കണ്ട് നേതാവ് ചമയണം. ഇതിനൊക്കെയായി, കുറേ ക്രിമിനൽ സംഘങ്ങളെ തലസ്ഥാനത്തു ചെല്ലും ചിലവും കൊടുത്തു പാർപ്പിച്ചിരിക്കുന്നു. ഭിക്ഷാടന മാഫിയയും ഇതുപോലെ തന്നെയാണ്. ഭിക്ഷാടനത്തിനായി കൂലിക്ക് ആളെയിറക്കി വിടുന്ന ഭിക്ഷാടന മാഫിയാ തലവനെ പോലെ താങ്കൾ ഇവരെ തെരുവിൽ ഇറക്കി വിടുന്നു. അടി പൊട്ടണമെന്നും ചോരയൊഴുകണമെന്നും പ്രാർഥിച്ചു 'ഭിക്ഷാടന മുതലാളി' ടിവിയുടെ മുന്നിലിരിക്കും!!.
പിന്നെയൊരു കാര്യം കൂടി,അന്ധരും ബധിരരും അറിഞ്ഞു കൊണ്ട് ഒരു അപരാധവും ചെയ്യില്ല. കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ താങ്കൾ വിയർപ്പൊഴുക്കും പോലെ ഒരു അന്ധനും ബധിരനും ചിന്തിക്കുക പോലുമില്ല. ചോദ്യങ്ങൾക്ക് ഉത്തരം പറയൂ അന്ധരെയും ബധിരരെയും വെറുതേ വിടൂ...








0 comments