പമ്പയിലും നിലയ്ക്കലും ക്രമീകരണങ്ങൾ; ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം

ശബരിമല: ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ത. ഇന്നു രാവിലെ മുതൽ സന്നിധാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. നിലയ്ക്കലും പമ്പയിലുമാണ് പ്രധാനമായും കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. തീർഥാടകരെ നിലയ്ക്കൽ മുതൽ നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. അവരോട് തിരക്കൊഴിയുന്നതിന് അനുസരിച്ച് മാത്രം പമ്പയിലേക്ക് പോയാൽ മതിയെന്ന് നിർദേശം നൽകി.
സ്‌പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടാനാണ് നിർദേശം. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും ഒരുക്കിയിട്ടുണ്ട്. ഇന്ന പുലർച്ചയോടെ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം.
ചൊവാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല.
ഇന്നലെ തിരക്ക് കൂടിയതോടെ എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല. പമ്പ - നിലയ്ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി ബസുകൾ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ 3 മുതൽ 5 വരെ ബസുകൾ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്ക്കൽ എത്തിക്കാൻ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.








0 comments