ക്ലാസിക്ക് കൂട്ടുകെട്ട് വീണ്ടും? അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു, നിർമാണം മമ്മൂട്ടി കമ്പനിയെന്നും റിപ്പോർട്ട്

തിരുവനന്തപുരം: ക്ലാസിക്ക് കൂട്ടുകെട്ടായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അനന്തരം, വിധേയൻ, മതിലുകൾ എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ഇത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നതെന്നുമാണ് സൂചനകൾ. ദിലീപിനെയും കാവ്യാ മാധവനെയും പ്രധാന വേഷത്തിൽ എത്തിച്ച 2016ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ അവസാനത്തെ സിനിമ. വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലരെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
ജിതിൻ കെ ജോസ് ഒരുക്കുന്ന കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
കളം നിറഞ്ഞ് കളിക്കാൻ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമെത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ആവേശം ഒട്ടും ചോരാതെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വല്ലാത്തൊരുകഥ സ്റ്റൈൽ ആഖ്യാനത്തിലൂടെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും ട്രയിലറിലുണ്ട്. കേരളത്തിന് പുറത്തേക്കും കഥാപശ്ചാത്തലം നീളുന്ന സൂചനകളും ട്രെയിലറിലുണ്ട്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനായതിള്ളന്റെ സന്തോഷത്തിൽ കൂടിയാണ് ആരാധകർ. കത്തിക്കാത്ത സിഗരറ്റ് ചുണ്ടിൽ വച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ടീസറിലുള്ളത്. ഒറ്റ സീനിൽ തന്നെ വളരെ നിഗൂഡമായ ആ കഥാപാത്രത്തിന്റെ നിരവധി ലയറുകൾ പ്രകടമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയാണ് ഈ വർഷം അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം.









0 comments