97% ഫോമുകൾ വിതരണം ചെയ്തു, ബിഎൽഒമാർ പ്രധാനഘടകം; വിട്ടുവീഴ്ചയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

രത്തൻ ഖേൽക്കർ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപുന:പരിശോധന (എസ്ഐആർ)യ്ക്കുള്ള എന്യുമറേഷൻ ഫോം വിതരണം 97 ശതമാനം പൂർത്തിയാക്കിയെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. നവംബർ നാല് മുതൽ ഡിസംബർ നാല് വരെ നടത്തിയ ആദ്യഘട്ടം ഫോം വിതരണമാണ്. പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതാണ് അടുത്തഘട്ടം. ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) വീട്ടിൽ പോയോ ബൂത്ത് അടിസ്ഥാനത്തിൽ ക്യാംപ് നടത്തിയോ ഫോമുകൾ ശേഖരിക്കാം. മൊബൈൽ ആപ് വഴി ഫോമുകൾ അപ്‍ലോഡ് ചെയ്യുന്നതാണ് മൂന്നാമത്തെ ഘട്ടം. അഞ്ച് ലക്ഷത്തോളം ഫോമുകൾ നിലവിൽ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞുവെന്നും രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള ബിഎൽഒമാർക്കാണ് എസ്ഐആർ പ്രക്രിയയിൽ പ്രധാനചുമതല. ബിഎൽഒ ആയി ഒരാളെ നിയമിച്ചാൽ അവരുടെ പിന്നീടുള്ള മേൽനോട്ടവും നിയന്ത്രണവും തെരഞ്ഞെടുപ്പ് കമീഷനാകും. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത്. ഇതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാകില്ല. ബിഎൽഒമാർ നന്നായി പ്രവർത്തിച്ചതുകൊണ്ടാണ് എസ്ഐആർ നടത്തിപ്പിൽ ഇത്രയും മുന്നോട്ടുപോകാനായത്. ബിഎൽഒമാരെ നന്നായി സഹായിച്ചും, ഒരാൾക്കും പ്രയാസമുണ്ടാക്കാതെയുമാണ് കമീഷൻ പ്രവർത്തിക്കുന്നത്. ആർക്കെങ്കിലും പ്രയാസം നേരിട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന്റെ കുടുംബത്തെ തെരഞ്ഞെടുപ്പ് കമീഷൻ സഹായിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ചില സ്ഥലങ്ങളിൽ ബിഎൽഒമാരുടെ ജോലി തസടപ്പെടുത്താൻ ശ്രമിച്ചെന്ന വിവരംലഭിച്ചു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കും. സോഷ്യൽമീഡിയയിലുടെ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയാലും നടപടിയെടുക്കും. വീടുകളിൽ ബിഎൽഒമാർ എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിട്ടാൽ പൊലീസ് ആവശ്യമായ സഹായം നൽകാനും നിർദേശം നൽകി.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ നഗരമേഖലകളിലാണ് ഫോം വിതരണം പൂർത്തിയാക്കാനുള്ളത്. 55,000 ഓളം ഫോമുകളാണ് തിരികെ ശേഖരിക്കാനാകാത്തവയായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 29,000 ഓളം പേർ മരണപ്പെട്ടവരും, 4500 ഓളം പേരെ കണ്ടെത്താനാകാത്തതും, താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റിൽതന്നെ ഇരട്ടിപ്പ് വന്നവർ 2800 ഓളം പേരുമുണ്ട്. ഇവരെ വോട്ടർപട്ടികയിൽനിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരും. അംഗീകൃത രാഷ്ട്രീയപാർടികളുടെ ഏജൻറുമാർ ഈ കണക്ക് ബിഎൽഒമാരുമായി യോഗംചേർന്ന് ചർച്ചചെയ്യണം. ഒഴിവാക്കേണ്ടിവരുന്നവരുടെ അന്തിമ കണക്ക് മിനിട്സിൽ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന് അയക്കണം. സുതാര്യമായ വോട്ടർപട്ടിക നിർമിക്കുന്നതിൽ എല്ലാവരും സഹായിക്കണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.









0 comments