"എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു !

ചെന്നൈ: രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷക ശ്രദ്ധ നേടിയ മെഗാ ഹിറ്റ് സിനിമയാണ് രവി മോഹനെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്‌ത " എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും എത്തുന്നു. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്. അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നദിയാ മൊയ്‌തു ശക്‌തമായ മഹാലക്ഷ്‌മി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.
ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ആക്‌ഷൻ, പ്രണയം, നർമ്മം, ദുരൂഹത, വൈകാരികത എന്നിവ ഉൾചേർത്ത് മോഹൻ രാജ അണിയിച്ചൊരുക്കിയ " എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി"ക്ക് അന്ന് ലോകമെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം. ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആൽബമാണെന്നതും ശ്രദ്ധേയമാണ്. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ ചിത്രത്തിനെ അതേ ആവേശത്തോടെ സ്വീകരിക്കാൻ കാത്തിരിക്കയാണ്.
ആലപ്പുഴ, പൊള്ളാച്ചി ചെന്നൈ, ഹൈദരാബാദ്, മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്,'വെണ്ണിറ ആടൈ ' മൂർത്തി, ടി പി മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ്. മാർച്ച് 14 -ന് വീണ്ടും പ്രദർശനത്തിനെത്തുന്ന " എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി " ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും. പി ആർ ഒ സി കെ അജയ് കുമാർ.









0 comments