അച്ഛനും മുത്തച്ഛനും ചെയ്യാന്‍ കഴിയാതിരുന്നത് തന്നെയാണ് പിണറായി വിജയന്‍ ചെയ്യുന്നത്; ആ അഭിമാനമാണ് ആ ചിരിക്കു പിന്നില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 04, 2019, 06:07 AM | 0 min read

ദിലീഷ് ഇ കെകൊച്ചി > കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പറ്റി ഉയര്‍ന്ന ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയെ കുറിച്ച് ദിലീഷ് ഇ കെ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പിണറായി വിജയന്‍ ഇന്ന് നടത്തിയ പ്രസ്താവന കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു. അദ്ദേഹത്തെ ജാതിപരമായി അതിക്ഷേപിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.

'എന്റെ അച്ഛനും ജേഷ്ഠന്മാരും ചെത്തുതൊഴില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരു ജാതിയില്‍നിന്നാണെന്ന് അവരെന്നേ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിജയന്‍ ഇന്ന തൊഴില്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്നാഗ്രഹിക്കുന്ന ചിലരുണ്ടായിരിക്കും. അച്ഛനും മുത്തച്ഛനും (പിണറായിയുടെ) വന്നാലും ചെയ്യാന്‍ കഴിയില്ല എന്ന് വെല്ലുവിളിക്കുന്ന ചിലരുണ്ട്. ശരിയാണ് അവരുടെ കാലഘട്ടത്തില്‍ പൊതുവായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുമായിരുന്നില്ല. പ്രയാസപ്പെട്ടും (അടിച്ചമര്‍ത്തലുകള്‍ നേരിട്ടും) ജീവിച്ചവരല്ലേ.. അക്കാലം മാറിയല്ലോ. അതൊക്കെ മറിപ്പോയല്ലോ. അതീ പറയുന്നവര്‍ മനസിലാക്കേണ്ടതാണ്.'

അച്ഛനും മുത്തച്ഛനും ചെയ്യാന്‍ കഴിയാതിരുന്നത് തന്നെയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. അതങ്ങനെ തന്നെയാണ് വേണ്ടതും. കാലം മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്. ജാതി പറഞ്ഞു അധിക്ഷേപിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത ഒരെയൊരു വാക്യമാണ് അദ്ദേഹം രണ്ടുവട്ടം പറഞ്ഞത്. '....അക്കാലമൊക്കെ മാറിപ്പോയി' അതങ്ങനെ ചുമ്മാ മാറിയതോന്നുമല്ല. തെങ്ങില്‍ കേറി ചെത്തിയവനും പാടത്തു ചേറിലിറങ്ങി പണിയെടുത്തവനും നിവര്‍ന്നു നിന്ന്, ചോദ്യം ചെയ്തും മര്‍ദനമേറ്റും ജീവന്‍ കൊടുത്തും ഉണ്ടാക്കിയെടുത്ത സ്‌പേസാണ്.

ആ സ്‌പെസാണ് സഖാവ് പിണറായി വിജയനുവേണ്ടി അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ പൂര്‍വാര്‍ജിത സ്വത്തായി നല്‍കിയത്. അതുകൊണ്ട് അദ്ദേഹത്തിനത് അഭിമാനത്തോടെ പറയാം.

ലേലം സിനിമയിലെ എം ജി സോമന്‍ കോപ്പി ചെയ്താല്‍ പിണറായി സഖാവിന്റെയടക്കം തൊഴിലാളി വര്‍ഗത്തിന്റെ മുന്‍തലമുറ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി പോരാടുമ്പോള്‍ ഇപ്പറഞ്ഞ സവര്‍ണ കുലപുരുഷ-ആചാര സംരക്ഷകരുടെയൊക്കെ പ്രചുരപ്പിതാക്കള്‍ തംബ്രാനെ സന്തോഷിപ്പിച്ചു ഭൂമി വളച്ചുകെട്ടി മേടിക്കുന്നതിന്റെ തിരക്കിലായിരുന്നു. പുസ്തകം വായിക്കേണ്ടതില്ല, വീട്ടിലെ അടിയാധാരങ്ങള്‍ എടുത്തൊന്നു നോക്കിയാല്‍ മതി. ഏതുവഴിയില്‍ ഒണ്ടാക്കിയെടുത്ത സ്വത്താണെന്നു കാണാന്‍. കാശുകൊടുത്തു ഭൂമി മേടിക്കുക എന്നൊന്ന് കേരളത്തിലെ ജന്മിവര്‍ഗങ്ങള്‍ക്കിടയില്‍ കേട്ടുകേള്‍വി പോലും ഉണ്ടായിരുന്ന വിഷയമല്ല. എന്നിട്ടിവനൊക്കെയാണ് ഇന്നിപ്പോ ജാതിവാലും കെട്ടിവച്ച് കോരന്‍ തെങ്ങുകയറിയ കഥപറഞ്ഞു പിണറായിയെ അധിക്ഷേപിക്കാന്‍ നടക്കുന്നത്.

ഇത്തിരി നാടകീയമാണ്. എന്നാലും പറയാതെ പോവാന്‍ കഴിയത്തോണ്ടാണ്.,

കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്വല സമര കഥ
അതുപറയുമ്പോള്‍ എന്നുടെ നാടി-
ന്നഭിമാനിക്കാന്‍ വകയില്ലേ. ?

ആ അഭിമാനമാണ് പിണറായി വിജയന്റെ ചിരിക്കു പിന്നില്‍.


അതേ അഭിമാനമാണ് പനയില്‍ നിന്നും വീണുമരിച്ച ചെത്തു തൊഴിലാളി ശങ്കരന്റെ മകന്‍ കൃഷ്ണന്‍ മകന്‍ ദിലീഷിനെക്കൊണ്ട് ഇത്രയൊക്കെ വിളിച്ചു പറയിക്കുന്നതും.

 



deshabhimani section

Related News

View More
0 comments
Sort by

Home