സിനിമയെന്ന നേരിന്റെ വഴി


എസ് ഗീതാഞ്ജലി
Published on Jul 29, 2025, 04:55 PM | 2 min read
പത്തനംതിട്ട : മാസ് ഡയലോഗും പറന്നിറങ്ങിയുള്ള സ്‌റ്റണ്ടും തിയറ്റർ നിറയ്‌ക്കുന്ന ചിരിയുമെല്ലാം സിനിമ തന്നെ. എന്നാൽ, സിനിമയിലൂടെ നേരിന്റെ വഴി തേടുകയാണ് ഡോ. അഭിലാഷ് ബാബു. പരമ്പരാഗത സങ്കൽപ്പങ്ങളിൽനിന്ന് മാറി യാത്ര ചെയ്യുന്നവയാണ് അഭിലാഷിന്റെ മൂന്ന് സിനിമകളും. മൂന്നാമത്തേത് പ്രേക്ഷകർക്കുമുന്നിലേക്ക് എത്തുന്നതേയുള്ളൂ. "ആലോകം; റേഞ്ചസ് ഓഫ് വിഷൻ', "മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ' എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ അഭിലാഷിന് ഇതിനകം കഴിഞ്ഞു. സാമ്പത്തികലാഭം എന്നതിലുപരി സിനിമ ജീവിതത്തിലെ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതാവണമെന്ന് അഭിലാഷ് പറയുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് എല്ലാ ചലച്ചിത്രങ്ങളും. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമകൾ ചെയ്യുന്നത്. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണ് അഭിലാഷ് ബാബു. കോളേജ് പഠനത്തിനിടെയാണ് സിനിമയുമായി കൂടുതൽ അടുക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഏറ്റവും പുതിയത് "കൃഷ്‌ണാഷ്‌ടമി'
വൈലോപ്പിള്ളിയുടെ "കൃഷ്‌ണാഷ്‌ടമി' എന്ന കവിതയുടെ ആധുനികകാല വായനയാണ് "കൃഷ്‌ണാഷ്‌ടമി–- ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' എന്ന പുതിയ സിനിമ. "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', "കാതൽ' എന്നീ സിനിമകളുടെ സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളും വേഷമിടുന്നു. സംഗീതം ഔസേപ്പച്ചൻ. ഛായാഗ്രഹണം ജിതിൻ മാത്യു. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് ചിത്രം നിർമിക്കുന്നത്.

1950കളിൽ എഴുതിയ കവിതയെ 2025ൽ പ്ലേസ് ചെയ്‌താണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്‌ണാഷ്‌ടമി എന്ന സിനിമ ഒരു പരീക്ഷണമാണ്. അധികാരത്തിലിരിക്കുന്നവരുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെപ്പറ്റി സിനിമ വരച്ചുകാട്ടുന്നു. ഐഎഫ്‌എഫ്‌കെയിൽനിന്ന് ജിയോ ബേബിയുമായുണ്ടായ ബന്ധമാണ് അദ്ദേഹത്തെ ഈ സിനിമയിലേക്ക് എത്തിച്ചത്.
മാറിവരുന്ന ചിന്തകൾ
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യജീവിതം തുടങ്ങിയവയെ വ്യക്തമായി വരച്ചുകാട്ടുന്നതാണ് "മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ' എന്ന ചിത്രം. 2024ലെ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ "മലയാളം സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി രീതിയിലാണ് ചിത്രം. ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്ത രണ്ട് ദമ്പതിമാർ. ഇവരുടെ ബന്ധത്തിലെ വ്യത്യസ്‌തത സമൂഹത്തിൽ ചർച്ചയാവുന്നതെങ്ങനെയെന്ന് ചിത്രം വരച്ചുകാട്ടുന്നു. ഒരാളുടെ ജീവിതം അയാളുടേത് മാത്രമാണെന്ന് വളരെ ശക്തമായി പറയുന്നുണ്ട് സിനിമ. രണ്ടരലക്ഷം രൂപയാണ് ഈ ചിത്രത്തിനായി മുടക്കിയത്. 13 മണിക്കൂർകൊണ്ടാണ് ചിത്രീകരിച്ചത്.
ആലോകം; റേഞ്ചസ് ഓഫ് വിഷൻ
ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിന്റെ അഞ്ച് കവിതകൾ "ആലോക'ത്തിൽ അവതരിപ്പിക്കുന്നു. സിനിമയ്‌ക്കുള്ളിൽ ഒരു സിനിമയായി കഥ പുരോഗമിക്കുന്നു. ഏഴുദിവസംകൊണ്ട് പൂർത്തിയാക്കിയ ചിത്രം മിനിമൽ സിനിമയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
നമുക്ക് പറയാനുള്ളവയെ ആളുകളിലേക്ക് എത്തിക്കാനുള്ള മാധ്യമമായി അഭിലാഷ് ബാബു സിനിമയെ കാണുന്നു. ജീവിതത്തിന്റെ നേരുകൾ പറയുകയാണ് വേണ്ടത്. സമൂഹത്തിൽ ചർച്ചയാവേണ്ട വിഷയങ്ങളെ പുതിയ അവതരണ രീതികളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് സിനിമയുടെ ലോകത്ത് വ്യത്യസ്‌തനാവുകയാണ് ഈ ചെറുപ്പക്കാരൻ.









0 comments