ബിര്‍സ മുണ്ടയുടെ ജീവിതം പറയാന്‍ പാ രഞ്ജിത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2018, 06:32 PM | 0 min read

 

കബാലി, കാല എന്നീ ചിത്രങ്ങളിലൂടെ സൂപ്പർസ്റ്റാർ രജനീകാന്തിനെ പുതിയകാല സിനിമയിലേക്ക് പറിച്ചുനട്ട ശ്രദ്ധേയനായ യുവ സംവിധായൻ  പാ രഞ്ജിത്ത് ബോളിവുഡിലേക്ക്. പതിവുപോലെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള രചനയാണ് ബോളിവുഡിലും അദ്ദേഹം പരീക്ഷിക്കുന്നത്. ബ്രട്ടീഷുകാർക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ ​ഗോത്രവർ​ഗനേതാവായ  സ്വാതന്ത്ര്യസമരസേനാനി ബിർസ മുണ്ടയുടെ ജീവിതകഥയാണ് വെള്ളിത്തിരയിലേക്ക് പകർത്തുന്നത്. ബോളിവുഡിന് പുറത്തേക്കും സിനിമ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

ബിർസ മുണ്ടയുടെ ഉജ്വലപോരാട്ടത്തെ കുറിച്ച് മഹാശ്വേത ദേവി വർഷങ്ങൾക്ക് മുമ്പെഴുതിയ അരണ്യർ അധികാർ എന്ന പുസ്തകമാണ് സിനിമയാകുന്നത്. ഏഴു വർഷം മുമ്പ് പുസ്തകം വായിച്ചപ്പോൾ തന്നെ എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തിന്റെ കഥ താൻ പറയുമെന്ന് മനസിൽ കരുതിയിരുന്നതായി പാ രഞ്ജിത്ത് പറഞ്ഞു.

ഗോത്രമേഖലയുടെ നവീകരണത്തിനായി നടത്തിയ ശ്രമങ്ങളേയും ബ്രട്ടീഷുകാർക്കെതിരായ പോരാട്ടവും മാനിച്ച് ബിർസ മുണ്ടയുടെ ചിത്രം ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ അപൂർവ്വ ബഹുമതിക്ക് ഉടമയായ ഏക ​ഗോത്രവർ​ഗ നേതാവാണ് അദ്ദേഹം. 24 വയസിനുള്ളിൽ അദ്ദേഹം നേടിയ അപൂർവ്വ നേട്ടങ്ങൾ വരും തലമുറക്ക് ആവേശകരമായ അനുഭവമായിരിക്കുമെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
ബർസാ മുണ്ടയുടെ ജന്മവാർഷിക ദിനമായ വ്യാഴാഴ്ചയാണ് സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായത്.വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജിദിയെ വച്ച് ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രം നിർമിച്ച  കിഷോർ അറോറയാണ് സിനിമ നിർമിക്കുന്നത്. 

ആട്ടക്കത്തി(2012) എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എഴുത്തുകാരനും സംവിധായകനും എന്ന നിലയിൽ വരവറിയിച്ച പാ രഞ്ജിത്തിന്റെ രണ്ടും ചിത്രം മദിരാശി (2014)ശക്തമായ രാഷ്ട്രീയ സിനിമയായിരുന്നു. ജാതിവ്യവസ്ഥയെ ശക്തമായി ചോദ്യം ചെയ്യുന്ന പരിയേറും പെരുമാൾ അടക്കമുള്ള സംരംഭങ്ങളുടെ നിർമാതാവ് കൂടിയാണ് പാ രഞ്ജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home