ഈ അസാധാരണ മനുഷ്യനൊപ്പം ഫോട്ടോയിൽ നിൽക്കാൻ കഴിഞ്ഞല്ലോ; ചിത്രം പങ്കുവച്ച് വിജയ് സേതുപതി

തുടരും സിനിമ തിയറ്ററിൽ കണ്ട എല്ലാവരെയും ഞെട്ടിച്ച കാമിയോ സർപ്രൈസ് ആയിരുന്നു വിജയ് സേതുപതിയുടേത്. ആദ്യം മുതൽ ബെൻസ് എന്ന ഷൺമുഖന്റെ ഭൂതകാല പരാമർശത്തിൽ ഒഴിച്ചുകൂടാനാവത്ത ഫോട്ടോ ഗ്രാഫുകളിലാണ് വിജയ് സേതുപതിയുള്ളത്. പ്രത്യക്ഷത്തിൽ അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ ആദ്യാവസാനം വരെയുള്ള കഥാമൂഹൂർത്തങ്ങളുടെ കണ്ണി സേതുപതിയുടെ അൻപ് എന്ന ക്യാരക്ടറായിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ബെൻസ് എന്ന കഥാപാത്രം തന്റെ ഭൂതകാലത്തെ ഓർത്ത് പലപ്പോഴും വീകാരനിർഭരനാകുന്നുണ്ട്. അപ്പോഴെല്ലാം മാസ്റ്ററിന്റെയും അൻപിന്റെയും ഫോട്ടോകൾ ആ സ്ക്രീനിലുണ്ടാകും.
തിയറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുകയാണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്മരിക പ്രകടനത്തിനൊപ്പം സംഗീതവും ഏറെ ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ കൊണ്ടാട്ടം എന്ന ഗാനവും വൈറലായിരുന്നു. ചിത്രത്തിലെ കഥ തുടരും എന്ന ഗാനത്തിലെ വരികൾക്കൊപ്പം വിജയ് സേതുപതിയുമൊത്തുള്ള ചിത്രം മോഹൻലാൽ പങ്കുവച്ചിരുന്നു.
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരി പകരും
തലോടും താനേ കഥ തുടരും...
എന്ന വരികൾക്കൊപ്പമാണ് വിജയ് സേതുപതിക്കും ഭാരതി രാജയ്ക്കുമൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവച്ചത്. സിനിമയുടെ ടൈറ്റിൽ സോങ്ങിൽ മോഹൻലാലിന്റെ പഴയ ചിത്രങ്ങളും വിജയ് സേതുപതിയോടൊത്തുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിലെ ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ചിത്രം ഏറെ വൈറലായി. ഈ അസാധാരണ മനുഷ്യനോടൊപ്പം ചിത്രത്തിലെങ്കിലും നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന കുറിപ്പോടെയാണ് വിജയ് സേതുപതി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുടരും മോഹൻലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണ്. മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിട്ടത്. ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമിച്ചത്. ഹരിനാരായണന്റെ വരികൾക്ക് ജേക്‌സ് ബിജോയ്‍യാണ് സംഗീതം പകർന്നത്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിലെത്തിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്.









0 comments