'ഒരു കുപ്രസിദ്ധ പയ്യന്‍' വര്‍ത്തമാനകാലത്തിന്റെ കണ്ണാടി

ഒറ്റവരിയില്‍ പറഞ്ഞു നിര്‍ത്താവുന്ന കഥയാണ് മധുപാല്‍ സംവിധാനം ചെയ്ത' ഒരു കുപ്രസിദ്ധ പയ്യന്‍' സിനിമയുടേത്. എന്നാല്‍ അത്ര വേഗത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന വിഷയമല്ല സിനിമ ചര്‍ച്ച ചെയ്യുന്നത്. ഭയം മനുഷ്യനെ ഭരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട് ഈ സിനിമയ്ക്ക്. ടൊവിനോയുടെ അജയന്‍ എന്ന കഥാപാത്രം നമ്മുടെയെല്ലാം ഉള്ളിലെ അരക്ഷിതാവസ്ഥയുടെ പ്രതീകമാണ്. സമൂഹത്തില്‍ അരികു വല്‍ക്കരിക്കപ്പെടുന്ന ഒരുപാട് മനുഷ്യരുടെ പ്രതിനിധി കൂടിയാണ് അയാള്‍. കുടുംബത്തിന്റേയോ സൗഹൃദത്തിന്റേയോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാമൂഹിക പിന്‍ബലമോ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ശക്തമായി ആവിഷ്‌കരിക്കാന്‍ സംവിധായകനു കഴിഞ്ഞു. ഒരാളെ തെറ്റുകാരനാക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുടെ മാധ്യമങ്ങളുടെ ഇടപെടലും ഇത്തരം ധാരണകളെ ഊട്ടിയുറപ്പിക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത്. തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് കുറ്റം ചുമത്തപ്പെട്ട ഇരയുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ സമകാലിക കേരളത്തിന് പറയാനുണ്ട്. ഒരു പക്ഷേ, ലോകം മുഴുവന്‍ ഈ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതായി കാണാം. തൊട്ടടുത്തിരിക്കുന്നവനെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിഗൂഢതയില്‍ പൊതിഞ്ഞ ജീവിതങ്ങളായി വ്യക്തികള്‍ മാറുന്നു. ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാതായികൊണ്ടിരിക്കുന്നു. ഇങ്ങനെയുളള ഒരു കാലത്തിന്റെ ഓരം ചേര്‍ന്നിരുന്നാണ് മധുപാല്‍ അജയന്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. തല താഴ്ത്താനുള്ളതല്ലെന്നും അത് എല്ലാ അധികാര വര്‍ഗത്തിനും നേരെ ഉയര്‍ത്തിവെക്കാന്‍ ഉള്ളതാണെന്നും സിനിമ ഓര്‍മിപ്പിക്കുന്നു.

ജീവന്‍ ജോബ് തോമസിന്റെ കാമ്പുള്ള തിരക്കഥയാണ് സിനിമയുടെ കരുത്തിന് പിന്നില്‍. ഭയവും പകയും മാത്രമല്ല
പ്രണയവും ഒടുവില്‍ തെളിനീരു പോലെ അനുഭവപ്പെടുന്ന തിരിച്ചറിവും സിനിമ പ്രസരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ച് ജീവന്‍ ജോബ് തോമസ് നടത്തിയ യാത്ര വെറുതെയായില്ല. കേരളത്തിന്റെ വര്‍ത്തമാന കാല അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള നിരവധി അജയന്‍മാരേയും ജീവിതാവസ്ഥകളേയും നമുക്ക് കാണാന്‍ കഴിയും. അതി സൂക്ഷ്മമായ രചനാപാടവം തിരക്കഥയില്‍ കാണാം.
ടൊവിനോ തോമസ് എന്ന നടന്റെ പ്രതിഭയെ പൂര്‍ണമായും പുറത്തെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അജയനെ ടൊവിനോ ആവിഷ്‌കരിക്കുകയായിരുന്നില്ല, ആവാഹിക്കുകയായിരുന്നു. ടൊവിനോ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും മുകളിലാണ് അജയന്റെ സ്ഥാനം. അയാള്‍ തല താഴ്ത്തി നില്‍ക്കുന്ന ഒരു രംഗം മതി അജയന്‍ എന്ന കഥാപാത്രത്തിനെ പൂര്‍ണമായും വരച്ചിടാന്‍. നോട്ടത്തിലും ചിരിയിലുമെല്ലാം അജയനെ നമുക്ക് കാണാം. കണ്‍പുരികങ്ങള്‍ വരെ അഭിനയിക്കുന്ന മാജിക്ക് ടൊവിനോ അജയനിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്. നിമിഷാ സജയന്‍ എന്ന നടി മലയാളത്തിലെ പകരം വെക്കാനില്ലാത്ത നടിയാകുമെന്നതിനുള്ള അടയാളങ്ങള്‍ ഹന്ന എലിസബത്തിലൂടെ ലഭിക്കുന്നുണ്ട്. കോടതിയിലെ വാദപ്രതിവാദങ്ങളില്‍ നിമിഷ കാണിക്കുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. നെടുമുടി വേണു എന്ന പ്രതിഭയോട് മത്സരിച്ച അഭിനയിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഇതില്‍ കാണാം.
തല താഴ്ത്താനുള്ളതല്ലെന്നും അത് എല്ലാ അധികാര വര്‍ഗത്തിനും നേരെ ഉയര്‍ത്തിവെക്കാന്‍ ഉള്ളതാണെന്നും സിനിമ ഓര്‍മിപ്പിക്കുന്നു.
ജലജ എന്ന ശക്തയായ കഥാപാത്രത്തെയാണ് അനുസിത്താര അവതരിപ്പിക്കുന്നത്. നമ്മുടെ റോഡരികുകളിലും ഹോട്ടലുകളുടെ പിന്നാമ്പുറങ്ങയ്ക്കിലുമൊക്കെ ജലജയെ നമ്മള്‍ കാണാറുണ്ട്. കഠിനജോലി ചെയ്യുന്നവള്‍, ശക്തമായ മനസ് സൂക്ഷിക്കുന്നവള്‍. ജലജയെ പോലുള്ളവര്‍ക്ക് മറ്റു മനുഷ്യരെ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ജലജയെ അനു അവിസ്മരണീയമാക്കിയിട്ടുണ്ട്. അജയനും ജലജയും തമ്മിലുള്ള പ്രണയം പ്രേക്ഷകര്‍ക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങള്‍ക്കു പോലും സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. അഭിനേതാക്കളെ ടൂളായി പരമാവധി പ്രയോജനപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തലപ്പാവിലും ഒഴിമുറിയിലും മധുപാല്‍ കാണിച്ച ഈ മിടുക്ക് കുപ്രസിദ്ധ പയ്യനിലും തുടരാന്‍ കഴിഞ്ഞിട്ടുണ്ട്. നെടുമുടി വേണു, അലന്‍സിയര്‍, സുജിത് ശങ്കര്‍, സിദ്ദിഖ്, സുധീര്‍ കരമന... എന്നിവരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നൗഷാദ് ഷെരീഫ് എന്ന ക്യാമറാമാനാണ് ഈ സിനിമ തരുന്ന വലിയൊരു സമ്മാനം. പലപ്പോഴും പ്രേക്ഷകനും സിനിമക്കുമിടയില്‍ ക്യാമറ ഉണ്ടോ എന്ന് സംശയം തോന്നും. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റര്‍. സാജന്റെ സംഭാവനയും ഏറെ വലുതാണ്.
ശ്രീകുമാരന്‍ തമ്പി- ഔസേപ്പച്ചന്‍ ടീമിന്റെ പാട്ടുകള്‍ കുറേ കാലം മലയാളികളുടെ ചുണ്ടിലുണ്ടാകും. ആക്ഷനും ത്രില്ലറും റൊമാന്‍സും എല്ലാം ഒരു സിനിമയില്‍ വരുന്നത് അപൂര്‍വമാണ്. ഒരു കുപ്രസിദ്ധ പയ്യനില്‍ ഇതെല്ലാം ആവോളമുണ്ട്. തീര്‍ച്ചയായും കുടുംബസമേതം കാണേണ്ട സിനിമ തന്നെയാണിത്. ഒരു കാര്യം ഉറപ്പാണ് മധുപാലിന്റെ തലപ്പാവിനും ഒഴിമുറിക്കും മുകളിലാണ് ഒരു കുപ്രസിദ്ധ പയ്യന്റെ സ്ഥാനം.









0 comments