ഇൻഫ്‌ളുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ കുവൈത്ത്; നടപടി സുതാര്യത ഉറപ്പാക്കാൻ

Social Media
വെബ് ഡെസ്ക്

Published on Nov 20, 2025, 09:07 PM | 2 min read

കുവൈത്ത് സിറ്റി: ഡിജിറ്റൽ വിപണിയിലെ അനിയന്ത്രിത വളർച്ചയും സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വാണിജ്യ ഇടപാടുകളിലെ സുതാര്യതക്കുറവും പരിഹരിക്കാൻ കുവൈത്ത് സമഗ്രമായ പുതിയ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നു. ഡിജിറ്റൽ വ്യാപാരവും ഇൻഫ്‌ളുവൻസർ മാർക്കറ്റിംഗും കർശനമായി നിയന്ത്രിക്കുന്ന ബിൽ മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണെന്നും അത് ഉടൻ അമീറിന് സമർപ്പിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജിയാൽ അറിയിച്ചു.


ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വേഗത്തിലുള്ള വളർച്ച ഉപഭോക്തൃ അവകാശ ലംഘനം, വ്യാജ പരസ്യങ്ങൾ, രേഖപ്പെടുത്താത്ത ധന ഇടപാടുകൾ എന്നിവ വർധിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ അനിവാര്യമായത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഓൺലൈൻ വിൽപ്പന, ഇ-ഇടപാട്, ഡിജിറ്റൽ പരസ്യം, സോഷ്യൽ മീഡിയ പ്രമോഷൻ തുടങ്ങി എല്ലാ ഡിജിറ്റൽ ഇടപാടുകളും ഔദ്യോഗിക നിരീക്ഷണത്തിനും ലൈസൻസിംഗ് വ്യവസ്ഥയ്ക്കും വിധേയമാകും. പരസ്യങ്ങൾ ചെയ്യുന്ന സെലിബ്രിറ്റികൾക്കും ഇൻഫ്‌ളുവൻസർമാർക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസ് നിർബന്ധമാക്കുന്നതോടെ ഡിജിറ്റൽ വിപണിയിലെ അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ തടയാനും സുതാര്യത ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.


ഇൻഫ്‌ളുവൻസർമാർ ബ്രാൻഡുകളുമായുള്ള എല്ലാ കരാറുകളും കുറഞ്ഞത് അഞ്ചു വർഷത്തേക്ക് രേഖയായി സൂക്ഷിക്കണം. പരസ്യ പ്രതിഫലം ബാങ്കിംഗ് ചാനലുകൾ വഴിയിലൂടെ മാത്രമേ സ്വീകരിക്കാവൂ എന്നും ബിൽ വ്യക്തമാക്കുന്നു. ഇതിലൂടെ കള്ളപ്പണം ഉപയോഗിച്ചുള്ള ഇടപാടുകളും രേഖരഹിതമായ പ്രമോഷൻ കരാറുകളും തടയാനാണ് ശ്രമം. അതോടൊപ്പം ഇൻഫോർമേഷൻ മന്ത്രാലയത്തിന് ഇൻഫ്‌ളുവൻസർമാരുടെയും കമ്പനികളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അധികാരവും നൽകുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ നിയമവിരുദ്ധ വിൽപ്പനയോ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും നിർദ്ദേശിക്കുന്നു.


ഡിജിറ്റൽ വിപണിയിൽ ഉപഭോക്താവിനെ സംരക്ഷിക്കാനും ഓൺലൈൻ ഇടപാടുകൾക്ക് വ്യക്തത വന്നെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമം ആവിഷ്കരിച്ചത്. വില, ഗുണമേന്മ, റീഫണ്ട്, ഗ്യാരന്റി എന്നിവ സംബന്ധിച്ച നിർബന്ധിത വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ഉപഭോക്തൃ അവകാശങ്ങളെ ശക്തിപ്പെടുത്തുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ പരസ്യങ്ങൾക്കും, തെറ്റായ പ്രമോഷണൽ ഉള്ളടക്കങ്ങൾക്കും പിഴ, ലൈസൻസ് റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്ന ശിക്ഷകളും ഉണ്ടായിരിക്കും.


നിയമം നടപ്പിലാക്കുന്നതിനായി വാണിജ്യ മന്ത്രാലയം, ഇൻഫോർമേഷൻ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവ തമ്മിൽ ചേർന്ന് നടപടികൾ ഏകോപിപ്പിക്കുമെന്ന് അൽ-അജിയാൽ പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ എത്തിയാൽ കുവൈത്തിലെ ഡിജിറ്റൽ വിപണി കൂടുതൽ നിയന്ത്രിതവും വിശ്വാസ്യതയുള്ളതുമായ ഒരു ഘടനയിലേക്ക് മാറും. ഇൻഫ്‌ളുവൻസർ മാർക്കറ്റിംഗിൽ ഉണ്ടാകുന്ന സാമ്പത്തികയും നിയമപരവുമായ അനിയന്ത്രിത അവസ്ഥകൾ ഇല്ലാതാക്കുന്നതിലൂടെ ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപരവുമാക്കുന്ന ഒരു നിർണായക ഘട്ടമായി മാറും .



Tags
deshabhimani section

Related News

View More
0 comments
Sort by

Home