'ഏനൊരുവന്‍ മുടി അഴിച്ചിങ്ങാട്ണ്'.., ആരാധകരെ കോരിത്തരിപ്പിച്ച് മോഹന്‍ലാല്‍; വൈറലായി ഒടിയനിലെ രണ്ടാം ഗാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2018, 06:13 AM | 0 min read

കൊച്ചി > ആരാധകരെ വീണ്ടും ആവേശത്തിലാക്കി ഒടിയനിലെ ഗാനം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. ഈ ഗാനത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഗായകനായെത്തുകയാണ്.

പ്രഭാവര്‍മ രചിച്ച് എം ജയചന്ദ്രന്‍  സംഗീതം നല്‍കി മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന 'ഏനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനം യൂട്യൂബില്‍ 5 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് ഗാനം.

പ്രഭാവര്‍മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം തുടങ്ങുന്നതിന് മുന്‍പ് മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വിവരണവും ആരാധകര്‍ക്കായുണ്ട്. ഗാനം പുറത്തുവിടുന്ന വിവരം  നേരത്തെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഗായകന്‍ ആരാണെന്നകാര്യം പ്രേക്ഷകരോട് ഊഹിക്കാന്‍ പറഞ്ഞായിരുന്നു പോസ്റ്റ്.

ഈ വര്‍ഷം പുറത്തിറങ്ങിയ നീരളി എന്ന ചിത്രത്തിന് വേണ്ടി സ്റ്റീഫന്‍ ദേവസിയുടെ സംഗീതത്തില്‍ 'അഴകേ അഴകേ' എന്നു തുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ അവസാനം ആലപിച്ചിരുന്നത്. 2012 ല്‍ റണ്‍ ബേബി റണ്ണിനു വേണ്ടി ആലപിച്ച 'ആറ്റുമണലില്‍ പായയില്‍' എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു.

ചിത്രത്തിലെ 'കൊണ്ടോരാം കൊണ്ടോരാം' എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റേതായി മൊബൈല്‍ ആപ്പും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഈ മാസം  14നാണ് ഒടിയന്‍ തീയറ്ററുകളിലെത്തുക.
 



deshabhimani section

Related News

View More
0 comments
Sort by

Home