മലയാളഭാഷതൻ
മാദകഭംഗി

p jayachandran
avatar
വി ജയിൻ

Published on Jan 10, 2025, 09:40 AM | 3 min read

തികച്ചും മനുഷ്യനായ ഗായകൻ. ഭാവഗായകനെന്ന് പി ജയചന്ദ്രനെ വിശേഷിപ്പിക്കുമ്പോൾ മനുഷ്യന്റെ വിവിധ ഭാവങ്ങളെ പൂർണമായും ആവിഷ്കരിക്കാൻ കഴിയുന്ന ഗായകൻ എന്നാണ് വിവക്ഷിക്കുന്നത്. പ്രണയമോ ഭക്തിയോ കരുണയോ വിരക്തിയോ എന്തുമാകട്ടെ, ജയചന്ദ്രന്റെ ആലാപനത്തിൽ അത് ഭദ്രമായിരിക്കും. മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കാവുന്ന ’60കളിലും ’70കളിലും യേശുദാസിനൊപ്പം പരിഗണിക്കപ്പെട്ട ഗായകൻ. ആകെ പാടിയതിൽ ജനമനസ്സുകളിൽ ഇടംപിടിച്ച ഗാനങ്ങളുടെ ശതമാനം നോക്കിയാൽ ഒരുപക്ഷേ ജയചന്ദ്രൻ ഒരുപടി മുന്നിൽത്തന്നെയാകും. മലയാളിയുടെ ചുണ്ടിൽനിന്നും മനസ്സിൽനിന്നും മാഞ്ഞുപോകാത്ത ഒരുപിടി ഗാനങ്ങളുടെ ഗായകൻ.


തലകുനിയാത്ത ഉന്നതർക്കൊപ്പമാണ് ജയചന്ദ്രൻ മലയാള ഗാനശാഖയിൽ പ്രശോഭിച്ചത്. കവിതയുടെ ആൾരൂപങ്ങളായിരുന്ന പി ഭാസ്കരനും വയലാറും ഒ എൻ വിയും ശ്രീകുമാരൻ തമ്പിയും. ഈണങ്ങളുടെ ചക്രവർത്തിമാരായിരുന്ന ജി ദേവരാജൻ, കെ രാഘവൻ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, എം കെ അർജുനൻ തുടങ്ങിയവർ. ഇങ്ങനെ മലയാള ചലച്ചിത്ര ഗാനശാഖ ഏറ്റവും മികച്ച ശിൽപ്പികളാൽ അനുഗ്രഹിക്കപ്പെട്ട കാലത്താണ് ജയചന്ദ്രൻ മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി വളർന്നത്. തമിഴിലെയും മികച്ച ഗാനങ്ങൾ പാടിയ ജയചന്ദ്രൻ കന്നഡ, തെലുങ്ക് ഭാഷകളിലും നിരവധി ഗാനങ്ങൾ പാടി. എം എസ് വിശ്വനാഥൻ, ഇളയരാജാ, എ ആർ റഹ്മാൻ എന്നിവരുടെ മികച്ച ഈണങ്ങൾക്ക് ജയചന്ദ്രൻ സാക്ഷാൽക്കാരം നൽകി.


മനസ്സിലെപ്പോഴും സംഗീതം നിറഞ്ഞുനിൽക്കുന്ന ഗായകൻ. പക്ഷേ, ശാസ്ത്രീയസംഗീതം പഠിച്ചില്ല. പഠിക്കാൻ ജി ദേവരാജൻ നിർബന്ധിച്ച് പറഞ്ഞയച്ചതാണ്. എസ് കല്യാണരാമന് ശിഷ്യപ്പെട്ടു. പക്ഷേ, തുടർന്നില്ല. സ്വതസിദ്ധമായ മടിയും കൂസലില്ലായ്മയും കാരണം ചിട്ടകൾക്കൊത്തുമാത്രം ചലിക്കുന്ന ഗായകനായില്ല. ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു. തന്നിഷ്ടപ്രകാരം ജീവിച്ചു. വ്യക്തിത്വം പണയം വച്ചില്ല. പക്ഷേ, സംഗീതത്തെ മനസ്സർപ്പിച്ച് ഉപാസിച്ചു. 1958ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പി ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാംസ്ഥാനം നേടിയപ്പോൾ ശാസ്‌ത്രീയസംഗീതത്തിലും ലളിതഗാനത്തിലും ഒന്നാംസ്ഥാനം യേശുദാസിനായിരുന്നു. ലളിതഗാനത്തിൽ രണ്ടാംസ്ഥാനം ജയചന്ദ്രന് ലഭിച്ചു. ഇരിഞ്ഞാലക്കുട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന ബാലസാഹിത്യകാരൻ കെ വി രാമനാഥൻ ജയചന്ദ്രന്റെ പാട്ട് സാഹിത്യസമാജം പരിപാടിയിൽ കേട്ടതാണ് സംഗീതത്തിലേക്ക് വഴിതിരിച്ചത്.


‘കുഞ്ഞാലി മരയ്ക്കാർ’ സിനിമയ്‌ക്കുവേണ്ടിയാണ് ആദ്യമായി പാട്ട് റെക്കോഡ് ചെയ്തത്. "ഒരു മുല്ലപ്പൂ മാലയുമായ് നീന്തി നീന്തി നീന്തിവന്ന് ഒന്നാം കടലിൽ മുങ്ങാംകുഴിയി-ട്ടൊന്നാം തിരമാല’ എന്ന യുഗ്മഗാനത്തിൽ ഒപ്പം പാടിയത് പ്രേമലത എന്ന ഗായികയായിരുന്നു. പക്ഷേ, ആദ്യം പുറത്തിറങ്ങിയത് കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനം. കേരളം സഹൃദയം ഏറ്റെടുത്ത പാട്ട്. പി ഭാസ്കരനും ജി ദേവരാജനും ചേർന്നൊരുക്കിയ ഈ ഗാനം ജയചന്ദ്രന്റെ സംഗീതയാത്രയ്‌ക്ക് മികച്ച തുടക്കമിട്ടു. ദേവരാജൻ മാസ്റ്ററെ എക്കാലവും മാനസഗുരുവായി കണക്കാക്കി. രണ്ടാളും മനസ്സിലുള്ളത് തുറന്നുപറയുന്ന പ്രകൃതക്കാർ. ദേവരാജൻ മാസ്റ്ററുടെ ചില ശീലങ്ങൾ തനിക്ക് പകർന്നുകിട്ടിയെന്ന് ജയചന്ദ്രൻ അഭിമാനിച്ചിരുന്നു.


1967ൽ ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അനുരാഗ ഗാനംപോലെ’ എന്ന ഗാനം ഭാവഗായകനായി ജയചന്ദ്രനെ അടയാളപ്പെടുത്താൻ പോന്നതായി. യൂസഫലി കേച്ചേരിയും ബാബുരാജും ചേർന്നാണ് ഈ ഗാനമൊരുക്കിയത്. നാദത്തിന്റെ നിത്യയൗവ്വനമാണ് ജയചന്ദ്രൻ എന്ന ഗായകന്റെ ഏറ്റവും വലിയ സവിശേഷത. ശിഥിലമാകാത്ത ശാരീരത്തിൽ സംഗീതത്തിന്റെ സൂക്ഷ്മചലനങ്ങളെയാകെ നിറച്ചുവയ്‌ക്കാനും ഭാവപൂർണിമ കെടാതെ കാക്കാനും കഴിഞ്ഞു. അതുകൊണ്ടാണ് ‘കരിമുകിൽ കാട്ടിലെ’ കേൾക്കുന്ന അതേ ആവേശത്തോടെ കഥയമമ കഥയമമയും കേൾക്കാൻ ആസ്വാദകർക്ക് കഴിയുന്നത്.


പഴയ ഗാനങ്ങളുടെ റീമിക്സുകളെ അതിശക്തമായി എതിർത്ത ജയചന്ദ്രൻ പക്ഷേ, പുതിയ സംഗീത സംവിധായകരുടെ മൗലികതയുള്ള ഈണങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. പുതിയ സംവിധായകർക്ക് ഏറ്റവും പ്രിയപ്പെട്ട മുതിർന്ന ഗായകനായി ജയചന്ദ്രൻ മാറിയത് അതുകൊണ്ടാണ്. യേശുദാസ് കാലഘട്ടത്തിൽ തന്റേതായ ഒരു കാലഘട്ടംതന്നെ സൃഷ്ടിച്ച ജയചന്ദ്രൻ അത് ജീവിതത്തിനൊപ്പം കൊണ്ടുനടന്നു.


മലയാള സംസ്കൃതിയിൽ അടയാളപ്പെടുത്തിയ നിരവധി ജയചന്ദ്രൻ ഗാനങ്ങളുണ്ട്. പൂവും പ്രസാദവും, മകരം പോയിട്ടും, മധുചന്ദ്രികയുടെ ചായത്തളികയിൽ, കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ട് കണ്ട്, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, തിരുവാഭരണം ചാർത്തി വിടർന്നു, നിൻ മണിയറയിലെ നിർമലശയ്യയിലെ, ഹർഷബാഷ്പം തൂകി, ഏകാന്ത പഥികൻ ഞാൻ, സന്ധ്യക്കെന്തിന് സിന്ദൂരം, മലരമ്പനെഴുതിയ മലയാള കവിതേ, മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ, ഇഷ്ടപ്രാണേശ്വരി, മലയാളഭാഷ തൻ മാദകഭംഗിയിൽ, കല്ലോലിനീ വന കല്ലോലിനീ, നീലക്കണ്ണുകളോ, തൊട്ടേനേ ഞാൻ, റംസാനിലെ ചന്ദ്രികയോ, ഉപാസന ഉപാസന, സുപ്രഭാതം സുപ്രഭാതം തുടങ്ങി എണ്ണമറ്റ ഗാനങ്ങൾ മലയാളക്കര ഏറ്റുപാടി.


തമിഴിലും തരംഗം സൃഷ്ടിച്ച ഗായകനാണ് ജയചന്ദ്രൻ. ഏറ്റവും മഹാനായ സംഗീതസംവിധായകനായി ജയചന്ദ്രൻ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള എം എസ് വിശ്വനാഥനാണ് മികച്ച ഗാനങ്ങൾ നൽകിയത്. രാസാത്തി ഉന്നൈ കാണാമെ നെഞ്ച്, കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോകുതടീ, കൊടിയിലേ മല്ലിഗൈപ്പൂ മണക്കുതേ, എൻമേൽ വിഴുത്ത മഴത്തുളിയേ, താലാട്ടുതേ വാനം, കാളിദാസൻ കണ്ണദാസൻ, തെൻട്രലത് ഉന്നിടത്തിൽ, വസന്തകാലങ്കൾ ഇസൈന്ത് പാടുങ്കൾ തുടങ്ങി നിരവധി ഗാനങ്ങൾ തമിഴ്മണം വഹിച്ചു നിൽക്കുന്നു. തമിഴ് സംസ്കാരത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ സ്പർശം ഈ ഗാനങ്ങളിലുണ്ട്.


സിനിമാഗാനങ്ങൾക്കു പുറമേ സിനിമേതര ഗാനങ്ങളിലും മികച്ച റെക്കോഡാണ്. ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയിൽ പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങളുടെ സുവർണ കാലഘട്ടത്തിൽ ജയചന്ദ്രനും മികച്ച ഗാനങ്ങൾ പാടിയിട്ടുണ്ട്. ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകശ്രദ്ധ നേടി. മലയാള സിനിമയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ ഒപ്പംനടന്ന കലാകാരനാണ് ജയചന്ദ്രൻ. വിരമിക്കാതെ സംഗീതസപര്യ തുടർന്ന കലാകാരൻ. വാർധക്യത്തിലും സംഗീതം യൗവ്വനത്തിളക്കത്തിൽ കാത്തുസൂക്ഷിച്ച അവധൂതൻ.



deshabhimani section

Related News

View More
0 comments
Sort by

Home