പ്രേഷക ഹൃദയത്തിൽ ഹിറ്റ് അടിച്ച വിനീത്; മലർവാടിയിൽ വിരിഞ്ഞ പതിനഞ്ച് വർഷങ്ങൾ

MALARVADI
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Jul 16, 2025, 04:26 PM | 2 min read

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ മലയാള സിനിമാ സംവിധാന രം​ഗത്തേക്ക് കടന്നുവരുന്നതിനെപ്പറ്റി നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കു? അതുവരെ ​ഗായകനും നടനുമായി മാത്രം അറിയപ്പെട്ടിരുന്ന ഒരാൾ, അതിനുമപ്പുറം മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടന്റെ (അസാമാന്യ ചലച്ചിത്രകാരന്റെ) മകൻ കൂടിയായ ഒരാൾ സംവിധായകനായി അരങ്ങേറുമ്പോൾ അയാൾക്ക് മുകളിൽ ചുമത്തപ്പെടുന്ന പ്രതീക്ഷകളുടെ ഭാരം എത്രത്തോളമാകും? അതിനെ എല്ലാം അതിജീവിച്ച് ഒരു കൊച്ചു വലിയ പടമെടുത്താണ് അയാൾ മറുപടി പറഞ്ഞത്. അയാളുടെ പേര് വിനീത് എന്നായിരുന്നു. മുഴുവാനായി പറഞ്ഞാൽ വിനീത് ശ്രീനിവാസൻ.


2010 ജൂലൈ 16ന് കേരളത്തിലുടനീളമുള്ള തിയറ്ററുകളിൽ ആ പേര് തെളിഞ്ഞു, രചന, ​ഗാനരചന, സംവിധാനം വിനീത് ശ്രീനിവാസൻ. ചിത്രം മലർവാടി ആർട്സ് ക്ലബ്. സൗഹൃദത്തിന്റ രാഷ്ട്രീയം വ്യക്തമായിരുന്നു ചിത്രത്തിൽ. വിനീത്, നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയവരുടേയും നിരവധി അണിയറപ്രവർത്തകരുടേയും തലവര മാറ്റിയ സിനിമകൂടിയായിരുന്നു മലർവാടി.


നിറയെ പുതുമുഖങ്ങളുള്ള ഒരു ചിത്രം ഒരുക്കുക എന്നത് 2010 കാലഘട്ടത്തിൽ അത്ര പരിചിതമായിരുന്നില്ല. ഓഡിഷൻ വഴി തിരഞ്ഞെടുത്ത ഏഴ് പുതുമുഖങ്ങളാണ് വിനീത് ശ്രീനിവാസൻ എന്ന നവാ​ഗത സംവിധായകന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നത്. അവർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന പല കഥാപാത്രങ്ങളും അവതരിപ്പിച്ചു. നടൻ ദിലീപിന്റെ ​ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് മലർവാടി ആർട്സ് ക്ലബ് പുറത്തിറങ്ങിയത്. 20-20ക്ക് ശേഷം ദിലീപ് നിർമിച്ച ചിത്രമായിരുന്നു മലർവാടി.


ഉത്തര മലബാറിലെ മനശേരി എന്ന ​ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. നിവിൻ പോളിയുടെ അരങ്ങേറ്റ ചിത്രമായ മലർവാടിയിൽ അജു വർ​ഗീസ്, ഭ​ഗത് മാനുവൽ, ഹരികൃഷ്ണൻ, ​ശ്രാവൺ തുടങ്ങിയവരാണ് സുഹൃത്തുക്കളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലർവാടി ആർട്സ് ക്ലബിലെ കൂട്ടുകാരെ പ്രേഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സൗഹൃദത്തെക്കുറിച്ചാണ് സിനിമ, അതുകൊണ്ടുതന്നെ സൗഹൃദത്തെയും സുഹൃത്തുക്കളെയും ഇഷ്ടപ്പെടുന്ന എല്ലാവരും സിനിമ സ്വീകരിക്കുമെന്ന സംവിധായകന്റെ വിശ്വാസം പ്രേഷകരും തകർത്തില്ല.


ചിത്രത്തിലെ പ്രകാശനും, കുട്ടുവും സന്തോഷുമൊക്കെ പലപ്പോഴും മലയാളിക്ക് അടുത്തു പരിചയമുള്ള പല സുഹൃത്തുകളുടേയും ഓർമപുതുക്കലായിരുന്നു. പാട്ടിനൊപ്പം കഥ പറയുക എന്ന രീതിയാണ് ചിത്രത്തിന്. സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ പലപ്പോഴും ചിത്രീരീകരിച്ചത് ഏറെക്കുറെ പാട്ടിലൂടെയോ അല്ലെങ്കിൽ പാട്ടിനൊപ്പമോ ആയിരുന്നു. ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമ പുതുമുഖങ്ങളിൽ തുടങ്ങണമെന്ന വിനീതിലെ സംവിധായകന്റെ ആ​ഗ്രഹമാണ് മലർവാടി ആർട്സ് ക്ലബ്. ആ മലർവാടിയിൽ വിരിഞ്ഞ നിരവധി ചലച്ചിത്ര പ്രവർത്തകർ ഇന്നും വാടാതെ മലയാള സിനിമയിൽ തുടരുകയാണ്.


മലർവാടിയിൽ തുടങ്ങിയ പ്രേഷക പ്രീതി വിനീത് ഇതുവരെ നഷ്ടപ്പെടുത്തിയിട്ടില്ല. പതിനഞ്ച് വർഷത്തിനിടയിൽ ആറ് ചിത്രങ്ങളാണ് വിനീതിന്റെ സംവിധാനത്തിൽ പുറത്തുവന്നത്. ആദ്യ ചിത്രം ട്രെൻഡ് സെറ്ററായിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം സെൻസേഷണൽ ഹിറ്റായിരുന്നു. തട്ടത്തിൻ മറയത്ത് അയാൾ ഒളിപ്പിച്ച പ്രണയത്തിന്റെ മധുരം പ്രേഷകർ ഇന്നും മനസിൽ സൂക്ഷിക്കുന്നു. വിനീത് പടങ്ങളിൽ വ്യത്യസ്ത ജോണറിലുള്ള തിര ധ്യാന ശ്രീനിവാസന്റെ ആദ്യ ചിത്രമായിരുന്നു.


2016ൽ ജേക്കബിന്റെ സ്വർ​ഗ രാജ്യത്തിലൂടെ കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകനെന്ന നിലയിലേക്ക് ഉയര്‍ന്നു. പ്രണയം തന്നെ കൈകാര്യം ചെയ്ത ഹൃദയം മേക്കിങ്ങിലും വിതരണത്തിലും പുതുമയോടെ ജനഹൃദയങ്ങൾ കീഴടക്കി. ദർശനാ.. എന്ന ​ഗാനം ആ കാലത്ത് ആവർത്തിച്ച് പാടാത്ത ഒരു മലയാളിയുമുണ്ടായിരുന്നില്ല. 'വർഷങ്ങൾക്കുശേഷം' ഓഡിയോ കാസറ്റുകൾ മലയാള സിനിമയിൽ അവതരിപ്പിച്ചതും വിനീത് ശ്രീനിവാസനായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമായി വർഷങ്ങൾക്ക് ശേഷം മാറി.


നൊസ്റ്റാൾജിയ, ചെന്നൈ, പാട്ട്, നന്മ, എന്നിങ്ങനെ ഒരു വിനീത് പടത്തിന് പ്രേഷകർ കണ്ടെത്തിയ പ്രത്യേകതകൾ പലതാണ്. പതിനഞ്ച് വർഷത്തിനിപ്പുറം പുതിയ പടത്തിന് ക്ലാപ്പ് അടിച്ച വാർത്തയറിഞ്ഞ പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്നു. പുതിയ സിനിമ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് വിനീത് അറിയിച്ചിരിക്കുന്നത്. പതിനഞ്ചാം വർഷത്തിലും സിനിമയിൽ പുതുമ വരുത്തുന്നതിനുള്ള പരീക്ഷണങ്ങളുമായി അയാൾ യാത്ര തുടരുകയാണ്. വീണ്ടും പ്രേഷകർ തീയറ്ററിലേക്കെത്തുമ്പോൾ സ്ക്രീനിൽ അതേ പേര് തെളിയും...വിനീത് ശ്രീനിവാസൻ.



deshabhimani section

Related News

View More
0 comments
Sort by

Home