നാനി ചിത്രം ‘ദ പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിൽ നാനി ജോയിൻ ചെയ്തു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്.
2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
ജൂൺ 21ന് നാനി കഥാപാത്രത്തിൻ്റെ കുട്ടിക്കാല രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ട് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഒരാഴ്ചക്ക് ശേഷം നാനി ചിത്രത്തിൽ ജോയിൻ ചെയ്ത കാര്യം ഒരു മാസ് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് അണിയറ പ്രവർത്തർ പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.
ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്ലിമ്പ്സ് വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവർത്തകർ നൽകുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ പാരഡൈസ്' ഒരുങ്ങുന്നത്.
0 comments