'മലയാള സിനിമയുടെ വലിയ ആരാധകൻ'; നല്ല വേഷം ലഭിച്ചാൽ അഭിനയിക്കും: വിക്രം

തിരുവനന്തപുരം: മലയാളത്തിൽ നല്ല പ്രോജക്ടുകൾ വന്നാൽ അഭിനയിക്കുമെന്ന് നടൻ വിക്രം. വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വീര ധീര ശൂരൻ' സിനിമയുടെ പ്രൊമോഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമ മികച്ച അനുഭവമായിരുന്നുവെന്നും വളരെയധികം സന്തോഷമുണ്ടെന്നും വിക്രം പറഞ്ഞു.
ആഴത്തിലുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സ്ത്രീ കഥാപാത്രത്തിന്റേതുൾപ്പെടെ ഓരോരുത്തരുടെയും ശക്തമായ കഥാപാത്രമാണെന്നും വിക്രം പറഞ്ഞു. മലയാള സിനിമയുടെ വലിയ ആരാധകനാണ് താനെന്നും അടുത്തിടെ റിലീസ് ചെയ്ത പൊന്മാൻ, രേഖാചിത്രം, മാർക്കോ എന്നിവ കണ്ടെന്നും വിക്രം പറഞ്ഞു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും മൾട്ടി ടാലന്റഡ് ആക്ടറാണെന്നും വിക്രത്തിന്റെ മറുപടി.
ആദ്യ സിനിമയാണെങ്കിലും തമിഴ്നാട്ടിൽ തനിക്ക് ലഭിച്ചത് വമ്പൻ സ്വീകാര്യതയായിരുന്നുവെന്ന് നടൻ സുരാജും പറഞ്ഞു. എസ് യു അരുൺ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം തിയറ്ററുകളിൽ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം 27നാണ് തിയറ്ററുകളിൽ എത്തുന്നത്.









0 comments