പുരസ്കാരത്തിളക്കത്തിൽ അഡ്രിയാൻ ബ്രോഡി; ആദ്യ ഓസ്കറിന്റെ നിറവിൽ മൈക്കി മാഡിസൺ

ലോസ് ആഞ്ചലസ് : ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ചലച്ചിത്ര രംഗത്തെ വലിയ പുരസ്കാരമായ ഓസ്കർ പ്രഖ്യാപിക്കുമ്പോൾ 22 വർഷങ്ങൾക്കു ശേഷം അഡ‍്രിയാൻ ബ്രോഡി വീണ്ടും വേദിയിലെത്തി. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി. 22 വർഷങ്ങൾക്കു മുമ്പ് ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കർ നേടി ചരിത്രം സൃഷ്ടിച്ച നടനാണ് അഡ്രിയാൻ ബ്രോഡി. റൊമാൻ പോളൻസ്കിയുടെ വാർ ഡ്രാമയായ ചിത്രത്തിലെ വ്ലാഡിസ്ലാവ് ഷ്പിൽമാനെ അനശ്വരമാക്കിയതിനാണ് അഡ്രിയാൻ 2003ൽ ഓസ്കർ നേടിയത്. തന്റെ 29ാം വയസിലായിരുന്നു ചലച്ചിത്രരംഗത്തെ ഉന്നതപുരസ്കാരങ്ങളിലൊന്ന് അഡ്രിയാൻ നേടിയത്.
മികച്ച നടനുള്ള അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അഡ്രിയാനായിരുന്നു. ബ്രാഡി കോർബറ്റ് സംവിധാനം ചെയ്ത ദ ബ്രൂട്ടലിസ്റ്റിലൂടെയാണ് അഡ്രിയാൻ രണ്ടാം ഓസ്കർ നേടിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചിത്രത്തിലെ അഭിനയമികവിന് അഡ്രിയാന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബും ലഭിച്ചിരുന്നു. ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അക്കാദമി അവാർഡുൾപ്പെടെ ആകെ 9 പുരസ്കാരങ്ങളാണ് അഡ്രിയാന് ലഭിച്ചത്. 2024ൽ ന്യൂയോർക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്, കാപ്രി ഹോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം, 2025ൽ AARP മൂവീസ് ഫോര ഗ്രോൺഅപ്സ് അവാർഡ്സ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ്സ്, ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്, പാം സ്പ്രിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, സാന്റ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ നേടിയ അഡ്രിയാൻ ഒടുവിൽ ഓസ്കറും സ്വന്തമാക്കി.

പിയാനിസ്റ്റിനു മുമ്പും ശേഷവും എന്ന് അഡ്രിയാന്റെ കരിയറിനെ വിലയിരുത്താറുണ്ട്. ഇതുവരെ ഏകദേശം 60ഓളം ചിത്രങ്ങളിലും 1ഓളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. ദ ന്യൂ യോർക്ക് സ്റ്റോറീസ്, കിങ് ഓഫ് ദ ഹിൽ, ബുള്ളറ്റ്, സോളോ, ഓക്സിജൻ, ബ്രഡ് ആൻഡ് റോസസ്, ദ വില്ലേജ്, ദ സിങ്ങിങ് ഡിറ്റക്ടീവ്, കിങ് കോങ്, സ്പ്ലൈസ്, പ്രെഡേറ്റേഴ്സ്, റെക്ക്ഡ്, മിഡ്നൈറ്റ് ഇൻ പാരിസ്, ഡ്രാഗൺ ബ്ലേഡ്, ദ ഫ്രഞ്ച് ഡിസ്പാച്ച്, ബ്ലോണ്ട്, ഗോസ്റ്റഡ്, ഫൂൾസ് പാരഡൈസ് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. ശ്രദ്ധേയമായ സീരീസ് പീക്കി ബ്ലൈൻഡേഴ്സിലും വേഷമിട്ടിട്ടുണ്ട്.
മിക്കേല മാഡിസൺ റോസ്ബർഗ് എന്ന മൈക്കി മാഡിസണ് ഇത് ആദ്യത്തെ പുരസ്കാര നേട്ടമാണ്. ആദ്യമായി ഓസ്കർ നോമിനേഷനിലെത്തിയപ്പോൾ തന്നെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ ഇരുപത്തിയഞ്ചുകാരി. ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് കോമഡി ഡ്രാമ അനോറയിലൂടെയാണ് മൈക്കി അക്കാദമി അവാർഡ് നേടിയത്. ലൈംഗിക വൃത്തി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ അനോറയും ഇത്തവണത്തെ അക്കാദമി അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരവും അനോറയിലൂടെ മൈക്കി നേടി.
ഷോർട് ഫിലിമുകളിലൂടെ അഭിനയരംഗത്തെത്തിയ മൈക്കി ബെറ്റർ തിങ്സ് എന്ന എഫ്എക്സ് കോമഡി സീരീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ക്വന്റിൻ ടറാന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, സ്ക്രീം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. അനോറയാണ് മൈക്കിയെ ആഗോള പ്രശസ്തിയിലേക്കുയർത്തിയത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബോസ്റ്റൺ സൈസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്, ലോവ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, സാൻ ഡിയോഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്, സിയാറ്റിൽ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്, ടൊറന്റോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ് എന്നിവ ലഭിച്ചു.









0 comments