എന്തൊരു ചേലാണ്’ കണ്ടിരിക്കാൻ; 'തുടരും' സിനിമയിലെ പാട്ട് ട്രെൻഡിങിൽ
കൊച്ചി : മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് ട്രെൻഡിങ്ങിൽ. ‘കൺമണി പൂവേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. എം ജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചത്.
പാട്ട് മണിക്കൂറുകൾക്കകം മില്യനിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മോഹൻലാൽ–ശോഭന താരജോടി തരുന്ന ഫീൽ വേറെ തന്നെയാണെന്നും ഇരുവരെയും വീണ്ടും ഒന്നിച്ച് സ്ക്രീനിൽ കാണാനായതിൽ ഏറെ സന്തോഷമെന്നും പ്രേക്ഷകർ പ്രതികരിച്ചു. എം ജി ശ്രീകുമാറിന്റെ ആലാപനവും കൂടിയായപ്പോൾ ഗാനത്തിന്റെ മികവ് കൂടി.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’. 15 വർഷത്തിനു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.









0 comments