'പാതിരാത്രി' ടീസർ പുറത്ത്

കൊച്ചി: നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വോഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ 'പാതിരാത്രി' കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.









0 comments