പ്രിയപ്പെട്ടവൻ ഇന്നൊരു യാത്രയിലാണ്, രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി; കുറിപ്പുമായി സുഹൃത്ത്

തിരുവനന്തപുരം: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവതാരകനും നടനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഒരുമാസത്തിനടുത്തായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേഷ്. എയര്‍ ആംബുലന്‍സിലാണ് വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമത്തിൽ വിവരം കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
"നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയിലാണ്. പല രാജ്യങ്ങളില്‍, ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂര്‍ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജന്‍ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്.
29 ദിവസങ്ങളായി കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റര്‍മാരോടും, സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്‌മെന്റിനും നന്ദി.
രാജേഷിന് വേഗം വെല്ലൂരില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതിക്കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ക്കുന്നു. ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN, ശ്രീ യൂസഫലി സാര്‍, വേഫയറര്‍ ഫിലിം ടീം. എല്ലാവരോടും സ്‌നേഹം കട്ടക്ക് കൂടെ നില്‍ക്കുന്ന ചങ്കു സുഹൃത്തുക്കളോട് നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല. രാജേഷിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്നേഹം..നന്ദി.. നിങ്ങളുടെ പ്രാര്‍ത്ഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും.പ്രാര്‍ത്ഥിക്കുക കാത്തിരിക്കുക."









0 comments