ഇളയരാജയുടെ നീക്കം അധാർമ്മികം; റോയല്‍റ്റി സംവിധാനം തന്നെ മാറണം: ജി വേണുഗോപാൽ

ത്യാഗരാജ സ്വാമികളോ ശ്യാമ ശാസ്ത്രികളോ ഒക്കെ തങ്ങളുടെ കീര്‍ത്തനങ്ങള്‍ പഠിക്കണമെങ്കിലോ പാടണമെങ്കിലോ ഇത്ര തുക കെട്ടിവെക്കണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു എങ്കില്‍ ഇന്നിത്രയും സംഗീതജ്ഞരോ പാട്ടുകാരോ ഇവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ അത്തരം ഒരു കാലത്തിന്റെ സൗഭാഗ്യം കിട്ടി സംഗീത സംവിധായകനായ ആളാണ് ഇളയരാജ. ആദ്യകാലത്ത് എസ്‌പിബിയെയും എസ് ജാനകിയെയും പോലുള്ളവരുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് അവരുടെ ശബ്ദത്തിലൂടെയല്ലേ അദ്ദേഹത്തെപ്പോലെയുള്ളവര്‍ പ്രസിദ്ധരായത്?.അതുകൊണ്ടാണ് ഇളയരാജയുടെ നോട്ടീസ് അധാര്‍മ്മികമാണെന്നു പറഞ്ഞത്.
വിവിധ രാജ്യങ്ങളില്‍ ഇന്ന് റോയല്‍റ്റി പിരിയ്ക്കാന്‍ സംവിധാനമുണ്ട് . അതിനായി സംഘടനകള്‍ പ്രവര്‍ത്തിയ്ക്കുന്നു.അമേരിക്കയില്‍ American Society of Composers, Authors and Publishers (ASCAP) ഉണ്ട് . ഇന്ത്യയില്‍ പണ്ടേ ഉള്ളത് ഐ പി ആര്‍ എസ് (The Indian Peforming Right Society Limited) എന്ന സംഘടനയാണ്.
എഫ് എം റേഡിയോ, വലിയ ഓഡിറ്റോറിയങ്ങള്‍, ഡാന്‍സ് ബാറുകള്‍, കരോക്കേ കേന്ദ്രങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, മെട്രോനഗരങ്ങളിലെ സംഗീത സദസ്സുകള്‍ എന്നിടങ്ങളിലൊക്കെ റോയല്‍റ്റി പിരിക്കുന്നുണ്ട്്. മുന്‍കൂറെത്തി ഐപിആര്‍എസ് പ്രതിനിധികള്‍ പാട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച് പണം വാങ്ങുന്നുണ്ട്. ടിവിയില്‍ പഴയ ഹിന്ദി പാട്ടുകള്‍ ഞങ്ങളാരെങ്കിലും പാടിയാല്‍ പോലും ടിവി ചാനലുകള്‍ വിലക്കുന്നു. റഫിയുടെയും മന്നാഡെയുടെയും ഒക്കെ പാട്ടുകളുടെ പകര്‍പ്പ് പാടിച്ച് ആല്‍ബങ്ങളിറക്കി പണം കൊയ്ത് വളര്‍ന്ന കമ്പനികളാണ് ഇപ്പോള്‍ പകര്‍പ്പവകാശത്തിന്റെ പേരിലും പണപ്പിരിവിനിറങ്ങൂന്നതെന്ന വിരോധാഭാസവുമുണ്ട്.
കൂട്ടത്തില്‍ ഈ റോയല്‍റ്റി സംവിധാനം ഇങ്ങനെ മതിയോ എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു എന്ന് കൂടി അഭിപ്രായമുണ്ട്. ഗാനങ്ങള്‍ക്ക് പകര്‍പ്പവകാശ നിയമപ്രകാരം റോയല്‍റ്റി തുക ലഭിച്ചുതുടങ്ങുമ്പോള്‍ നമുക്കറിയാവുന്ന വമ്പിച്ച ധനികന്മാരായ ഏതാനും കുറച്ച് സംഗീത സംവിധായകരും ഗായകരും ഇനിയും ധനികരാകും. ലോകത്തിലെവിടെയും സംഭവിക്കുന്നതുപോലെ ധനം ഉള്ളിടത്തേക്ക് വീണ്ടും ധനം ഒഴുകിയെത്തും. കഥയറിയാതെ പാട്ടുകേള്‍ക്കുകയും കാണുകയും ചെയ്യുന്ന കലാസ്വാദകര്‍ അവര്‍ അറിയാതെ അവരുടെ നികുതിപ്പണവും റോയല്‍റ്റി തുകയിലേക്ക് ചേര്‍ക്കും. പാവപ്പെട്ട പട്ടിണി കോലങ്ങളായ ചില ഗായകര്‍ അപ്പോഴും തെരുവില്‍ മരിച്ചുവീഴാം.
ഈ റോയല്‍റ്റി തുക അവശത അനുഭവിക്കുന്ന ഗായകരെ സഹായിക്കാനായി ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാനല്ലേ ശ്രമം വേണ്ടത്?. അതിനായി ഒരു അതോറിറ്റി നിലവില്‍ വരണം. അതോറിറ്റിയില്‍ പാട്ടുകാര്‍ക്കും എഴുത്തുകാര്‍ക്കും സംഗീത സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പ്രാതിനിധ്യവും സര്‍ക്കാര്‍ നിയന്ത്രണവും ഉണ്ടാകട്ടെ. സംഗീത സംവിധായകരും ഗായകരും ഒക്കെ അതിനു ഒരുമിച്ചുനില്ക്കുകയാണ് വേണ്ടത്.









0 comments