തൃപ്പൂണിത്തുറയില്‍ ഇനി ടോളുകളില്ല; ഒരു ദൌത്യം പൂര്‍ത്തിയായി....കൂടെ നിന്നവര്‍ക്കെല്ലാം നന്ദി: സ്വരാജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2016, 07:23 AM | 0 min read

തൃപ്പൂണിത്തുറ മണ്ഡത്തിലെ ടോള്‍ പിരിവുകള്‍ ഒഴിവാക്കിയുള്ള പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായതില്‍   ഏറെ സതൃപ്തിയുണ്ടെന്ന് എംഎല്‍എ സ്വരാജ്.എല്ലാ നിയമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ടോളുകള്‍ ഒഴിവാക്കാന്‍ പരിശ്രമിക്കുന്നതിന് ഒരവസരം തരണമെന്ന് തെരച്ചെടുപ്പ് കാലത്ത് ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത് വെറും കൈയ്യടി ലഭിക്കാനായിരുന്നില്ലെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുണ്ടന്നൂരും തൃപ്പൂണിത്തുറയിലും എസ് എന്‍ ജങ്ഷനിലും ഇരുമ്പനത്തുമായി ഉണ്ടായിരുന്ന നാല് ടോളുകളാണ് സ്വരാജിന്റെ ഇടപെടലുകളെ തുടര്‍ന്ന് പൂട്ടിയത്.

ടോളുകളാല്‍ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോള്‍ വിമോചനമുണ്ടായി. യുഡിഎഫ് സര്‍ക്കാരില്‍ തൃപ്പൂണിത്തുറയിലും പിറവത്തും മന്ത്രിമാരുണ്ടായിരുന്നിട്ടും ടോളുകള്‍ പൂട്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ടോളുകളെല്ലാം അടച്ചുപൂട്ടാന്‍, വാക്കുപാലിക്കാന്‍ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാര്‍ത്ഥ്യവുമുള്ള കാര്യമാണ്. ഏറെ നാള്‍ പഴക്കമുള്ള ടോള്‍വിരുദ്ധ ജനകീയ സമരത്തിന്റെ മുന്നില്‍ ഞാനും തിരഞ്ഞെടുപ്പ് കാലം മുതല്‍ നിലയുറപ്പിച്ചു എന്ന് പറയുന്നതാണ് കൂടുതല്‍ ശരിയെന്നും സ്വരാജ്  പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ചുവടെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍ വന്ന അദ്ഭുതകരമായ കാര്യം സര്‍വ്വവ്യാപിയായ ടോള്‍ ബൂത്തുകളായിരുന്നു. അന്നുയര്‍ന്ന് കേട്ട ജനങ്ങളുടെ ഒന്നാമത്തെ പരാതിയും അതു തന്നെ . റസിഡന്‍സ് അസോസിയേഷനുകളും മറ്റു സംഘടനകളും എന്നോട് തിരഞ്ഞെടുപ്പ് സമയത്തു തന്നെ ആദ്യ പരിഗണനയില്‍ പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതും ഇക്കാര്യമാണ്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ മാത്രം 3 ടോള്‍ ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇങ്ങനെയുണ്ടാവില്ല. മരട് മുനിസിപ്പാലിറ്റിയില്‍ കുണ്ടന്നൂരിലെ പഴക്കം ചെന്ന ടോളിനെതിരെ അവിടെ ബഹുജന സമരവും നടക്കുന്നുണ്ടായിരുന്നു. ടോള്‍ ബൂത്തുകളിലെ നീണ്ട വാഹനങ്ങളുടെ ക്യൂവില്‍ പലപ്പോഴും ആംബുലന്‍സുകള്‍ പോലും കുരുങ്ങിക്കിടക്കുമായിരുന്നു. ആ ക്യൂവിന് ചിലപ്പോഴൊക്കെ ഒരു ജീവന്റെ വിലയുണ്ടായിരുന്നു. ടോളിനെതിരെ പല തവണ സമരങ്ങള്‍ നടന്നു. ഒരുപാടു പേര്‍ കേസുകളില്‍ പ്രതികളായി. എന്നിട്ടും കാണേണ്ടവര്‍ കണ്ടില്ല. കേള്‍ക്കേണ്ടവര്‍ കേട്ടില്ല. ടോള്‍ പിരിവ് നിര്‍ബാധം തുടര്‍ന്നു. പിരിവുകാര്‍ പലപ്പോഴും ഗുണ്ടകളെപ്പോലെ പെരുമാറി. സഞ്ചാരസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടവരായി തൃപ്പൂണിത്തുറക്കാര്‍ നരകിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 'മാതൃഭൂമി' ചാനല്‍ തൃപ്പൂണിത്തുറയില്‍ വെച്ചു നടത്തിയ ഒരു മുഖാമുഖം പരിപാടിയില്‍ ജനങ്ങള്‍ ടോള്‍ പ്രശ്നം ഉന്നയിക്കുകയുണ്ടായി. മറുപടിയായി കോണ്‍ഗ്രസ് പ്രതിനിധി പറഞ്ഞത് 'ആരു വിചാരിച്ചാലും ടോള്‍ നിര്‍ത്താനാവില്ല. നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്' എന്നായിരുന്നു. തുടര്‍ന്ന് സംസാരിച്ചപ്പോള്‍ ഞാനിങ്ങനെ പറയുകയുണ്ടായി.

'എല്ലാ നിയമങ്ങളും ജനങ്ങള്‍ക്കു വേണ്ടിയാണ്.ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങള്‍ മാറ്റണം. എനിക്കൊരു അവസരം തരൂ. ടോള്‍ നിര്‍ത്തുന്നതെങ്ങനെയെന്ന് ഞാന്‍ കാണിച്ചു തരാം' .ഇതു കേട്ട് കുറേ പേര്‍ കയ്യടിച്ചു. ചിലര്‍ പിറുപിറുത്തു. 'ഇവിടെ മന്ത്രി നോക്കിയിട്ട് നടന്നില്ല പിന്നെയാ ഇവന്‍ ' എന്നൊക്കെ ചിലര്‍ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

അന്ന് ടി.വി പരിപാടിയില്‍ ഞാനങ്ങനെ പറഞ്ഞത് കയ്യടി കിട്ടാനായി കാണിച്ച ഒരാവേശമായിരുന്നില്ല. മറിച്ച് എല്ലാ ടോളുകളും ഒഴിവാക്കണമെന്നത് എല്‍ഡിഎഫിന്റെ നയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ആ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നു. എംഎല്‍എ ആയതിന് ശേഷം ടോള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനമാണ് ഞാന്‍ ആദ്യമായി ഏറ്റെടുത്തത്. കുണ്ടന്നൂരിലെ ടോള്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേതും തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍ പിഡബ്ളിയുഡിയുടേതും എസ് എന്‍ ജംഗ്ഷനിലേയും ഇരുമ്പനത്തെയും ടോളുകള്‍ ആര്‍ബിഡിസികെ( Roads and Bridges Development Corporation of Kerala) യുടേതുമായിരുന്നു.

അന്യായമായ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് കാര്യകാരണസഹിതം ബന്ധപ്പെട്ടവര്‍ക്കെല്ലാം ഞാന്‍ കത്തു നല്‍കുകയുണ്ടായി. ഇതിനാവശ്യമായ രേഖകളും മറ്റു വിവരങ്ങളും തന്ന് സഹായിച്ചത് ട്രുറയുടെ ഭാരവാഹി ശ്രീ.വി പി  പ്രസാദും സഹപ്രവര്‍ത്തകരുമായിരുന്നു. കുണ്ടന്നൂര്‍ ടോള്‍ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഞാന്‍ മറ്റൊരു നിവേദനം നല്‍കി . ഉടനേ അദ്ദേഹം നാഷണല്‍ ഹൈവേ അതോറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ വെച്ച് വിളിച്ചു ചേര്‍ത്തു. പ്രസ്തുത യോഗത്തില്‍ എന്റെ വാദഗതികള്‍ ഞാന്‍ അവതരിപ്പിച്ചു. കുണ്ടന്നൂരിലെ ടോള്‍ അവസാനിപ്പിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചീഫ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആദ്യമായി ഒരു ടോള്‍ ബൂത്തിന് പൂട്ടു വീണു.

തുടര്‍ന്നാണ് തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍ പിരിവിനെതിരായ എന്റെ പരാതി ചര്‍ച്ച ചെയ്യാന്‍ ബഹു.മന്ത്രി. ജി സുധാകരന്‍ മന്ത്രി ഓഫീസില്‍ വെച്ച് പിഡബ്ളിയുഡിയിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എല്ലാ വശവും വിശദമായി ചര്‍ച്ച ചെയ്ത യോഗത്തില്‍ വെച്ച് പിഡബ്ളിയുഡിയുടെ നിയന്ത്രണത്തിലുള്ള ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അങ്ങനെ സെപ്തംബര്‍ 24 ന് അര്‍ദ്ധരാത്രി മിനി ബൈപ്പാസിലെ ടോള്‍ ബൂത്തും അടച്ചു പൂട്ടി.

അവശേഷിക്കുന്ന രണ്ടു ടോളുകള്‍ എസ് എന്‍ ജംഗ്ഷനിലേതും ഇരുമ്പനത്തേതുമാണ്. ഇതില്‍ ഇരുമ്പനത്തേത് തൃപ്പൂണിത്തുറ മണ്ഡലത്തിലല്ല. പിറവം മണ്ഡലത്തിലാണ്. പക്ഷെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലാണ്. ഈ രണ്ട് ടോള്‍ ബൂത്തുകള്‍ ഒറ്റ പാക്കേജായാണ് ആര്‍ബിഡിസികെ പിരിക്കുന്നത്. അതിനാല്‍ ഇത് രണ്ടും നിര്‍ത്തണമെന്നായിരുന്നു എന്റെ പരാതി. സപ്തം: 19 ന് തിരുവനന്തപുരത്ത് മന്ത്രി. ജി. സുധാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളുടെ ആധികാരികത നിഷേധിക്കുന്ന നിലപാട് ആര്‍ബിഡിസികെ സ്വീകരിച്ചപ്പോള്‍ വിശദമായ റിപ്പോര്‍ട്ടുമായി വരാന്‍ ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗം മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കകയും ചെയ്തു .

റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയപ്പോള്‍ ആരെയും കാത്തു നില്‍ക്കാതെ ടോളുകള്‍ ഒഴിവാക്കണമെന്ന ഇടതു മുന്നണിയുടെ നയവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ധീരത കാണിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ടോളുകളും അവസാനിപ്പിക്കുകയെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം മന്ത്രി കഴിഞ്ഞ 12 ന് നടന്ന പാലാരിവട്ടം ഫ്ലൈ ഓവറിന്റെ ഉദ്ഘാടന വേളയില്‍ വിശദീകരിക്കുകയുണ്ടായി. എന്റെ ആവശ്യപ്രകാരം തൃപ്പൂണിത്തുറയിലെ ടോളുകള്‍ അവസാനിപ്പിച്ചത് പരാമര്‍ശിച്ച ബഹുമന്ത്രി ആര്‍ബിഡിസികെയുടെ ടോളുകള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനം ഇന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മന്ത്രി എല്‍ഡിഎഫിന്റെ ഈ തീരുമാനം സഭയെ അറിയിച്ചത്.

കേരളത്തില്‍ ഇനി പണിയുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. അതിനു പുറമേ നിലവിലുള്ള ടോളുകളെല്ലാം പരിശോധിച്ച് നിര്‍ത്തലാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ ആദ്യ നേട്ടം തൃപ്പൂണിത്തുറയ്ക്കുണ്ടായി.

ടോളുകളാല്‍ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോള്‍ വിമോചനമുണ്ടായി. ഈ ടോളുകളെല്ലാം അടച്ചുപൂട്ടാന്‍, വാക്കുപാലിക്കാന്‍ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാര്‍ത്ഥ്യവുമുള്ള കാര്യമാണ്.

തൃപ്പൂണിത്തുറയിലും പിറവത്തും കഴിഞ്ഞ ഭരണത്തില്‍ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാതിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല.

ഈ പോരാട്ടത്തില്‍ പിന്തുണയുമായി കൂടെ നിന്ന എല്ലാ പാര്‍ട്ടിയിലുപെട്ട ജനങ്ങളോട് നന്ദി പറയുന്നു. റസിഡന്‍സ് അസോസിയേഷനുകളും മറ്റു സംഘടനകളും ടോള്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്റെ കൂടെയുണ്ടായിരുന്നുവെന്നല്ല മറിച്ച് ഏറെ നാള്‍ പഴക്കമുള്ള ടോള്‍വിരുദ്ധ ജനകീയ സമരത്തിന്റെ മുന്നില്‍ ഞാനും തിരഞ്ഞെടുപ്പ് കാലം മുതല്‍ നിലയുറപ്പിച്ചു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഇക്കാര്യത്തില്‍ ഇത്രവേഗം ഒന്നൊന്നായി ടോള്‍ ബൂത്തകള്‍ അടച്ചുപൂട്ടാന്‍ സാധിച്ചതില്‍ വകുപ്പു മന്ത്രി സ: ജി.സുധാകരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ജന വിരുദ്ധ ടോള്‍ പിരിവിനെതിരെ നിലപാട് സ്വീകരിച്ച എല്‍ഡിഎഫും മുഖ്യമന്ത്രിയും തീര്‍ച്ചയായും അഭിനന്ദിക്കപ്പെടണം. ഇതാണ് എല്‍ഡിഎഫ്.

എം. സ്വരാജ്

 



deshabhimani section

Related News

View More
0 comments
Sort by

Home