‘സ്വതന്ത്ര സിനിമ നീണാൾ വാഴട്ടെ’; ഷോൺ ബേക്കറിന്റെ ഷെൽഫിലേക്ക് നാല് പുരസ്‌കാരങ്ങൾ, ഓസ്‌കറിൽ പുതുചരിത്രം

ഷോൺ ബേക്കർ. PHOTO: X
ലോസ് ഏഞ്ചൽസ്: ‘സ്വതന്ത്ര കലാകാരൻമാരുടെ രക്തവും, വിയർപ്പും, കണ്ണീരുമൊഴുക്കി നിർമിച്ച സിനിമയാണ് ‘അനോറ’. സ്വതന്ത്ര സിനിമ നീണാൾ വാഴട്ടെ’– അക്കാദമി അവാർഡിൽ മികച്ച സിനിമയായി തെരഞ്ഞെടുത്ത അനോറയുടെ സംവിധായകൻ ഷോൺ ബേക്കർ പറഞ്ഞ വാക്കുകളാണിത്. ലൈംഗികത്തൊഴിലാളികളുടെ ജീവിതം ‘അനോറ’യിലൂടെ വെള്ളിത്തിരയിലെത്തിയപ്പോൾ ഷോണിന്റെ വാക്കുകൾ ഓസ്‌കർ അവാർഡ് വേദിയായ ഡോൾബി തിയേറ്ററിൽ മുഴങ്ങുകയായിരുന്നു.
മികച്ച ചിത്രത്തിനുൾപ്പെടെ അഞ്ച് അവാർഡുകളാണ് അനോറ നേടിയത്. ഈ അഞ്ച് അവാർഡുകളിൽ നാലും പോകുന്നത് സംവിധായകൻ ഷോൺ ബേക്കറിന്റെ ഷെൽഫിലേക്കാണ്. മികച്ച സിനിമ, സംവിധായകൻ, എഡിറ്റിങ്, തിരക്കഥ (ഒറിജിനൽ), നടി എന്നീ പുരസ്‌കാരങ്ങളാണ് അക്കാദമി അവാർഡിൽ അനോറ വാരിക്കൂട്ടിയത്. അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണെ മികച്ച നടിയായി തെരഞ്ഞെടുത്തപ്പോൾ മറ്റ് നാല് പുരസ്‌കാരങ്ങളും ഷോൺ ബേക്കർ സ്വന്തമാക്കി. ആകെ ആറ് നാമനിർദേശങ്ങളായിരുന്നു 2025 ഓസ്‌കറിൽ അനോറയ്‌ക്ക് ലഭിച്ചത്.
2024ൽ പുറത്തിറങ്ങിയ 139 മിനുട്ട് ദൈർഘ്യമുള്ള അനോറയുടെ എല്ലാമെല്ലാം ഷോൺ ബേക്കറാണ്. സിനിമയുടെ സംവിധായകനായ ഷോൺ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. അലക്സ് കൊക്കോ, സാമന്ത ക്വാൻ എന്നിവരോടൊപ്പം സിനിമയുടെ നിർമാണത്തിലും ഷോൺ പങ്കാളിയായിരിക്കുന്നു.
ആദ്യമായാണ് അക്കാദമി അവാർഡിൽ ഒരു സിനിമയ്‌ക്ക് തന്നെ ഒരാൾക്ക് നാല് പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. അനോറയിലൂടെ 97 വർഷം പഴക്കമുള്ള ഓസ്‌കറിന്റെ ഈ ചരിത്രം കൂടിയാണ് ഷോൺ തിരുത്തിയത്. 1954ലെ അവാർഡ് നിശയിൽ വാൾട്ടർ ഡിസ്‌നി നാല് പുരസ്‌കാരങ്ങൾ നേടിയിരുന്നെങ്കിലും ഇതെല്ലാം വ്യത്യസ്‌ത സിനിമകൾക്ക് വേണ്ടിയായിരുന്നു.
അനോറ
ലൈംഗികത്തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വർഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ പ്രമേയമാക്കുന്നു. റഷ്യൻ കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനർഹമായ അനോറ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.









0 comments