ദീപിക പദുകോൺ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ

deepika padukone
വെബ് ഡെസ്ക്

Published on Jul 03, 2025, 06:03 PM | 2 min read

ബോളിവുഡ് താരം ദീപികാ പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം (Hollywood Walk of Fame) താര പദവി. ഹോളിവുഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വാക്ക് ഓഫ് ഫെയിം പാനലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നൂറുകണക്കിന് നാമനിര്‍ദ്ദേശങ്ങളിൽ നിന്നാണ് പാനൽ സെലക്ഷൻ.


മിലി സൈറസ്, തിമോത്തി ചലാമെറ്റ്, ഹോളിവുഡ് താരം എമിലി ബ്ലണ്ട്, ഫ്രഞ്ച് താരം കോട്ടിലാര്‍ഡ്, കനേഡിയന്‍ താരം റെയ്ച്ചല്‍ മക്ആദംസ്, ഇറ്റാലിയന്‍ താരം ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റംസായ് എന്നിവരാണ് ദീപികയ്‌ക്കൊപ്പം ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ബഹുമതി നേടിയവര്‍.


ഇന്ത്യയിൽ നിന്ന് ഈ ബഹുമതി നേടുന്ന ആദ്യത്തെ നടിയാണ് ദീപിക പദുകോൺ. 2023-ല്‍ ഓസ്‌കാര്‍ പുരസ്‌കാരവേദിയിലെ അവതാരക വേഷത്തിലും ദീപിക എത്തിയിരുന്നു. ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം പരിചയപ്പെടുത്തിയത് അവരായിരുന്നു.


 2017-ലാണ് ദീപിക ആദ്യമായി ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിന്‍ ഡീസലിനൊപ്പം എക്‌സ് എക്‌സ് എക്‌സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കെയ്ജ് എന്ന ചിത്രത്തിലായിരുന്നു ദീപികയുടെ അരങ്ങേറ്റം. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിലും വെറൈറ്റി ഇന്റര്‍നാഷണല്‍ വിമന്‍സ് ഇംപാക്ട് റിപ്പോര്‍ട്ടിലും താരം ഇടംനേടി.

deepika padukone

2022-ൽ ഖത്തറിൽ നടന്ന ലോക കപ്പ് ഫട്ബോൾ ഫൈനൽ മത്സരത്തിൽ ഫിഫ ട്രോഫി അനാച്ഛാദനം ചെയ്തുകൊണ്ട് അവർ വാർത്തകളിൽ ഇടം നേടി. ഇത് ഒരു ഇന്ത്യൻ സെലിബ്രിറ്റിക്ക് ആദ്യമായി ലഭിച്ച അവസരമായിരുന്നു.


ദീപിക പദുക്കോണിന്റെ അടുത്ത പ്രോജക്റ്റ് വരാനിരിക്കുന്ന ആറ്റ്‌ലി എന്ന ചിത്രമാണ്. അല്ലു അർജുന്റെ നായികയായി ദീപിക അഭിനയിക്കും. ഷാരൂഖ് ഖാനും സുഹാന ഖാനും അഭിനയിക്കുന്ന കിംഗിൽ ദീപിക അഭിനയിക്കുമെന്നും വാർത്തകളുണ്ട്.


 പ്രഭാസ് സന്ദീപ് റെഡ്ഡി വാങ്ക ചിത്രമായ സ്പിരിറ്റിയിൽ അഭിനയിക്കാൻ ദീപിക പദുക്കോൺ 20 കോടി പ്രതിഫലം ആവശ്യപ്പെട്ടത് അടുത്തിടെ ചർച്ചയായി. ആനിമൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമെത്തുന്ന സ്പിരിറ്റിയിൽ നിന്നും പിന്നീട് അവർ പിൻമാറിയതായും വാർത്തകൾ വന്നു.


പതിറ്റാണ്ടുകൾക്ക് ശേഷം ദീപിക


ഹോളിവുഡ് വാക് ഓഫ് ഫെയിം താരപദവി നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നടൻ സാബു ദസ്തഗീർ ആണ്. 1940 കളിൽ സാബു എന്ന പേരിൽ തിളങ്ങിയ താരമാണ്. 1960 ലാണ് നടന് ഈ ബഹുമതി ലഭിക്കുന്നത്.

sabu dasthakir


ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന വാക്ക് ഓഫ് ഫെയിമിൽ നിലവിൽ 2,700-ലധികം താരങ്ങളുണ്ട്. ഓരോ വർഷവും ഏകദേശം 300 അപേക്ഷകൾ ലഭിക്കുന്നു. ഏകദേശം മുപ്പത് സെലിബ്രിറ്റികളെ ഈ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുന്നു. ഹോളിവുഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വാക്ക് ഓഫ് ഫെയിം പാനലാണ് താരപദവി നിശ്ചയിക്കുന്നത്. മോഷൻ പിക്ചേഴ്സ്, ടെലിവിഷൻ, റേഡിയോ, റെക്കോർഡിംഗ്, ലൈവ് തിയേറ്റർ/പെർഫോമൻസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി താരങ്ങളെ പരിഗണിക്കുന്നു.


ഹോളിവുഡ് ബൊളിവാർഡിലെയും വൈൻ സ്ട്രീറ്റിലെയും 15 ബ്ലോക്കുകളിലായി ഈ ബഹുമതി നേടിയ താരങ്ങളുടെ 12,800-ലധികം ബ്രാസ്-ആൻഡ് ടെറാക്കോട്ട ശില്പങ്ങൾ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അഭിനേതാക്കൾ, സംഗീതജ്ഞർ, നിർമ്മാതാക്കൾ, സംവിധായകർ തുടങ്ങിയവരുടെ ശില്പങ്ങൾ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home