ഓസ്‌കറിൽ തിളങ്ങി ‘അനോറ’; മികച്ച ചിത്രത്തിനുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ

അനോറ ടീം ഓസ്കർ വേദിയിൽ
ലോസ് ഏഞ്ചൽസ്: 97-ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടിയ ‘അനോറ’യാണ് ഈ വർഷത്തെ അവാർഡ് നിശയിൽ തിളങ്ങിയത്. ഷോൺ ബേക്കർ സംവിധാനം ചെയ്ത സിനിമയ്‌ക്ക് മികച്ച സംവിധായകൻ, നടി, എഡിറ്റിങ്, തിരക്കഥ (ഒറിജിനൽ) പുരസ്‌കാരങ്ങളും ലഭിച്ചു. ഷോൺ ബേക്കർ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും എഡിറ്റിങ്ങും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്. ‘ദ ബ്രൂട്ടലിസ്റ്റ്’ ലെ അഭിനയത്തിന് അഡ്രിയാൻ ബ്രോഡിയെ മികച്ച നടനായും തെരഞ്ഞെടുത്തു.
ഈ ഓസ്‌കറിൽ ദ ബ്രൂട്ടലിസ്റ്റ് മൂന്ന് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഒറിജിനൽ സ്‌കോർ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലാണ് ബ്രൂട്ടലിസ്റ്റ് മറ്റ് അവാർഡുകൾ നേടിയത്. ഡാനിയൽ ബ്ലംബർഗിനാണ് ഒറിജിനൽ സ്‌കോറിനുള്ള പുരസ്‌കാരം. ലോൾ ക്രോളിയാണ് മികച്ച ഛായാഗ്രാഹകൻ.
ബ്രസീലിൽ നിന്നുള്ള ‘അയാം സ്റ്റിൽ ഹിയർ’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഇത്തവണത്തെ ഐഎഫ്‌എഫ്‌കെയിലെ ഉദ്‌ഘാടന ചിത്രമായിരുന്നു ‘അയാം സ്റ്റിൽ ഹിയർ’. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുജയ്‌ക്ക് പുരസ്‌കാരങ്ങളില്ല.
മികച്ച സഹനടനെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇത്തവണത്തെ അവാർഡ് നിശയ്ക്ക് തുടക്കമായത്. ‘എ റിയൽ പെയിൻ’ലെ അഭിനയത്തിന് കീറൻ കൾക്കിനാണ് പുരസ്‌കാരത്തിനർഹനായത്. എമിലിയ പെരസിലെ അഭിനയത്തിന് സോയി സൽദാനയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു.
മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്‌കാരവും എമിലിയ പെരസിനാണ് ലഭിച്ചത്. ‘എൽ മാൽ’ എന്ന ഗാനത്തിനാണ് അവാർഡ്. വിക്ക്‌ഡ്, ഡ്യൂൺ പാർട് ടു തുടങ്ങിയ ചിത്രങ്ങളും രണ്ട് വീതം പുരസ്‌കാരങ്ങളുമായി നിശയിൽ തിളങ്ങി. സൗണ്ട്, വിഎഫ്‌എക്‌സ് വിഭാഗങ്ങളിലാണ് ഡ്യൂണിന്റെ പുരസ്‌കാര നേട്ടം.
മികച്ച വസ്‌ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്‌കാരങ്ങളാണ് വിക്ക്‌ഡ് നേടിയത്. നതാൻ ക്രൗളി പ്രൊഡക്ഷൻ ഡിസൈനും ലീ സാൻഡൽസ് സെറ്റ് ഡയറക്ഷനും നിർവഹിച്ചിരുന്ന സിനിമയായിരുന്നു വിക്ക്‌ഡ്. പോൾ ടേസ്‌വെൽ ആണ് മികച്ച വസ്‌ത്രാലങ്കാരകൻ. ഈ അവാർഡ് നേടുന്ന ആദ്യ കറുത്ത വർഗക്കാരനാണ് പോൾ. ‘ഞാൻ എന്റെ കരിയറിന്റെ ഏറ്റവും ഉയരത്തിലാണിപ്പോൾ’ എന്നായിരുന്നു പുരസ്‌കാരനേട്ടത്തിന് ശേഷം പോളിന്റെ പ്രതികരണം.
ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ സംവിധാനം ചെയ്ത ‘നോ അതർ ലാൻഡ്’ ആണ് മികച്ച ഡോക്യുമെന്ററി ചിത്രം. മോളി ഒബ്രിയൻ സംവിധാനം ചെയ്ത ‘ദ ഓൺലി ഗേൾ ഇൻ ദ ഓർക്കസ്ട്ര’യാണ് മികച്ച ഷോർട് ഡോക്യുമെന്ററി.
‘കോൺക്ലേവ്’നാണ് മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം. പീറ്റർ സ്‌ട്രോഗനാണ് കോൺക്ലേവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ഫ്ലോ’യെ തെരഞ്ഞെടുത്തു. ‘ഇൻ ദ ഷാഡോ ഓഫ് സൈപ്രസ്’ ആണ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം. മികച്ച മേക്കപ്പിനും കേശാലങ്കരത്തിനുമുള്ള പുരസ്‌കാരം ‘ദ സബ്‌സ്റ്റൻസ്’ നേടി.
ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആയിരുന്നു പുരസ്കാര ചടങ്ങിലെ അവതാരകൻ. ആദ്യമായായിരുന്നു ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനായത്.
മികച്ച ചിത്രം: അനോറ
മൈക്കി മാഡിസൺ മികച്ച നടി
മികച്ച സംവിധായകൻ: ഷോൺ ബേക്കർ
ഛായാഗ്രഹണം: ദ ബ്രൂട്ടലിസ്റ്റ്
തിരക്കഥ(ഒറിജിനൽ): സീൻ ബേക്കർ (സിനിമ: അനോറ)









0 comments