രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മിപ്പിക്കേണ്ട അവസ്ഥ; കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയ പതനത്തില്‍ : സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2018, 05:22 AM | 0 min read

 

കൊച്ചി > കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍.രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എക്ക് തന്നെ സ്വന്തം പാര്‍ട്ടിക്കാരെ ഓര്‍മിപ്പിക്കേണ്ടി വന്നത് മറ്റൊന്നുമല്ല തെളിയിക്കുന്നതെന്നും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ അതിന്റെ അണികളെ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രഭാകരന്‍ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പേജിലാണ്  എന്‍ പ്രഭാകരന്റെ പ്രതികരണം

എന്‍ പ്രഭാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;


കക്ഷിരാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയരുത് എന്നൊരു നിര്‍ദ്ദേശം രണ്ട് വര്‍ഷം മുമ്പ് ഞാന്‍ എനിക്കു തന്നെ നല്‍കിയിരുന്നു.ഇപ്പോഴും ആ നിര്‍ദ്ദേശത്തെ അപ്പാടെ അവഗണിക്കാന്‍  തീരുമാനിച്ചിട്ടില്ല.പക്ഷേ,ഒരു കേവല സാഹിത്യമാന്യനായി ജീവിക്കുന്നതില്‍ മുമ്പെന്ന പോലെ ഇപ്പോഴും എനിക്ക് താല്‍പര്യമില്ല.ശുദ്ധസാഹിത്യം ഓക്കാനമുണ്ടാക്കുന്ന ഒരു സാധനം തന്നെയാണ്.അങ്ങനെ മറ്റൊരാള്‍ക്ക് തോന്നിയേക്കാവുന്ന കൃതികളെയും ഞാന്‍ ചരിത്രവുമായും സാമൂഹ്യാനുഭവങ്ങളുമായും മനുഷ്യപ്രജ്ഞയുടെ പല നേട്ടങ്ങളുമായും ചേര്‍ത്തുവെച്ചു തന്നെയാണ് വായിക്കാറുള്ളത്. ഓ,ഞാന്‍ സാഹിത്യം പറയാനല്ല രാഷ്ട്രീയം പറയാന്‍ തന്നെയാണ് പുറപ്പെട്ടത്.

കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്.രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവെന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ ക്ക് തന്നെ സ്വന്തം പാര്‍ട്ടിക്കാരെ ഓര്‍മിപ്പിക്കേണ്ടി വന്നത് മറ്റൊന്നുമല്ല തെളിയിക്കുന്നത്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ അതിന്റെ അണികളെ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്.ഈ വസ്തുത ശരാശരി ബുദ്ധിയുള്ള ആര്‍ക്കും വളരെ എളുപ്പത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ.ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനസ്സിലാവുന്നുണ്ടാവുമെന്നതില്‍ സംശയിക്കാനേയില്ല.അവരാരും മന്ദബുദ്ധികളല്ലെന്ന കാര്യം അറിയാത്തവരല്ലല്ലോ നമ്മളാരും.പക്ഷേ,ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അവരില്‍ പലരും നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കേ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളായ മുഴുവനാളുകളും അമ്പരക്കുകയും ലജ്ജിച്ചു തലതാഴ്ത്തിപ്പോവുകയും ചെയ്യുന്നുണ്ട്.

സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം തകര്‍ത്ത സംഭവത്തെ കുറിച്ചുള്ള പ്രതികരണത്തില്‍ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പരാജയത്തെപ്പറ്റി പറഞ്ഞ് സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താനാണ് വെമ്പല്‍ കൊണ്ടത്.അതിനിടയില്‍ ആ അക്രമസംഭവത്തെ അപലപിക്കാന്‍ പോലും അദ്ദേഹം മറന്നുപോയി.ബി.ജെ.പിയും സിപി ഐ എമ്മും ചേര്‍ന്ന് സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്നു എന്ന് മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കുന്നതും കേട്ടു.

  യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം സുപ്രീം കോടതിവിധിക്കെതിരെ നിലപാടെടുത്ത് പരസ്യമായി അക്രമപ്രവര്‍ത്തനത്തിനിറങ്ങിയ ബിജെപിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണല്ലോ ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ പ്രസംഗിക്കുന്നത്.ദൈനംദിന രാഷ്ട്രീയത്തില്‍ പലപ്പോഴും ഇങ്ങനെ യഥാര്‍ത്ഥ വസ്തുതയെ പുറകിലേക്ക് തള്ളി തങ്ങളുടെ എതിരാളികളെ കല്ലെറിയാന്‍ പറ്റുന്ന സംഗതികള്‍ തിരഞ്ഞുപിടിക്കുന്ന തന്ത്രം കോണ്‍ഗ്രസ് മാത്രമല്ല മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുള്ളതാണ്.

ഇപ്പോഴത്തേത് പക്ഷേ അത്യന്തം അപകടകരമായ ഒരസാധാരണ സാഹചര്യമാണ്. എല്ലാ നീതിബോധവും കൈവിട്ട് ജനജീവിതത്തെ നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് വലിക്കാനും ജാതി വ്യവസ്ഥയുടെ നെറികേടുകളെല്ലാം അതേപടി തിരിയെ കൊണ്ടുവരാനും രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനും  ബി.ജെ.പി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കാണ് .ഈ ഘട്ടത്തില്‍ പോലും പഴയ അടവുരാഷ്ട്രീയം തന്നെ പയറ്റാന്‍ ശ്രമിക്കുന്നത് ഹീനമാണ്.

 പല കുറ്റാരോപണങ്ങളും സാധ്യമാണെങ്കിലും ഒരു മതേതര ജനാധിപത്യപ്പാര്‍ട്ടിയായി ഇത്രയും കാലം നിലനിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പക്ഷേ,ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തനശൈലിയുമായി
 മുന്നോട്ട് പോവുകയാണെങ്കില്‍  ഇതിനകം ആരംഭിച്ചു കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അതിശക്തമാവാന്‍ ഏറെ താമസമൊന്നുമുണ്ടാവില്ല.ആ ഒഴുക്കിലേക്ക് വേരറ്റു വീഴാന്‍ കാത്തുനില്‍ക്കുന്ന വന്മരങ്ങള്‍ പാര്‍ട്ടിയില്‍ ഒന്നുംരണ്ടുമല്ലെന്ന അറിവ് പല സാധാരണ കോണ്‍ഗ്രസ്സുകാരുടെയും ഉറക്കം കെടുത്തുന്നുണ്ടാവും.

 



deshabhimani section

Related News

View More
0 comments
Sort by

Home