ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ് മാരീസൻ: കമൽ ഹാസൻ

ചെന്നൈ: ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തുന്ന മാരീസൻ തനിക്ക് ഏറെ ഇഷ്ടമായെന്ന് കമൽഹാസൻ. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് വലിയ രീതിയിലുള്ള അഭിപ്രായമാണ് ലഭിക്കുന്നത്. കള്ളന്‍റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. അൽഷിമേഴ്‌സ് രോഗത്തോട് പൊരുതുന്ന കഥാപാത്രത്തെയാണ് വടിവേലു സിനിമയിൽ അവതരിപ്പിക്കുന്നത്.
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. 'മാരീസന്‍ കണ്ടു. ബൗദ്ധികതലത്തിനും ഗാംഭീര്യത്തിനുമിടയില്‍ അനായാസമായി താളം കണ്ടെത്തുന്ന സിനിമ. അതെന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ചിത്രത്തെ അഭിനന്ദിക്കാൻ ഞാൻ പ്രേരിതനായി... ഈ മനോഹര സൃഷ്ടി സമ്മാനിച്ച ടീമുമായി അവരെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. അതിലെ നര്‍മത്തിന് പിറകിലായി മനുഷ്യ വികാരങ്ങളിലേക്ക് നോക്കുന്ന സാമൂഹിക അവബോധമുള്ള ഭൂതക്കണ്ണാടിയിലൂടെ സമൂഹത്തിലെ ഇരുണ്ട നിഴലുകളിലേക്കുള്ള സൂക്ഷ്മായ നോട്ടം കാണാം. പ്രേക്ഷകനെന്ന നിലയിലും സിനിമചെയ്യുന്നയാളെന്ന നിലയിലും സ്വാഭാവികമായും ഞാന്‍ ആകൃഷ്ടനാകുന്ന മികച്ച സിനിമ,' കമൽ ഹാസൻ പറഞ്ഞു.
ജൂലൈ 25ന് തിയേറ്ററുകളിലെത്തുന്ന മാരീസനില്‍ വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും മത്സരിച്ചുള്ള അഭിനയം കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.









0 comments