റീ റിലീസിൽ 'തല'പ്പൊക്കം; ആവേശത്തോടെ വരവേറ്റ് ആരാധകർ

തിരുവനന്തപുരം: വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്ക് തലയും പിള്ളേരും ഇന്നും ആവേശമാണ്. 18 വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുംബൈ വീണ്ടും തീയറ്ററുകളിലെത്തി. റീ റിലീസ് ട്രൻഡിൽ ഛോട്ടാ മുംബൈക്ക് തലപ്പൊക്കമാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർട്രയിനറായ ചിത്രത്തിലെ കഥാപാത്രങ്ങളും ഡയലോഗുകളും പ്രേഷകർക്ക് കാണാപ്പാഠമാണ്. എങ്കിലും ആദ്യത്തെ അതേ ആവേശത്തോടെയാണ് ആരാധകർ സിനിമ കൊണ്ടാടുന്നത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007ലാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. ബെന്നി പി നായരമ്പലമാണ് രചന നിർവഹിച്ചത്. മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്തത്.

തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.
ചിത്രത്തിലെ ചെട്ടികുളങ്ങര ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സംഗീതസംവിധായകൻ രാഹുൽ രാജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. വാസ്കോ ഡ ഗാമ, പൂനിലാമഴ, തല, ചെട്ടികുളങ്ങര, ഛോട്ടാ മുംബൈ എന്നിങ്ങനെ വൈകാരികവും ആതേ സമയം ആവേശം ചോരാത്ത ആഘോഷവുമായിരുന്നു ചിത്രത്തിലെ പാട്ടുകൾ.
പ്രീ ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കകമാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത്. നേരത്തെ മെയ് 21ന് ചിത്രം റിലീസ് ചയ്യാൻ തീരുമാനിച്ചിരുന്നങ്കിലും തുടരും സിനിമയുടെ വിജയത്തിന് പിന്നാലെ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.









0 comments