റീ റിലീസ് വിപ്ലവം തീർത്ത് ഇന്റർസ്റ്റെല്ലാർ: ടിക്കറ്റുകൾ കിട്ടാനില്ല

രാജ്യത്ത് റീ റിലീസിൽ തരംഗം സൃഷ്ടിച്ച് ഹോളിവുഡ് ചിത്രം ഇന്റർസ്റ്റെല്ലാർ. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രം റീ റിലീസ് ചെയ്തപ്പോൾ ഇതുവരെയുള്ള റീ റിലീസ് ചരിത്രങ്ങൾ തിരുത്തിയാണ് മുന്നേറുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 16 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തിലും ചിത്രം തരംഗം തീർത്തതായാണ് റിപ്പോർട്ടുകൾ. ഐമാക്സിൽ ചിത്രം കാണാനാണ് ഏറെ തിരക്ക്.
കേരളത്തിലുള്ള രണ്ട് ഐമാക്സ് തിയറ്ററുകളിലും ടിക്കറ്റുകൾ കിട്ടാനില്ല. ഏഴ് ദിവസത്തേക്കാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രദർശനം നാളെ അവസാനിക്കാനിരിക്കെയും ടിക്കറ്റുകൾ കിട്ടാനില്ല. ഐമാക്സിന് പുറമെ 4ഡിഎക്സ്, 2ഡി പതിപ്പുകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഏറെക്കുറെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് 3 കോടിയോളമാണ് നേടിയത്.
2014 നവംബറിൽ റിലീസ് ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം അന്നും മികച്ച കളക്ഷൻ നേടിയിരുന്നു. മാത്യു മഗോണകെ, ആൻ ഹാത്‍വേ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസുകളിലൊന്നായാണ് അറിയപ്പെടുന്നത്. നാളെ പ്രദർശനം അവസാനിക്കുമെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം ഇന്റർസ്റ്റെല്ലാർ വീണ്ടും ഐമാക്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Related News

0 comments