13 October Sunday
സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ച ആ നല്ല മനുഷ്യന്‍

"ദിവ്യേ, നമുക്ക്‌ അടുത്തയാഴ്‌ച വസ്‌തുവാങ്ങാം. ബാലഗോപാൽ സഖാവ് എല്ലാം ഏർപ്പാട് ചെയ്‌തിട്ടുണ്ട് "; ഇത് കേട്ട് കട്ടിലിൽ കിടന്ന് അമ്മ കരഞ്ഞു, തിണ്ണയിലിരുന്നു ഞാനും

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

എന്റെ അച്ഛന് വീടിനടുത്തുള്ള അമ്പലത്തിനോട് ചേർന്ന് ഒരു പൂക്കടയിൽ പൂ കെട്ടുന്ന പണിയാണ്. അന്നന്നത്തെ അന്നം തേടാനും എന്നെ പഠിപ്പിക്കാനും പെടാപ്പാട് പെടുന്ന ആ മനുഷ്യൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല. അമ്മയുമതേ. എന്നിട്ടും കെ എൻ ബാലഗോപാൽ എന്ന സിപിഎം ജില്ലാ സെക്രട്ടറി എന്നെ റാങ്ക് കിട്ടിയതിന്റെ പേരിൽ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ ഞാൻ ശരിക്കും  അത്ഭുതപ്പെട്ടു. എസ്‌എഫ്‌ഐ വീട് വച്ച് നൽകിയ ദിവ്യമോളുടെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വപ്നത്തിൽ നിന്നും ജീവിതത്തിലേക്ക്‌  എന്നെയും എന്റെ കുഞ്ഞു  കുടുംബത്തെയും ചേർത്തു പിടിച്ച ഒരു വലിയ മനുഷ്യന്റെ പേരാണ് എനിക്ക് കെ എൻ ബാലഗോപാൽ.
നമ്മുടെ എല്ലാം ജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന ചില മനുഷ്യരുണ്ടാവും. അവരില്ലെങ്കിൽ ജീവിതം മറ്റൊന്നാകും എന്ന് ഉറപ്പുള്ള വണ്ണം ജീവിതത്തെ മാറ്റി എഴുതാൻ വേണ്ടിയാണ് അവർ  ജീവിതത്തിലേക്ക് കയറി വരുക. ഒരു  വർഷം  മുൻപ്, കേരള യൂണിവേഴ്‌സിറ്റി എം കോം പരീക്ഷയ്ക്ക് രണ്ടാം റാങ്ക് കിട്ടിയ സമയത്ത്‌ എന്നെ തേടി ഒരു ഫോൺ  കോൾ വന്നു.

ആരാണ് എന്നു ചോദിക്കുമ്പോൾ മറുത്തലയ്ക്കൽ നിന്ന് സ്നേഹവും കരുതലും ആവോളം ഉള്ള ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു, 'മോളെ, ഞാനാണ്. കെ എൻ ബാലഗോപാൽ'. അന്ന് മാറി ഒഴുകാൻ തുടങ്ങിയതാണ് ജീവിതം. ഇടയ്ക്ക്  ഓർത്തു നോക്കും, എന്തിനാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്റെ അച്ഛന് വീടിനടുത്തുള്ള അമ്പലത്തിനോട് ചേർന്ന് ഒരു പൂക്കടയിൽ പൂ കെട്ടുന്ന പണിയാണ്. അന്നന്നത്തെ അന്നം തേടാനും എന്നെ പഠിപ്പിക്കാനും പെടാപ്പാട് പെടുന്ന ആ മനുഷ്യൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല. അമ്മയുമതേ. എന്നിട്ടും കെ എൻ ബാലഗോപാൽ എന്ന സിപിഎം ജില്ലാ സെക്രട്ടറി എന്നെ റാങ്ക് കിട്ടിയതിന്റെ പേരിൽ അഭിനന്ദിക്കാൻ വിളിച്ചപ്പോൾ ഞാൻ ശരിക്കും  അത്ഭുതപ്പെട്ടു. പത്രങ്ങളിൽ ഒക്കെ ആ സമയം റാങ്ക് കിട്ടിയതിനെ പറ്റി വാർത്തകൾ വരുന്നുണ്ടായിരുന്നു. 

സ്വന്തമായി വീടോ വസ്തുവോ ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്. ഓരോ ദിവസത്തെയും ജീവിതം ജീവിച്ചു തീർക്കാൻ ഉള്ള ഓട്ടപ്പാച്ചിലിനിടയിൽ അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടുന്നതായിരുന്നില്ല വീട്, അതിന്റെ സുരക്ഷിതത്വം എന്നീ ആശകൾ. നാട്ടിലെ എസ് എഫ് ഐ സഖാക്കൾ ആണ് കെ എൻ ബാലഗോപാൽ സാറിനോട് ഇതേ പറ്റി പറഞ്ഞത്. ഇത്രയും വലിയ ഒരാൾക്ക് ഇത്രയും തിരക്കുകൾ ഉള്ള ഒരാൾ ഏതോ ഒരു പെൺകുട്ടിയുടെ വീട് എന്ന സ്വപനത്തിനു കൂട്ട് പോരാൻ നേരമുണ്ടാകുമോ, അതിന്റെ അവശ്യമെന്താണ് എന്നൊക്കെ ആലോചിച്ചു ഞാനും അമ്മയും വാടക വീടിന്റെ തിണ്ണയിൽ ഇരിക്കുമ്പോ വീണ്ടും കെ എൻ ബാലഗോപാൽ സഖാവിന്റെ ഫോൺ  വിളി വന്നു. 'ദിവ്യ  മോളെ, കെ എൻ ബാലഗോപാൽ ആണ്' എന്നദ്ദേഹം പറഞ്ഞു.

എന്റെ കയ്യിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ടായിരുന്നു. റാങ്ക് കിട്ടിയപ്പോ വിളിച്ചതല്ലേ. അപ്പൊ സേവ് ചെയ്‌തതാണ്‌. ഇനി ഒരിക്കലും വിളിക്കും എന്ന് കരുതിയതല്ല. എന്നിട്ടും അഭിമാനത്തോടെ ഓർക്കാൻ സേവ് ചെയ്ത നമ്പർ ആണ്. ഇതൊന്നും പറഞ്ഞില്ല.പറയാൻ വാക്കുകൾ ഉണ്ടായില്ല. എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു മൂന്ന് പേർക്ക് വീട് വച്ചു കൊടുക്കുന്നുണ്ടെന്നും അതിലൊന്ന് ഞാനാണ് എന്നും പറയാനാണ് അദ്ദേഹം വിളിച്ചത്. കണ്ണീര് കൊണ്ട് കാഴ്ച മങ്ങിപ്പോയ ഓരോർമ്മയാണ് അത്. ഇപ്പോഴും ഓർക്കുമ്പോൾ വിശ്വസിക്കാൻ പറ്റാത്ത ഒന്ന്. അദ്ദേഹമായിരുന്നു എസ് എഫ് ഐ സംസ്‌ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ എന്നും അദ്ദേഹം നേരിട്ടാണ് ചർച്ചയിൽ എനിക്കും വീട് വച്ചു കൊടുക്കണം എന്ന നിർദ്ദേശം മുന്നോട്ട് വച്ച തെന്നും പിന്നീട് അറിഞ്ഞു.

കടമ്പകൾ മുന്നിൽ ഉണ്ടായിരുന്നു, ഒരുപാട്. വീട് എസ് എഫ് ഐ വച്ചു തരും. പക്ഷെ വസ്തു നമ്മൾ സ്വന്തമായി വാങ്ങണം. അച്ഛനും അമ്മയും ഞാനും ഓടി നടന്ന് വസ്തു വാങ്ങാൻ നാല് ലക്ഷം രൂപ സംഘടിപ്പിച്ചു. നല്ല പങ്കും നാട്ടുകാരിൽ നിന്നും കടം വാങ്ങിയത്. അത്രത്തോളം വലുതായിരുന്നു സ്വന്തമായി ഒരു കിടപ്പാടം എന്ന മോഹം.
വിധി വേട്ടയാടുക എന്നത് എന്നെ സംബന്ധിച്ചു പുതിയ കാര്യമല്ല. ജീവിതം മുഴുവൻ പട്ടിണിയുടെയും മുറിവുകളുടെയും രൂപത്തിൽ വിധി എന്നെ വേട്ടയാടിയിട്ടുണ്ട്. വസ്തു വാങ്ങാൻ കാശു സ്വരുകൂട്ടി വച്ച്, പിറ്റേന്ന് ആധാരം എഴുതാനിരിക്കെ, പ്രഷർ കൂടി അമ്മ വീണു.  അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതും സഹായിച്ചതും നാട്ടിലെ സഖാക്കൾ ആയിരുന്നു. കൊട്ടിയം കിംസ് ആശുപത്രിയിൽ ചെന്നപ്പോൾ സ്ട്രോക്ക് ആയിരുന്നു എന്നറിഞ്ഞു. ഒരു വശം തളർന്നു പോയേക്കും എന്നും. വിധിയുടെ ഏറ്റവും വലിയ ക്രൂരത എന്നെ സംബന്ധിച്ചു അതായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം.

കൊട്ടിയത്ത്  നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അമ്മയെ കൊണ്ടു വന്നു.  ആദ്യമായി കെ എൻ ബാലഗോപാൽ സാറിനെ ഞാൻ അങ്ങോട്ട് വിളിച്ചു. എനിക്ക് വേറെ ആരും വിളിക്കാൻ ഉണ്ടായിരുന്നില്ല. എന്താണ് പറഞ്ഞത് എന്ന് എനിക്കിപ്പോഴും ഓർമ്മയില്ല. ഞാൻ ഫോൺ വിളിച്ചു കരയുകയായിരുന്നു.
അദ്ദേഹം നേരിട്ട് മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ടു. എല്ലാ പരിഗണനയും ഉറപ്പ് വരുത്തി.  ഒരു വശം തളർന്നെങ്കിലും അമ്മ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ, അപ്പോഴേക്കും വസ്തു വാങ്ങാൻ കാത്തു വച്ചിരുന്ന പൈസ ഒരു രൂപയില്ലാതെ ആശുപത്രി ചിലവുകൾക്കായി തീർന്നു പോയിരുന്നു.
അമ്മയാണ് വലുത്. അതുകൊണ്ട് തന്നെ ഞാൻ വീട് എന്ന ആഗ്രഹം മറന്നു. വസ്തു വാങ്ങാൻ ഇനി അടുത്തൊന്നും പറ്റില്ല. വസ്തു വാങ്ങാൻ പ്രാപ്തിയുള്ള അർഹത പെട്ട ആർക്കെങ്കിലും വീട് കിട്ടട്ടെ. ഞാൻ വീട് എന്ന ആഗ്രഹം പയ്യെ മനസിൽ നിന്നും ഇറക്കി വച്ചു. വേഗം ആ സ്വപ്നം മറന്നു പോകാൻ ദൈവത്തോട് പ്രാർത്ഥിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ അമ്മയെ കാണാൻ എസ് എഫ് ഐ നേതാക്കൾ എത്തി.
"ദിവ്യെ, നമ്മുക് അടുത്ത ആഴ്ച വസ്തു വാങ്ങാം. ബാലഗോപാൽ സഖാവ് എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. "
ഇത് കേട്ട് കട്ടിലിൽ കിടന്ന് അമ്മ കരഞ്ഞു. തിണ്ണയിലിരുന്നു ഞാനും. സന്തോഷം കൊണ്ട് ജീവിതത്തിൽ ആദ്യമായി കരഞ്ഞ ഓർമ്മ അതാണ്.
ബാലഗോപാൽ സാർ എല്ലാം ഏർപ്പാടാക്കി.അങ്ങനെ അഞ്ചാലുംമൂട് പനമൂടിൽ മൂന്നര സെന്റ് വസ്തു വാങ്ങി.

ബാലഗോപാൽ സാർ നേരിട്ട് വന്നു വീടിന് തറക്കല്ലിട്ടു. വീട് പണി തുടങ്ങി. ഇപ്പൊ പാതി കഴിഞ്ഞു സ്വപ്നത്തിലേക്കുള്ള ദൂരം. രണ്ടു മാസത്തിനുളിൽ വീട് പണി തീരും. പണിക്ക് സഹായിക്കാനും മറ്റും പാർട്ടി സഖാക്കൾ കൂടെയുണ്ട്.എനിക്ക് ഒരു താത്കാലിക ജോലി ലഭ്യമാക്കുന്നതിനും അദ്ദേഹം ഇടപെട്ടു.

കെ എൻ ബാലഗോപാൽ സാർ കൊല്ലത്തിന്റെ എംപിയാവണം. മനുഷ്യന്റെ വേദന തിരിച്ചറിയാൻ കഴിയുന്ന മനുഷ്യസ്നേഹിയാണ് എനിക്ക് അദ്ദേഹം. ഞാൻ എസ് എഫ് ഐലോ ഡി വൈ എഫ് ഐലോ ഇല്ല. സാധാരണക്കാരിൽ സാധാരണക്കാരിയായ എന്നെയും കുടുംബത്തെയും പിന്നെ എന്തിന് അദ്ദേഹം
സഹായിച്ചു? ഇപ്പോഴും സഹായിക്കുന്നു. ? സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർ അധികാരത്തിൽ വരണം. കെ എൻ ബാലഗോപാൽ നമ്മുടെ എം പി യാവണം. ഒരുപാട് ദിവ്യമാരുടെ കണ്ണീര് തുടയ്ക്കാൻ അദ്ദേഹത്തിന് കഴിയും.

ഇപ്പോൾ ആരേലും ചോദിച്ചാൽ ഞാൻ പറയും, റാങ്ക് കിട്ടിയ കുട്ടി എന്നെനിക്ക് അറി യപ്പെടണ്ട. എസ് എഫ് ഐ  വീട് വച്ചു തന്ന കുട്ടി. അതു മതി. എനിക്കെന്നും ആ കുട്ടിയായിരുന്നാൽ മതി. അതിലും നല്ല ഓർമ്മ വേറെ എന്താണ് ഇനിയുണ്ടാവുക....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top