'വലതുവശത്തെ കള്ളൻ': ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പ് അടിച്ചു, ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണം തുടങ്ങി

Valathuvasathe kallan
വെബ് ഡെസ്ക്

Published on May 26, 2025, 08:30 PM | 1 min read

കൊച്ചി: മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയായ 'വലതുവശത്തെ കള്ളൻ' സിനിമയുടെ ചിത്രീകരണത്തിന് തുടക്കം. നടൻ ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാവ് ഷാജി നടേശൻ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. തിരക്കഥയുടെ പൂർണ്ണരൂപം ചടങ്ങിൽ ഡിനു തോമസിൽ നിന്ന് സംവിധായകൻ ജീത്തു ജോസഫും നിർമ്മാതാവ് ഷാജി നടേശനും ചേർന്ന് ഏറ്റുവാങ്ങി.


ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ലഭിച്ചിരിക്കുന്ന സൂചനകൾ. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരുന്നത്.


ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് മനസിലാക്കാനാകുന്നത്. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റിൽ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. പിആർഒ : ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home