മാധവിക്കുട്ടിയായി വേഷമിടുന്ന മഞ്ജുവിനു സൈബര്‍ ആക്രമണം; വിശദീകരണവുമായി മഞ്ജു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 16, 2017, 03:30 PM | 0 min read

'ആമി' സിനിമയ്ക്ക് ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദം ഉണ്ടാക്കുന്നത് മറ്റ് പല ഉദ്ദേശ്യങ്ങളോടെയാണെന്ന് മാധവിക്കുട്ടിയായി വേഷമിടുന്ന മഞ്ജു വാര്യര്‍. താന്‍ ആമിയില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതിനാലാണ് തന്റെ വിശദീകരണമെന്നും മഞ്ജു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മഞ്ജു വാര്യരുടെ പ്രൊഫൈല്‍ ചിത്രത്തില്‍ വന്ന കമന്റുകളില്‍ ഒന്ന് മാധവിക്കുട്ടിയായി ചിത്രത്തില്‍ അഭിനയിക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെ മഞ്ജുവിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതടക്കം ചൂണ്ടിക്കാട്ടി ഉപദേശവും താക്കീതും അസഭ്യ വര്‍ഷവുമായി ഇക്കൂട്ടര്‍ വരംഗത്തെത്തി. മഞ്ജു പ്രധാനകഥാപാത്രമായി എത്തുന്ന 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ഇതില്‍ അസഭ്യവും താക്കീതും നിറഞ്ഞ കമന്റുകളുമായി സംഘപരിവാറുകാര്‍ മഞ്ജുവിന് നേര്‍വഴി കാട്ടാന്‍ നിറഞ്ഞാടുകയാണ്.

മാധവിക്കുട്ടിയായി അഭിനയിക്കാനുള്ള തീരുമാനത്തിനെതിരെ  പ്രചാരണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് മഞ്ജു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം'. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. 'ആമി'യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് പ്രിയപ്പെട്ടവരേ...എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം..

 



deshabhimani section

Related News

View More
0 comments
Sort by

Home