"ഉരുൾപൊട്ടലുകൾ ഒഴിവാക്കുന്നതിനെ കുറിച്ചല്ല, ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചാണ്"

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 04:49 PM | 0 min read

ഉരുൾപൊട്ടലുകൾ ഒഴിവാക്കുന്നതിനെ കുറിച്ചല്ല, ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. അതിനെ രണ്ട് രീതിയിൽ കാണാം; ഉരുൾപൊട്ടൽ ഉണ്ടാകാൻ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളയിടത്ത് മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാൻ ശ്രമിക്കാം/ മനുഷ്യരുള്ളയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ നോക്കാം

എന്തായിരിക്കണം കേരളം അടിക്കടി നേരിടുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ സമീപനം. എങ്ങിനെ ഈ ദുരിത സാഹചര്യത്തെ നേരിടാൻ കഴിയും ? സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് തുടക്കമിടുകയാണ് വൈശാഖൻ തമ്പി.

 

എങ്ങനെയാണ് ഒരു ഉരുൾപൊട്ടൽദുരന്തം ഉണ്ടാവുന്നത്?

ഉരുൾപൊട്ടൽ എങ്ങനെയുണ്ടാവുന്നു എന്നല്ല ചോദ്യം, അതൊരു ദുരന്തം കൂടിയാവുന്നത് എങ്ങനെയെന്നാണ്. അവിടെ പല ഘടകങ്ങൾ ഒരുമിച്ച് വരണം.

ആദ്യം ഉരുൾപൊട്ടൽ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകണം.  അതിന് ഉണ്ടാകേണ്ട അനുകൂല സാഹചര്യങ്ങൾ പരിഗണിക്കാം.

ആദ്യത്തേത്  മഴയാണ്. മണ്ണിന് ആഗിരണം ചെയ്ത് പിടിച്ചുനിർത്താൻ കഴിയാത്തത്ര (പൂരിതമായ അവസ്ഥ) വെള്ളം ഒരിടത്ത് എത്തുമ്പോഴാണ് അത് ഉരുളായി പൊട്ടിയൊഴുകുന്നത്. അതിന് അതിശക്തമായ മഴ പെയ്യേണ്ടതുണ്ട്.

മഴ പെയ്ത് മണ്ണ് ജലപൂരിതമാകുന്നയിടത്തെല്ലാം പക്ഷേ ഉരുൾപൊട്ടില്ല. അതിന് ഉപരിതലത്തിന്റെ ചരിവ് ഒരു വലിയ ഘടകമാണ്. ചരിവ് കൂടുമ്പോൾ ഗുരുത്വാകർഷണം മണ്ണിനെ നേരേ താഴേയ്ക്ക് വലിയ്ക്കാനുള്ള സാധ്യത കൂടും. അങ്ങനെ ഉരുൾപൊട്ടലിന് അനുകൂലമായ സാഹചര്യം ഉണ്ടാകാം. ഏതാണ്ട് 20 ഡിഗ്രിയ്ക്ക് മുകളിലാണ് ചരിവ് എങ്കിൽ പൊതുവിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചരിവ് കൂടിയ സ്ഥലത്ത് നല്ല മഴ പെയ്തു എന്നതുകൊണ്ട് മാത്രം ഉരുൾപൊട്ടലുണ്ടാകണമെന്നില്ല. ഉപരിതല മണ്ണിന്റെ സ്വഭാവവും പരിഗണിക്കണം. ചില തരം മണ്ണിന് കൂടുതൽ വെള്ളം ആഗിരണം ചെയ്യാനും പേസ്റ്റ് പോലെ കുറുകി ഒഴുകാനും പ്രവണത കൂടുതലാണ്. അത് ഉരുൾപ്പൊട്ടൽ സാധ്യത കൂട്ടും. പൊട്ടിയതോ കൂടിച്ചേർന്നതോ ആയ പാറകളുടെ സാന്നിദ്ധ്യം, അവിടത്തെ മരങ്ങളുടെ സാന്നിദ്ധ്യം എന്നിവയും ഒരു ഘടകമാണ്. പാറകൾക്കിടയിലൂടെ വെള്ളം ഊർന്നൊഴുകുന്നത് ചരിവിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാം. മരങ്ങളിൽ  തന്നെ ചില തരം മരങ്ങളുടെ വേരുകൾ മണ്ണിനെ ഇറുകെ പിടിച്ചിരിക്കുന്നതുവഴി സ്ഥിരത കൂടുകയും ചെയ്യാം.

ഇവയ്ക്ക് പുറമേ ഭൂമികുലുക്കം, അഗ്നിപർവതം, മഞ്ഞുരുകൽ എന്നിങ്ങനെ കേരളത്തിൽ പ്രസക്തമല്ലാത്ത ഘടകങ്ങളും പൊതുവിൽ ഉരുൾപൊട്ടലിനെ ബാധിക്കാം.

ഇത് ഉരുൾപൊട്ടൽ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകുന്നതിന് അനുകൂലമായ ഘടകങ്ങളേ ആയിട്ടുള്ളൂ. അതൊരു ദുരന്തം ആവണമെങ്കിൽ ഇപ്പറഞ്ഞ ഉരുൾപൊട്ടൽ നടക്കുന്നിടത്തോ അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാകുന്നിടത്തോ മനുഷ്യസാന്നിദ്ധ്യം വേണം. ദുരന്തങ്ങളല്ലാത്ത ഉരുൾപൊട്ടലുകൾ മനുഷ്യരുണ്ടാകുന്നതിന് മുൻപും ഇന്നും ഒരുപാട് നടക്കുന്നുണ്ട്. ഇനിയും നടക്കും.

നമുക്കിവിടെ ചർച്ച ചെയ്യേണ്ടത്, ഉരുൾപൊട്ടലുകൾ ഒഴിവാക്കുന്നതിനെ കുറിച്ചല്ല, ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. അതിനെ രണ്ട് രീതിയിൽ കാണാം; ഉരുൾപൊട്ടൽ ഉണ്ടാകാൻ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളയിടത്ത് മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ മനുഷ്യരുള്ളയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ നോക്കാം.

കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ മനുഷ്യവാസം എന്നത് ഒരു വലിയ പ്രശ്നമാണ്. പാവയ്ക്കാ പോലെ നീണ്ടൊരു ചെറിയ സംസ്ഥാനം, അതിന്റെ പടിഞ്ഞാറ് വശത്ത് ഉടനീളം തീരപ്രദേശവും, മറുവശത്ത് കിഴക്ക് ഉടനീളം മലമ്പ്രദേശവും ആണ്. മഴയ്ക്ക് വളരെ അനുകൂലമായ സാഹചര്യമാണിത്. 44 നദികളാണ് ഈ ചെറിയ പ്രദേശത്തുള്ളത്.

ഇൻഡ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് കേരളം. (ഇൻഡ്യയുടെ 1.2% മാത്രം വലിപ്പമുള്ള ഈ സംസ്ഥാനത്ത് ഇൻഡ്യൻ ജനസംഖ്യയുടെ 3.4% പേരാണ് താമസിക്കുന്നത്.) ഇതിൽത്തന്നെ ജനങ്ങളിൽ ഭൂരിഭാഗവും തീരപ്രദേശങ്ങളോട് ചേർന്നാണ് താമസിക്കുന്നത്. കേരളത്തിന്റെ ശരാശരി ജനസാന്ദ്രതയുടെ 2.5 മടങ്ങാണ് തീരപ്രദേശങ്ങളിലെ ജനസാന്ദ്രത. കിഴക്കൻ മേഖലയിലെ മലമ്പ്രദേശങ്ങളിൽ താരതമ്യേന വളരെക്കുറച്ച് മനുഷ്യരേ ഉള്ളൂ.

വലിയ വികസിതസൗകര്യങ്ങളൊന്നുമില്ലാതെ, പലപ്പോഴും കാട്ടുമൃഗങ്ങളോട് മല്ലിടേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് അവർ ജീവിക്കുന്നതും.അവിടെ പലയിടങ്ങളിലും മൊബൈലിന് റെയ്ഞ്ച് കിട്ടാൻ പോലും പാടാണ്, നല്ല ആശുപത്രികൾ കുറവാണ്, വാഹനസൗകര്യങ്ങൾ കുറവാണ്, പല കാര്യങ്ങൾക്കും ഒരുപാട് ദൂരം സഞ്ചരിച്ച് പോകേണ്ടിവരും.എന്നിട്ടും ആ മനുഷ്യർ അവിടെത്തന്നെ താമസിക്കുന്നു എങ്കിൽ അവരുടെ അവസ്ഥ അതായതുകൊണ്ടാണ്. തേയിലത്തോട്ടത്തിൽ പണിയെടുക്കുന്നവർക്ക് അതിനടുത്ത് തന്നെ താമസിക്കേണ്ടിവരുമല്ലോ, രാവിലെ 50 കിലോമീറ്റർ ദൂരെയുള്ള നഗരത്തിൽ നിന്നും സ്വന്തം വണ്ടിയിൽ വന്ന് പോകാനുള്ള പാങ്ങുണ്ടാവില്ലല്ലോ.

ഇനി അടുത്ത ഓപ്ഷൻ ആളുകൾ താമസിക്കുന്നിടത്ത് ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കാനുള്ള മാർഗം നോക്കുക എന്നതാണ്. ഉരുൾപൊട്ടലിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായ മഴയ്ക്ക് മുകളിൽ നമുക്ക് കൺട്രോൾ ഇല്ല. അത് പതിവില്ലാത്തവിധം കൂടുന്നതായി നമ്മൾ മനസ്സിലാക്കുന്നുണ്ട്. ആഗോള കാലാവസ്ഥാമാറ്റമാണ് കാരണം. (അതിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായ കാർബൺ ബഹിർഗമനത്തിൽ ഈ മലമ്പ്രദേശത്തെ മനുഷ്യർക്ക് തീരെ പങ്കുമില്ലാതാനും.) അങ്ങനെ വരുമ്പോൾ പിന്നെ ഉരുൾപൊട്ടലിലേയ്ക്ക് സഹായകമാകുന്ന മറ്റ് ഘടകങ്ങളെ നിയന്ത്രിക്കാൻ പറ്റുമോ എന്ന് നോക്കണം.

ഒരുപാട് ചരിവുള്ള ഇടങ്ങളിൽ അപകടസാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കി അവിടന്ന് വിട്ടുനിൽക്കാം. പക്ഷേ പൊതുവിൽ മനുഷ്യർ വീട് വെക്കാനും സെറ്റിൽ ചെയ്യാനും സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണാവുന്ന കാര്യങ്ങളെവച്ചാണ് തീരുമാനമെടുക്കുന്നത്. പത്ത് കിലോമീറ്റർ അപ്പുറത്ത് എത്ര ആൾട്ടിട്യൂഡ് ഉണ്ടെന്ന് ശ്രദ്ധിക്കുന്ന എത്രപേരുണ്ട്! മഴ ഇന്നത്തെപ്പോലെ അതിതീവ്രമല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ചും അതൊരു വലിയ പരിഗണന ആയിരുന്നില്ല.

ഒരിയ്ക്കൽ ഗ്രാമങ്ങളോ പട്ടണങ്ങളോ രൂപപ്പെട്ട് കഴിഞ്ഞാൽ ആളുകൾ അവിടന്ന് സ്വയം പറിച്ചുനടുന്നതിന് പൊതുവേ മടി കാണിക്കും. കാരണം അവരുടെ സമ്പാദ്യം അവിടെ വീട് വെക്കാനും, കൃഷിയിറക്കാനുമൊക്കെ നിക്ഷേപിച്ചുകാണും. ചിലപ്പോൾ അത് കടത്തിലുമായിരിക്കും. അവർക്ക് ആ സ്ഥലത്തെ ജോലികളേ അറിയുമായിരിക്കുള്ളൂ, അവർക്ക് അവിടെയോ പരസ്പരം അറിയുമായിരിക്കുള്ളൂ. മറ്റൊരിടത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ബദ്ധപ്പാടും, ഒരുപക്ഷേ എന്നെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആരൊക്കെയോ പറയുന്ന ഒരു പ്രകൃതിദുരന്തവും തമ്മിൽ കൂട്ടിക്കിഴിച്ചുനോക്കുമ്പോൾ ആദ്യത്തേതിനായിരിക്കും കൂടുതൽ ഭാരം. ആവർത്തിക്കണം, മഴ ഇന്നത്തെപ്പോലെ അതിതീവ്രമല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ചും.

നിർമാണപ്രവർത്തനങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടാക്കുക എന്നതാണ് ഇനിയുള്ള മാർഗം. അവിടെ റോഡ് വെട്ടരുത്, കെട്ടിടം വെക്കരുത് എന്നൊക്കെ തിരുവനന്തപുരം നഗരത്തിലിരിക്കുന്ന എനിക്ക് വേണമെങ്കിൽ ഫെയ്സ്ബുക്കിൽ എഴുതിവെക്കാം. മുന്നിൽക്കൂടി വിശാലമായ റോഡ് പോകുന്ന, ഏത് പാതിരാത്രിയും സ്വിഗ്ഗിയും ഊബർ ടാക്സിയും ഒക്കെ ലഭ്യമായ, തൊട്ട് ചുറ്റുപാടും നിരവധി ആശുപത്രികളും ഷോപ്പിങ് സൗകര്യങ്ങളും ഉള്ള, കറന്റുകട്ട് അത്ര സാധാരണമല്ലാത്ത ഒരു സ്ഥലത്തിരുന്ന് ആ ഉപദേശം ഇറക്കാൻ എളുപ്പമാണ്. എനിക്ക് നേരത്തേ പറഞ്ഞതൊക്കെ പ്രകൃതിരമണീയമായ ടൂറിസ്റ്റ് സ്ഥലങ്ങളാണല്ലോ, വല്ലപ്പോഴും പോയി കണ്ട്, ആസ്വദിച്ച് തിരിച്ചുവന്നാൽപ്പോരേ! നഗരങ്ങളിൽ നിന്നും അവിടേയ്ക്ക് എത്താൻ വേണ്ട റോഡുകൾ മാത്രം വലുതായാൽ മതി എനിക്ക്. പിന്നെ എനിക്ക് അവധിസമയം ചെലവഴിക്കാൻ ആ പ്രകൃതിരമണീയതയുടെ നടുക്ക് നല്ല റിസോർട്ടുകളും വേണം ('അത് റിസോർട്ട് മാഫിയ ആകാതിരിക്കണമെന്നേയുള്ളൂ!') മറ്റ് വികസനങ്ങളൊന്നും അവിടെ ആവശ്യമില്ലാ എന്നും വാദിക്കാം.

എന്തോ, നഗരങ്ങളിൽ കഴിയുന്നവരുടെ സൗകര്യങ്ങൾ മലമ്പ്രദേശങ്ങളിലുള്ളവർക്ക് നിഷേധിക്കാൻ ഈയുള്ളവന് സാധിക്കുന്നില്ല. അതിനർത്ഥം അവിടത്തെ ഭൂവിനിയോഗം തോന്നിയപോലൊക്കെ നടത്താൻ അനുവദിക്കാം എന്നല്ല. കാലാവസ്ഥ മുൻപെങ്ങുമില്ലാത്തവിധം മാറിയ സ്ഥിതിയ്ക്ക് അതൊക്കെ കൃത്യമായി പഠിച്ചശേഷം ശക്തമായ നയരൂപീകരണം ഉണ്ടാവണം. കുന്ന് ചെത്തി റോഡ് ഉണ്ടാക്കുമ്പോൾ മണ്ണിന്റെ സ്ഥിരത പോകുന്നില്ല എന്നുറപ്പിക്കുക, കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ നാളെ അത് സ്വന്തം തലയിലേയ്ക്ക് വീഴാൻ സാധ്യതയില്ലാത്ത ഇടത്താണെന്നുറപ്പിക്കുക, പ്ലാന്റേഷനുകൾ വരുമ്പോൾ മണ്ണിന് ബലം നൽകുന്ന മരങ്ങൾ ഇല്ലാതാകാതെ നോക്കുക എന്നിങ്ങനെ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിവരും. അത് പ്രകൃതിയെ സംരക്ഷിക്കാനൊന്നുമല്ല, മനുഷ്യനെ സംരക്ഷിക്കാനാണ്. (നമ്മളാരാ പ്രകൃതിയെ സംരക്ഷിക്കാൻ, പ്രകൃതിയ്ക്ക് ഒരുകാലത്തും അതിന്റെ ആവശ്യം വരില്ല!) പക്ഷേ അതെല്ലാം പല രംഗങ്ങളിലെ വിദഗ്ദ്ധരുടെ കൂട്ടായ ആലോചനകളിലൂടെ ഉണ്ടാവേണ്ട തീരുമാനങ്ങളാണ്.

കാലാവസ്ഥ, പരിസ്ഥിതി, ഭൂഗർഭശാസ്ത്രം, ജലവിഭവശാസ്ത്രം, തുടങ്ങിയ പല ശാസ്ത്രമേഖലകളിലെ വിദഗ്ദ്ധരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും ഒക്കെ കൂട്ടായിവേണം അത്തരം ആലോചനകളും അവലോകനങ്ങളും നടത്താൻ. ദുരന്തങ്ങൾക്ക് ഞൊടിയിടയിൽ ഒറ്റമൂലം കണ്ടെത്തി ഒറ്റമൂലി നിർദ്ദേശിക്കുന്നവരെ പറ്റുമെങ്കിൽ ആ ഭാഗത്ത് അടുപ്പിക്കാതെ നോക്കണം.

ഏറ്റവും പ്രധാനമായി വേണ്ടത്, മലമ്പ്രദേശത്തെ 'പ്രകൃതിവിരുദ്ധജനത'യെ മര്യാദപഠിപ്പിക്കാൻ ഇറങ്ങുന്നതിന് മുൻപ് നമ്മൾ ആദ്യം ഇതൊന്ന് കൃത്യമായി പഠിക്കുക എന്നതാണ്. അത് നമുക്കുകൂടി ഉത്തരവാദിത്വം ഉള്ള കാര്യമാണെന്ന് കൃത്യമായി തിരിച്ചറിയണം. അവിടത്തുകാർക്ക് താമസിക്കാനല്ല അവിടെ റിസോർട്ടുകൾ പൊങ്ങുന്നത് എന്നും, അത് പുറത്തുനിന്ന് കൂടും കുടുക്കയുമായി ആഘോഷിക്കാൻ അങ്ങോട്ട് വലിഞ്ഞുകേറി ചെല്ലുന്ന നമ്മളെപ്പോലുള്ളവർക്കാണ് എന്നും മനസ്സിലാക്കുക. ആ ഡിമാൻഡ് ആണ് സപ്ലൈ ഉണ്ടാക്കുന്നത്.

അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന ക്വാറി മാഫിയ മുതലാളിമാർ പാറ പൊട്ടിച്ച് തിന്നുകയല്ല ചെയ്യുന്നത് എന്നും ഓർക്കേണ്ടതുണ്ട്. ലുലു മാളും മെട്രോയുമൊക്കെ ഉണ്ടാക്കാനുള്ള പാറ ഇടപ്പള്ളി ജംഗ്ഷനീന്നല്ല പൊട്ടിച്ചേക്കുന്നത്!

 

 



deshabhimani section

Related News

View More
0 comments
Sort by

Home