'തലാഖ് ചൊല്ലി ഉപേക്ഷിച്ചാല്‍ ജയിലില്‍, മോഡി ചെയ്‌തപോലെയെങ്കിലോ?'; മുത്തലാഖ് ബില്ലിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സോഷ്യല്‍മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2018, 06:46 AM | 0 min read

കൊച്ചി > വിവേചനവും പരസ്‌പരവിരുദ്ധവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ പാസാക്കിയിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള സിവില്‍ കരാറാണ് നിയമപ്രകാരം വിവാഹമെന്നിരിക്കെ ഈ കരാര്‍ലംഘനത്തിന്റെ പേരില്‍ പുരുഷന് മൂന്ന് വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ വിവേചനപരമെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൈാട്ടിയ പ്രധാന ആരോപണം. ഹിന്ദു, ക്രൈസ്തവ വിവാഹ നിയമങ്ങളില്‍ കരാര്‍ലംഘനത്തിന് ക്രിമിനല്‍ചട്ടപ്രകാരമുള്ള ശിക്ഷയില്ല. അങ്ങനെയെങ്കില്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ഭര്‍ത്താക്കന്മാര്‍ക്കെതിരെയും ക്രിമിനല്‍നടപടികള്‍ സ്വീകരിക്കേണ്ടിവരും.

മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ തന്നെ പറഞ്ഞിട്ടുമില്ല. മുസ്ലീങ്ങളുടെ കാര്യത്തില്‍ മാത്രം കരാര്‍ ലംംഘനത്തിന് പുരുഷന്മാര്‍ക്ക് തടവുശിക്ഷയും ഭാര്യയ്ക്ക് ജീവനാംശം കൊടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ബില്‍ മുസ്ലീം സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ശിക്ഷിക്കുന്നതാണ്. മുസ്ലീം സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കാനെന്ന പേരില്‍ തിരക്കുകൂട്ടുന്ന ബിജെപി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ എതിര്‍ക്കുകയും കലാപം സൃഷ്ടിക്കുകയുമാണ്. വനിതാ സംവരണ ബില്‍ പരിഗണിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല.

എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് സിപിഐ എം മുത്തലാഖിന് അനുകൂലമാണെന്ന കുപ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. സിപിഐ എം മുത്തലാഖിനെ സുപ്രീംകോടതി വിധി വരുന്നതിനും മുന്‍പേ എതിര്‍ത്തിട്ടുള്ളതാണെന്നാതാണ് വസ്തുത. സിപിഐ എം എതിര്‍ത്തത് കേന്ദ്രം പാസാക്കാന്‍ തീരുമാനിച്ച ബില്ലിലെ വ്യവസ്ഥകളെ മാത്രവുമായിരുന്നു. ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്ന നുണപ്രചരണത്തെ തുറന്നുകാട്ടി മിനേഷ് രാമനുണ്ണി എഴുതിയ ഫേസ്‌‌ബുക്ക് പോസ്റ്റ് ചുവടെ.

ഇന്ന് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ സി പി ഐ എം എതിര്‍ത്തിരുന്നു. അതും വെച്ച് വിഷം വമിപ്പിക്കുകയാണു സംഘികള്‍ ഇപ്പോള്‍. മുത്തലാഖ് ചൊല്ലി എന്ന് ആരോപിക്കപ്പെടുന്ന പക്ഷം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന വിധത്തിലാണു ബി ജെ പി സര്‍ക്കാര്‍ നിയമം പാസാക്കിയിരിക്കുന്നത്. കുറ്റാരോപിതനെ ജാമ്യം കിട്ടാത്ത തരത്തില്‍ തടവില്‍ വെക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഒരു നിയമമാണു.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി അനുസരിച്ച് മുത്തലാഖ് ഇപ്പോള്‍ തന്നെ നിയമ വിരുദ്ധമാണു.അതായത് ആരെങ്കിലും തലാഖ് ചൊല്ലിയാല്‍ തന്നെ അത് നിയമപരമായ വിവാഹമോചനമായി പരിഗണിക്കില്ല. സി പി ഐ എം മുത്തലാഖിനെതിരാണു എന്നു സുപ്രീംകോടതി വിധിക്ക് മുന്‍പേ തന്നെ വ്യക്തമാക്കിയതാണു. കോടതി വിധിയെ സ്വാഗതം ചെയ്‌തതുമാണ്‌
(https://cpim.org/pressbriefs/triple-talaq?fbclid=IwAR3wXWMIwkVbTqIK2vVQ2C9Rg2r27iXU1M4rlXGGLrB6Th6IU_UgbKJtU0k) . കോണ്‍ഗ്രസ്, ത്രിണമൂല്‍ , എ ഐ ഡി എം കെ തുടങ്ങി മുഖ്യ പ്രതിപക്ഷ കക്ഷികളൊക്കെ ബില്ലിനെ എതിര്‍ത്തതാണു.

വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് നിയമപരമായി ഒരു കുറ്റമല്ല മറ്റു മത വിഭാഗങ്ങളില്‍. ബീഫ് കൈവശം വെച്ചെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്ന, കഫീല്‍ ഖാന്മാര്‍ അകത്ത് കിടക്കുന്ന, നജീബുമാര്‍ അപ്രത്യക്ഷമാവുന്ന, ഫേക് എന്‍കൗണ്ടറുകളില്‍ മനുഷ്യര്‍ ആവിയാവുന്ന ഇന്ത്യയില്‍ സംഘപരിവാറിന്റെ മൂശയില്‍ വേവുന്ന ഒരു നിയമം എന്തിനാണു എന്നു മനസിലാക്കാനുള്ള രാഷ്ട്രീയ ബോധ്യം ഇടതു പക്ഷത്തിനുണ്ട് . അതുകൊണ്ട് അതും പറഞ്ഞ് വിഷം കലക്കാന്‍ ഇറങ്ങിയവരെ മനസിലാക്കുകതന്നെ വേണം.



deshabhimani section

Related News

View More
0 comments
Sort by

Home