റീ റിലീസിൽ തരംഗം സൃഷ്ടിച്ച് ഇന്റർസ്റ്റെല്ലാർ; മിക്ക ഷോകളും ഹൗസ്ഫുൾ

കൊച്ചി : റീ റിലീസിൽ തരംഗമായി ക്രിസ്റ്റഫർ നോളൻ ചിത്രം ഇന്റർസ്റ്റെല്ലാർ. മിക്കയിടത്തും നിറഞ്ഞ തിയറ്ററിലാണ് പ്രദർശനം തുടരുന്നത്. അടുത്ത ഏഴ് ദിവസത്തേക്ക് പ്രധാനപ്പെട്ട നഗരങ്ങളിലൊന്നും സിനിമയ്ക്ക് ടിക്കറ്റില്ലെന്നാണ് ആരാധകരുടെ പരാതി. മികച്ച കളക്ഷനാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്.
ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് നാല് കോടിയോളമാണ് നേടിയത്. ആദ്യ ദിനം 2.70 കോടിയും രണ്ടാം ദിനം 3.80 കോടിയുമാണ് നേടിയത്. തിരക്കേറിയതോടെ പല തിയറ്ററുകളിലും അധിക ഷോകൾ നടത്തുന്നുണ്ട്.
ഐമാക്സിലും ഡോൾബിയിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. 2014 നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ പത്താം വാർഷികത്തിനാണ് വീണ്ടും പ്രദർശനത്തിനെത്തിയത്. ഡിസംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസുകളിലൊന്നായ സയൻസ് ഫിക്ഷൻ ചിത്രത്തിൽ മാത്യു മകോണഗൽ, ആൻ ഹാത്‍വേ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വെറും ഏഴ് ദിവസം മാത്രമേ ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനുണ്ടാവൂ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.









0 comments