'നിലാ കായും..' കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്.









0 comments