ആ പൂമ്പാറ്റകൾ ഇന്നും പറന്നുകൊണ്ടേയിരിക്കുന്നു; 'പ്രേമം' തുടരുന്ന പത്താം വർഷം...

അമ്പിളി ചന്ദ്രമോഹനൻ
Published on May 29, 2025, 01:14 PM | 3 min read
ജോർജ് ഡേവിഡിനെ ഓർമയുണ്ടോ? അയാളെ പെട്ടെന്ന് ഓർമ വരുന്നില്ല അല്ലേ. മേരി, മലർ, സെലിൻ എന്നിവരോട് ചേർത്തുവായിക്കുമ്പോൾ എന്തായാലും ജോർജിനെ മറക്കാനിടയില്ല. പ്രേമത്തിൽ നിവിൽ പോളി അവതരിപ്പിച്ച ജോർജ് ഡേവിഡ് എന്ന കഥാപാത്രം പ്രേഷക മനസിൽ അത്രയേറെ സ്ഥാനം പിടിച്ചിട്ടുണ്ട്. എത്ര ആവർത്തി കണ്ടാലും പുതുമ നഷ്ടപ്പെടാതെ ഇന്നും പ്രേഷകർ കാണുന്ന സിനിമയാണ് പ്രേമം.

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് 2015 മെയ് 29 ന് പുറത്തിറങ്ങിയ ചലച്ചിത്രമാണ് പ്രേമം. അൻവർ റഷീദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു ഇത്. ജോർജ് എന്ന സാധാരണക്കാരന്റെ 1984 മുതൽ 2014 വരെയുള്ള കാലഘട്ടത്തെ സിനിമയിലൂടെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു അൽഫോൺസ് പുത്രൻ. മുപ്പത് വയസിനിടയിൽ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മൂന്ന് പ്രണയങ്ങളായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം.

1984ലാണ് കഥയുടെ തുടക്കം. 10 ആഗസ്ത് 2000ലാണ് ജോർജ് മേരിക്ക് ആദ്യ പ്രണയലേഖനമെഴുതുന്നത്. ചാളയോടുള്ള പ്രേമം പോലെ ആഴത്തിലുള്ളതായിരുന്നു ജോർജിന് മേരിയോടുള്ള പ്രണയവും. പിന്നീട് മറ്റൊരു ജോർജ് മേരിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുവരെ ആ പ്രണയം തുടരുകയും ചെയ്തു. പത്താം ക്ലാസ് ഫസ്റ്റ് ക്ലാസിൽ പാസായി, പ്ലസ്ടു കഷ്ടിച്ച് രക്ഷപ്പെട്ട്, കോളേജ് കാലഘട്ടത്തിലെത്തിയപ്പോഴേക്കും അലസനായ ജോർജിനെയാണ് പ്രേഷകർ കാണുന്നത്.
മദ്യപിച്ച്, വല്ലപ്പോഴും ക്ലാസിൽ കയറുന്ന ജോർജ് മലർ മിസിന്റെ വരവോടെ ക്ലാസുകളിൽ നിറസാന്നിധ്യമാകുന്നുണ്ട്. പ്രേമമെന്ന വികാരത്താൽ ജോർജ് പിന്നീട് ജീവിതത്തിന്റെ ട്രാക്ക് മാറ്റുന്നു. മലർ മിസ് 'മലർ' ആകുന്നതും പിന്നീട് ജോർജിന് അവളെ മിസ് ആകുന്നതും പ്രേഷകർ ഹൃദയ വേദനയോടെ കണ്ടുതീർത്തു. ഹൃദയത്തിനേറ്റ മുറിവുകൾ കാലം മറയ്ക്കുമെന്ന് വീണ്ടും തെളിയിച്ച് സംരഭകനായ, മുതലാളി എന്ന വിളിയിൽ അസ്വസ്ഥനാകുന്ന പുതിയ ജോർജിനെയും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. അവിടെ വച്ച് സെലിനെ കണ്ടുമുട്ടുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നതോടെയാണ് ജോർജിന്റെ പ്രണയ കഥ പുതിയൊരു ഘട്ടത്തിലേക്കെത്തുന്നതും സിനിമ അവസാനിക്കുന്നതും.

ജോർജിന്റെ ജീവിതത്തിൽ കാണാനാകുന്നത് പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ്. പ്രണയത്തിനൊപ്പം ഒരിക്കലും കൈവിടാത്ത സൗഹൃദത്തിന്റയും കഥ പറയുന്നുണ്ട് ചിത്രം. ശംഭു, കോയ, ജോജോ എന്നീ കൂട്ടുകാർ ജോർജിനൊപ്പം ആദ്യാവസാനമുണ്ട്. ജോർജിന്റെ ചെറുപ്പകാലത്ത് ഐസ് ഫ്രൂട്ട് വിറ്റിരുന്ന ബേബി ചേട്ടൻ, കോളേജ് കാലഘട്ടത്തിലെത്തിയപ്പോൾ കാന്റീൻ ജീവനക്കാരനായും തുടർന്ന് കേക്ക് കട തുടങ്ങുമ്പോൾ അവിടെ സെക്യൂരിറ്റിയായും എത്തുന്നുണ്ട്. ജോർജിന്റെ ഇരുപതുകളിലുള്ള ജീവിതത്തിലെ കഥാപാത്രങ്ങളുടെ തുടർച്ചയാണ് മുപ്പതുകളിലെത്തുമ്പോളും പ്രേഷകർ കാണുന്നത്. ഗിരിരാജൻ കോഴിയും, വിമൽ സാറും തുടങ്ങി ഇപ്പോഴും ഓർത്തിരിക്കുന്ന നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. മണിയൻപിള്ള രാജു, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
മറ്റ് ചിത്രങ്ങളിലെ നായകന്മാരെ പോലെ സർവഗുണ സമ്പന്നനൊന്നുമല്ല പ്രേമത്തിലെ ജോർജ്. അൽപ്പസ്വൽപ്പം വായിനോട്ടമൊക്കെയുള്ള, അലസനായ, ഇടയ്ക്കിടെ മദ്യപിക്കുന്ന തിളയ്ക്കുന്ന യുവത്വത്തിന്റെ ഉടമ. എന്നാൽ അയാളുടെ എല്ലാ തെറ്റുകുറ്റങ്ങളോടെയും പ്രേഷകർ അയാളെ സ്വീകരിക്കുന്നുണ്ട്. 2015ലെ ട്രെൻഡ് സെറ്ററായിരുന്നു പ്രേമം എന്ന് പറയാം. കറുത്ത ഷർട്ടും വെള്ളമുണ്ടും ധരിച്ച് കോളേജ് പരിപാടികളിൽ പങ്കെടുക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിരുന്നു. തുടർന്ന് ആ കോംബോ ഒരു ബ്രാൻഡ് ആയി ഇന്നും നിലനിൽക്കുന്നുണ്ട്.

ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ വാർത്തകളെത്തിയതോടെ പ്രേമം സിനിമയെക്കുറിച്ച് കൂടുതലാളുകളറിഞ്ഞു. മറ്റ് പ്രൊമോഷനുകളില്ലാതെ ഒരു മലയാള ചിത്രം പ്രശസ്തമാകുന്നതും ആദ്യമായിട്ടാകും. പിന്നീട് സൈബർക്രൈമുകളെ ആധാരമാക്കി തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയിലും സിനിമയെക്കുറിച്ച് പ്രതിബാധിക്കുകയുണ്ടായി. പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 2015ൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് 2016 ഒക്ടോബറിൽ പ്രദർശനത്തിനെത്തി. തമിഴ്നാട്ടിൽ ഏറെക്കാലത്തിന് ശേഷം വലിയ സ്വീകാര്യതയുണ്ടായ മലയാള ചിത്രമായിരുന്നു പ്രേമം. മുന്നൂറ് ദിവസമാണ് തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിച്ചത്.
സിനിമയിലെ ഡയലോഗുകൾ പോലെ തന്നെ പാട്ടുകളും വ്യത്യസ്തമായിരുന്നു. പ്രേമം പുറത്തിറങ്ങുന്നതിനും എത്രയോ നാളുകൾ മുന്നേ ആലുവാ പുഴയുടെ തീരത്ത് എന്ന ഗാനം മലയാളികളുടെ ചുണ്ടുകൾ മൂളിത്തുടങ്ങിയിരുന്നു. കാലം കെട്ടു പോയ്, പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടെ, സീൻ കോൺട്രാ, കലിപ്പ്, റോക്കാൻ കൂത്ത്, മലരേ എന്നീ ഗാനങ്ങളും ഇന്നും പലരുടെയും പ്ലേലിസ്റ്റുകൾ അടക്കി വാഴുന്നുണ്ട്. മലർ മിസായി പ്രേഷകരിലേക്കെത്തിയ സായ് പല്ലവി ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള, വലിയ താരമൂല്യമുള്ള നടിയായി. മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരനും തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളിലും സജീവമായി.

പുതുമുഖ നായികമാരെന്നപോലെ ചിത്രത്തിന്റ അവതരണവും മലയാള സിനിമയ്ക്ക് പുതിയതായിരുന്നു. പ്രത്യേകിച്ച് ട്രെയിലർ കട്ടുകളൊന്നും ചിത്രത്തിന് ഉണ്ടായിരുന്നില്ല. അൽഫോൻസ് പുത്രന്റെ എഡിറ്റിങ് ശൈലികളും മലയാള സിനിമയ്ക്ക് പുതുമയുള്ളതായിരുന്നു. ദൈവത്തിനും സൂര്യനും കാലത്തിനും പ്രേമത്തിനും നന്ദി പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. അപ്പോൾ മുതൽ ഒപ്പം കൂടുന്ന പൂമ്പാറ്റ(പൂമ്പാറ്റകൾ) എൻഡ് ക്രെഡിറ്റ് കഴിയുന്നതുവരെ സിനിമയ്ക്കും പ്രേഷകർക്കും ഒപ്പമുണ്ട്. "ദൈവം ചലിക്കാനാവാത്ത പൂക്കളെ പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു. ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് പൂമ്പാറ്റയെ പ്രേമം എന്ന വികാരമായി നൽകി. ബട്ടർഫ്ലൈസ് ആർ മെൻ്റലി മെൻ്റൽ. സോ ഈസ് ലവ്" എന്ന വാചകങ്ങൾ പ്രേഷകരും കൂടെ കൂട്ടുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോഴുണ്ടായിരുന്ന പ്രേമത്തോടുള്ള പ്രണയം പത്ത് വർഷങ്ങൾക്കിപ്പുറവും പ്രേഷകർ ഇന്നും അവസാനിപ്പിച്ചിട്ടില്ല.









0 comments