'പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും ഷണ്‍മുഖത്തെ നന്നായി അറിയാമായിരുന്നു'; തുടരും സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത്

കൊച്ചി: മോഹൻലാൽ- ശോഭന കോംബോയിൽ തരുൺ മൂർത്തി ഒരുക്കിയ ചിത്രം തുടരും ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണിത്. മോഹൻലാൽ വിജയം തുടരുകയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയ്ക്ക് ഒപ്പമെത്തിയ കോമ്പിനേഷനും പ്രശംസ നേടുന്നുണ്ട്.
ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തുടരും സിനിമയിലേക്കെത്തിയതിന് പിന്നിലെ സന്ദർഭം വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ സുനിൽ. ഫേസ്ബുക്ക കുറിപ്പിലാണ് ഇക്കാര്യം പങ്കുവച്ചത്. ചിത്രം പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുന്നതായും സുനിൽ കുറിച്ചു.
"കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളില്‍ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പിന്നീടുള്ള യാത്രകളില്‍ അയാളൊരു കഥയായി ഉള്ളില്‍ പരിണമിച്ചു. ടാക്‌സി ഡ്രൈവറായി ജീവിതംകൊണ്ട അയാള്‍ക്കൊരു പേരും വീണു, ഷണ്‍മുഖം! ഒഴിവുനേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്. അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹന്‍ലാലിനോളം വലിപ്പം!
ആദ്യം കഥ കേട്ടത് മൂന്ന് പേരായിരുന്നു; രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍. തീര്‍ത്തും സാങ്കല്‍പികമായിരുന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്‍മുഖത്തെ പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും നന്നായി അറിയാമായിരുന്നു. ജീവിതത്തിനും ലൊക്കേഷനുകള്‍ക്കുമിടയിലുള്ള യാത്രകളില്‍ പലയിടങ്ങളില്‍ വെച്ച് അവര്‍ ഷണ്‍മുഖത്തെപ്പോലൊരു ഡ്രൈവറെ പലവട്ടം കണ്ടിട്ടുണ്ടായിരുന്നു! സിനിമ സംഭവിക്കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിവന്നില്ല.
എന്നാല്‍, പല കാരണങ്ങളാൽ സിനിമ വൈകി. അതിനിടയില്‍ പലരും വന്നുപോയി, ഞാനും പല സാധ്യതകളിലേക്ക് നീങ്ങി. ഒടുവില്‍, രഞ്ജിത്തേട്ടന്‍ വഴിയുള്ള തരുണിന്റെ കടന്നുവരവ് വലിയ വഴിത്തിരവായി. എഴുത്തിലെ തരുണിന്റെ ഇടപെടല്‍ തിരക്കഥയ്ക്ക് വീറ് കൂട്ടി, ആ മികച്ച സംവിധായകനിലൂടെ പുതിയ കാലത്തിന്റെ സിനിമയായി. ചിത്രീകരണത്തിനിടെ, വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന കഥാ സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം മുന്നിലവതരിക്കപ്പെട്ട ചില നേരങ്ങളില്‍ ഞാനും വികാരാധീനനായി..
ഈ യാത്രയില്‍ പല കാലങ്ങളിലായി ഒപ്പം ചേര്‍ന്ന അനേകം മനുഷ്യരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും എന്ന സിനിമ.
പ്രിയപ്പെട്ട ലാലേട്ടന്‍, രഞ്ജിത്തേട്ടന്‍, ആന്റണിച്ചേട്ടൻ, തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന ഗോഗുല്‍ ദാസ് ഇവരോടാരോടും നന്ദി പറയേണ്ടതില്ല. സഹപ്രവര്‍ത്തകന്റെ റോളുപേക്ഷിച്ച് സഹോദരനായി കയറിവന്ന് ഉള്ളിലിടംപിടിച്ച തരുണിനോടെന്തിന് സ്‌നേഹപ്രകടനം.കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള ഞങ്ങളുടെയെല്ലാം യാത്രയാണിത്"- എന്നാണ് സുനിൽ കുറിച്ചത്.









0 comments