'ഇത് സത്യത്തിന്റെയും രാജ്യത്തിന്റെയും പ്രതീകം'; കഥകളി വേഷത്തിലുള്ള ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ

കൊച്ചി: ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’ന്റെ പുതിയ അപ്ഡേറ്റുമായി അക്ഷയ്കുമാർ. സിനിമയിലെ രംഗത്തിലേതെന്ന് സൂചിപ്പിക്കുന്ന കഥകളി വേഷത്തിലുള്ള ചിത്രമാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാഠപുസ്തകങ്ങളിൽ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഈ ഏപ്രിൽ 18 ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം അക്ഷയ്കുമാർ കുറിച്ചിരിക്കുന്നത്.
ഇത് വെറുമൊരു വേഷമല്ല, രാജ്യത്തിന്റെ, സംസ്കാരത്തിന്റെ , ചെറുത്തുനിൽപ്പിന്റെ, സത്യത്തിന്റെ പ്രതീകമാണ്. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ആത്മാവിലെ തീ കൊണ്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം പോരാടി- അക്ഷയ് കുമാർ കുറിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് കേസരി 2ന്റെ പ്രമേയം. അക്ഷയ് കുമാറാണ് ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നത്. മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സി.ശങ്കരൻ നായരുടെ കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും മാർഷൽ നിയമത്തിനെതിരെയുമുള്ള സി ശങ്കരൻ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം. ഏപ്രിൽ 18ന് റിലീസിന് എത്തുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ തീയേറ്ററുകളിൽ എത്തും.








0 comments