'ഒട്ടും ബലമില്ലാത്ത രാമാ, ഉളുപ്പുള്ളവര്‍ ആരും ന്യായീകരണ തന്ത്രവുമായി വരില്ല'; ബല്‍റാമിന് മറുപടിയുമായി എംഎം മണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2017, 04:36 PM | 0 min read

കൊച്ചി > സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷം ന്യായീകരണവുമായി വന്ന വിടി ബല്‍റാമിനെ പരിഹസിച്ച് മന്ത്രി എംഎം മണി. കമ്മീഷന്‍ നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയലക്ഷ്യമുണ്ടെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം. ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണെന്നും ബല്‍റാം ആരോപിച്ചിരുന്നു. വിടി ബല്‍റാം തന്റെ ഫേസ് ബുക്ക് പേജിലെഴുതിയ പോസ്റ്റിന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ബല്‍റാമിന് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.

ഒട്ടും ബലമില്ലാത്ത രാമന്മാര്‍ക്ക് മറുപടി നല്‍കരുതെന്ന് പലവട്ടം ചിന്തിച്ചതാണെന്നും പലതും പറയാതെ വയ്യെന്നും ആമുഖം നല്‍കിയാണ് മണിയാശാന്റെ പ്രതികരണം. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടിപി കേസില്‍ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ കോണ്‍ഗ്രസിനെപ്പോലെ തരംതാഴ്ന്നിട്ടില്ല. നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തുവരില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ.

'രാഷ്ട്രീയ വേട്ട' എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ. ഞാനുള്‍പ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണ്.

എന്തായാലും കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്ന തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കണ്ട രാമാ. ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ 27 മണിക്കൂര്‍ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ? നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ??

ടി.പി. കേസില്‍ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ഞങ്ങള്‍ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങള്‍ നേരിട്ടത്.

'കോണ്‍ഗ്രസ് മുക്ത കേരളം' എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പ്രയത്‌നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനം അങ്ങ് തുടര്‍ന്നേച്ചാമതി. 2022 ല്‍ 'കോണ്‍ഗ്രസ് വിമുക്ത കേരളം' സഫലമായിക്കൊള്ളും. പിന്നെ 'ഭരണ വിരുദ്ധ വികാരം' എടോ ഒന്ന് ആ ശീതീകരിച്ച മുറിയില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂ...

അപ്പോ തനിയെ മനസ്സിലായിക്കൊള്ളും ഭരണത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍. നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല. നിങ്ങള്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്ത് വരുമ്പോള്‍ ചുടു ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home