പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടരുത്... സജിൻ ഗോപു സംസാരിക്കുന്നു

കെ എ നിധിൻ നാഥ്
Published on Feb 15, 2025, 10:15 PM | 2 min read
സജിൻ ഗോപു എന്ന പേരിനേക്കാൾ പ്രേക്ഷകർക്കറിയുക അമ്പാനെയായിരിക്കും. ആവേശത്തിലെ രങ്കയുടെ എല്ലാമെല്ലാമായ അമ്പാൻ. പിന്നീടയാൾ പൊൻമാനിലെ മരിയാനോയായി. ഇപ്പോൾ പൈങ്കിളിയിലെ സുകു. ഒരു പതിറ്റാണ്ടിനോട് അടുക്കുന്ന സിനിമാ ജീവിതത്തിൽ സജിൻ ഗോപുവിന്റെ മികച്ച കാലമാണിത്. പൊൻമാൻ തിയറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. നായകനാകുന്ന ആദ്യ സിനിമ പൈങ്കിളിയും തിയറ്ററിലെത്തി.
സ്വഭാവ നടനായി തുടങ്ങി നായകനിലേക്കുള്ള സജിന്റെ വളർച്ച അദ്ദേഹം നടത്തിയ കഥാപാത്ര തെരഞ്ഞെടുപ്പുകളുടേതുകൂടിയാണ്. ഒന്നിൽനിന്ന് അടുത്തതിലേക്കുള്ള യാത്രയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ നടത്തിയ പരിശ്രമം അത്രമേൽ മികച്ചതാണ്. സജിൻ ഗോപു എന്ന നടൻ മലയാള സിനിമയിൽ സ്വയം അടയാളപ്പെടുത്തുന്നത് ചുരുളിയിലെ ഡ്രൈവർ വേഷത്തിലൂടെയാണ്. രോമാഞ്ചത്തിലെ നിരൂപ്, പിന്നീട് അമ്പാൻ ഇങ്ങനെ പ്രേക്ഷക സ്വീകാര്യത നേടിയ വേഷങ്ങൾ. ഇന്നിപ്പോൾ മലയാള സിനിമയിൽ നായകൻ. സിനിമയെന്ന സ്വപ്‌നം സാധ്യമാക്കിയ യാത്രയെക്കുറിച്ച് സജിൻ ഗോപു സംസാരിക്കുന്നു.
കളർഫുൾ പടം
എല്ലാവർക്കും തിയറ്ററിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന പടമാണ് പൈങ്കിളി. പക്ക കൊമേഴ്‌ഷ്യലായ കളർഫുൾ എന്റർറ്റൈനർ. യൂത്ത്, കുട്ടികൾ, പ്രായമായവർ അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെടുന്നത്. ചില രംഗങ്ങൾ കാണുമ്പോൾ ഇത് അതല്ലേ, പണ്ട് കണ്ടിട്ടുണ്ടല്ലോ എന്ന് പ്രേക്ഷകർക്ക് തോന്നും. ആളുകളെ ചിരിപ്പിക്കുന്ന തമാശ സിനിമകൾക്ക് എല്ലാക്കാലത്തും പ്രേക്ഷകരുണ്ട്.
നായകൻ
നല്ല കഥാപാത്രങ്ങൾ ചെയ്യണം. സ്വഭാവ നടനാകണം എന്ന് ആഗ്രഹിച്ചാണ് സിനിമയിലെത്തിയത്. നായകനാകണം എന്ന് ആഗ്രഹിച്ചിട്ടില്ല. സംഭവിച്ച് പോയതാണ്. വലിയ ബാനറിലാണ് പൈങ്കിളി ഒരുങ്ങിയത്. ഫഹദ് ഫാസിലും ജിത്തു മാധവനുമൊക്കെ ചേർന്ന് നിർമിക്കുന്ന ചിത്രം. ജിത്തുവിന്റെ തിരക്കഥ, ശ്രീജിത്തിന്റെ ആദ്യ സിനിമ. ഞാനാണ് നായകൻ എന്നതിനാൽ എനിക്ക് അതിൽ വലിയ ഉത്തരവാദിത്വമുണ്ട്. നല്ല ടെൻഷനുമുണ്ട്. ജിത്തുമാധവനെ പരിചയപ്പെടുന്നത് രോമാഞ്ചത്തിന്റെ ചിത്രീകരണ സമയത്താണ്.
പ്രേക്ഷകരുടെ സമയം വലുതാണ്
ആളുകൾ കാണുന്ന, അവരെ രസിപ്പിക്കുന്ന തരം സിനിമ ചെയ്യണം. പ്രേക്ഷകർ തിയറ്ററിലിരിക്കുന്ന 2– -2.5 മണിക്കൂർ അവരെ എന്റർറ്റൈൻ ചെയ്യാൻ കഴിയണം. അവർ അവരുടെ പണവും സമയവും ചെലവഴിച്ചാണ് വരുന്നത്. ആളുകളുടെ സമയം വളരെ വലുതാണ്. ആളുകൾക്ക് നമ്മളിൽ ഉണ്ടാകുന്ന വിശ്വാസമാണ് ഏറ്റവും വലുത്. അത് നഷ്ടമായാൽ പിന്നീട് തിരിച്ചു പിടിക്കാൻ വലിയ ബുദ്ധിമുട്ടാണ്.
ആവർത്തനം
ഇപ്പോ വീടിന്റെ അവിടെയുള്ള റോഡിലൂടെ പോകുമ്പോൾ അവിടെയെല്ലാം ഞാനുള്ള പൊൻമാന്റെയും പൈങ്കിളിയുടെയും പോസ്റ്റർ കാണാം. ഓരോ കഥാപാത്രം തെരഞ്ഞെടുക്കുന്നതും ആലോചിച്ചാണ്. മലയാളത്തിൽ സ്‌ത്രീധനം വിഷയമായി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ, പൊൻമാനെ വ്യത്യസ്‌തമാക്കിയത് അത് എല്ലാവർക്കും കണക്ടാക്കുന്ന ലൈഫുള്ളതിനാലാണ്. കഥാപാത്രങ്ങൾ ആവർത്തിക്കാതിരിക്കാനും അതിൽ വ്യത്യസ്‌തമായി എന്ത് ചെയ്യാൻ കഴിയുമെന്നും നോക്കാറുണ്ട്.
വെറുപ്പിക്കരുത്
കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്നതാണോ എന്ന് നോക്കി മാത്രമാണ് തെരഞ്ഞെടുക്കാറ്. രണ്ടു സീനാണെങ്കിലും എനിക്ക് ലിഫ്‌റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കും. ആളുകളെ വെറുപ്പിക്കരുതെന്നാണ് എപ്പോഴും ചിന്തിക്കുന്നത്. കഥാപാത്രമാകാൻ ശരീര ഘടനയിലും രൂപത്തിലുമൊക്കെ മാറ്റം വരുത്തും. എല്ലാവരും തങ്ങളുടെ 100 ശതമാനം കൊടുക്കുമെന്നാണ് പറയുക. ഞാൻ 150 ശതമാനം കൊടുക്കാറുണ്ട്. പൂർണതയ്‌ക്കുവേണ്ടി അത്രയും പരിശ്രമിക്കും. ഞാൻ ആലുവ സ്വദേശിയാണ്. പൈങ്കിളിയിലെ കഥാപാത്രം ആലുവക്കാരനാണ്. സ്വന്തം നാട്ടിലാണ് കഥ നടക്കുന്നത്. എന്നാൽ, പൊൻമാനിലെ കഥാപാത്രമാകാൻവേണ്ടി വഞ്ചി തുഴയാൻ പഠിച്ചു. അഷ്ടമുടി കായലിലായിരുന്നു പരിശീലനം. ചെറുതുമുതൽ വലുതുവരെ പലതരം വഞ്ചി തുഴയാൻ പഠിച്ചാണ് ആ കഥാപാത്രമായത്.
സഹായകമായി ജോലി
സിനിമ എന്ന ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാരും ബന്ധുക്കളുമെല്ലാം എതിർത്തു. വീട്ടുകാരെ വിശ്വസിപ്പിക്കാനായില്ല. പഠിത്തം, ജോലി, കല്യാണം, കുടുംബം, കുട്ടികൾ എന്ന രീതിയിലാണ്. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കിട്ടുന്നതുവരെ ചെറിയൊരു ജോലിക്ക് പോയി. എന്റെ കാര്യങ്ങൾ അങ്ങനെയാണ് നടന്നത്. ചെറുതാണെങ്കിലും ജോലിയുണ്ടായിരുന്നതിനാൽ മറ്റുള്ളവരുടെ മുന്നിൽ അധികം കൈനീട്ടേണ്ടി വന്നില്ല. ലീവ് എടുത്താണ് ഓഡിഷന് പോയിരുന്നത്. പിന്നെ നാടകം കളിച്ചിരുന്നു. നമ്മൾ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ മഴ പെയ്‌താൽ എവിടെയെങ്കിലും കയറി നിൽക്കില്ലേ, അതു പോലെയായിരുന്നു ജോലി.
വെള്ളം ചേർക്കരുത്
സിനിമയിൽ എങ്ങനെയാകണം എന്നതിനെക്കുറിച്ച് പ്ലാനുകളുണ്ടായിരുന്നു. ഓരോ വർഷം കഴിയുംതോറും ഗ്രാഫ് മുകളിലേക്ക് പോകണം. ആളുകൾ നമ്മളിൽ അർഹിക്കുന്ന വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നതാണ് ഏറ്റവും ശ്രദ്ധിച്ചത്. സ്വഭാവവേഷങ്ങളിൽ ഒരുപോലെയുള്ളവതന്നെയാകാതെ നോക്കിയിരുന്നു. ചെയ്യുന്ന കാര്യത്തിൽ വെള്ളം ചേർക്കാതെയും കള്ളത്തരം കാണിക്കാതെ പൂർണമായ ആത്മാർഥതയോടെയാണ് ചെയ്യുന്നത്.









0 comments