മോഹന്‍ലാല്‍ മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി; സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ, എഎംഎംഎയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മോഹന്‍ലാല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2018, 10:28 AM | 0 min read

തിരുവനന്തപുരം > എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മോഹന്‍ലാല്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി സന്ദര്‍ശന വിവരം അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അമ്മ പ്രസിഡന്റ് ശ്രീ. മോഹന്‍ലാലുമായുള്ള എന്റെ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതും നടപ്പാക്കാന്‍ പോകുന്നതുമായ പദ്ധതികള്‍ വിശദീകരിച്ചു. സിനിമാ രംഗത്തെ സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലുകളില്‍ മോഹന്‍ലാല്‍ സംതൃപ്തി രേഖപ്പെടുത്തി. ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ രംഗത്തെ നിലവിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. അദ്ദേഹം അമ്മയുടെ പ്രസിഡന്റായ ശേഷം പൊതുവികാരം മാനിച്ച് എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുന്നതോടൊപ്പം ശേഷിക്കുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്ത അഭിപ്രായമുള്ളവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് മാത്രമെ തീരുമാനങ്ങള്‍ എടുക്കുകയുള്ളുവെന്നും അവരുമായി എത്രയും വേഗം ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അമ്മ എന്ന സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ഈ മേഖലയിലെ ഒരു പ്രധാന സംഘടന എന്ന നിലയില്‍ അത് ശക്തമായി നിലകൊള്ളണം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും വ്യക്തമാക്കി.

മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ കൊടുത്ത് വീണ്ടും വിവാദങ്ങളിലേക്ക് പോകരുതെന്നും ഈ മേഖലയിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ പരസ്പരം സഹകരിച്ചും വിശ്വസിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ട് വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് കൂടിക്കാഴ്ച അവസാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home