അല്ലു അർജുൻ, ദീപിക പദുക്കോൺ ചിത്രത്തിൽ വിജയ് സേതുപതിയും: റിപ്പോർട്ടുകൾ

ഹൈദരാബാദ്: അല്ലു അർജുൻ - അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. AA22xA6 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരിലുണ്ടാക്കിയിരിക്കുന്ന ഓളം ചെറുതല്ല. ദീപിക പദുക്കോൺ നായികയായെത്തുന്നതും സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതും.
അതിഥി വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഭാഗങ്ങൾ മുംബൈയിൽ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് സേതുപതി ആണോ ചിത്രത്തിൽ വില്ലനായെത്തുക എന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. പാരലൽ യൂണിവേഴ്സ് വിഭാഗത്തിലാണ് ചിത്രമൊരുങ്ങുന്നത്.
എന്നാൽ വിജയ് സേതുപതിയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഉടനെ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ എന്റർടെയ്‌നറായാണ് ചിത്രമെത്തുന്നത്.









0 comments